കോലിക്കൊരു കപ്പ് വേണമെന്ന് കുഞ്ചാക്കോ ബോബൻ, സഞ്ജുവിനൊപ്പം ‘കട്ട സപ്പോർട്ടുമായി’ ബേസിൽ

Mail This Article
കൊച്ചി∙ ഐപിഎൽ ആവേശത്തിൽ അലിയാൻ കാത്തിരിക്കുന്നവരിൽ മലയാള സിനിമയിലെ യുവതാരങ്ങളുമുണ്ട്. വിരാട് കോലിക്കും ആർസിബിക്കും ഒരു ഐപിഎൽ ട്രോഫി ലഭിക്കണമെന്നാണ് ആഗ്രഹമെന്നു നടൻ കുഞ്ചാക്കോ ബോബൻ പറഞ്ഞു. അതേസമയം കൂട്ടുകാരൻ സഞ്ജു സാംസണാണു എപ്പോഴും പിന്തുണയെന്നു സംവിധായകനും നടനുമായ ബേസിൽ ജോസഫും വെളിപ്പെടുത്തി.
‘‘ഇതിഹാസങ്ങൾ എന്നു പറയേണ്ട ഒട്ടേറെ താരങ്ങളുടെ വിരമിക്കൽ വേദി കൂടിയായേക്കും ഇത്തവണത്തെ ഐപിഎൽ. നമ്മുടെ വിരാട് കോലിക്കും ആർസിബിക്കും ഒരു ഐപിഎൽ ട്രോഫി ലഭിക്കണമെന്നാണ് എന്റെ ആഗ്രഹം. പിന്നെ, തീർച്ചയായും മലയാളികളുടെ സ്വന്തം ടീമായ രാജസ്ഥാൻ റോയൽസ്. ഈ രണ്ടു ടീമുകൾക്കുമാണ് എന്റെ പിന്തുണ.’’– കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി.
ആവേശത്തോടെയാണു പുതിയ സീസണിനായി കാത്തിരിക്കുന്നതെന്നു ബേസില്‍ പ്രതികരിച്ചു. ‘‘മെഗാലേലം കഴിഞ്ഞെത്തുന്നതിനാൽ എല്ലാ ടീമുകളും ‘പുതിയ ടീം’ ആകും. പതിവുപോലെ, എന്റെ ഫുൾ സപ്പോർട്ട് ഇത്തവണയും സഞ്ജു സാംസണിനും രാജസ്ഥാൻ റോയൽസിനും തന്നെ. ആർസിബിയും ഒരു നല്ല പൊസിഷനിൽ എത്തണമെന്ന് ആഗ്രഹമുണ്ട്. ഞാനൊരു വിരാട് കോലി ഫാനാണ് എന്നതാണ് അതിനു കാരണം. കളി തുടങ്ങട്ടെ. ടീമുകളെല്ലാം ഒന്നു സെറ്റാകട്ടെ. അതോടെ ‘മാസ്’ ആകും ഇത്തവണ ഐപിഎൽ.’’– ബേസിൽ പറഞ്ഞു.
‘‘ഇന്ത്യൻ പ്രിമിയർ ലീഗിന്റെ പുതിയ സീസണിനായി കാത്തിരിക്കുകയാണ്. ക്രിക്കറ്റിൽ പുതിയ പ്രതിഭകൾ ഉയർന്നു വരുന്നൊരു വേദിയാണ് ഐപിഎൽ. അതുകൊണ്ട്, ഉറപ്പായും നല്ല നല്ല മത്സരങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ഇഷ്ടപ്പെട്ട ടീം അല്ലെങ്കിൽ ഇഷ്ടപ്പെട്ട ക്രിക്കറ്റർ അങ്ങനെയൊന്ന് എനിക്കില്ല. എന്നാൽ, എല്ലാം കൊണ്ടും മികവുറ്റ, കടുകട്ടി പോരാട്ടം നിറഞ്ഞ ക്രിക്കറ്റിന്റേതാകട്ടെ ഈ സീസൺ എന്നാണ് ആഗ്രഹം.’’– നടൻ ഉണ്ണി മുകുന്ദൻ പ്രതികരിച്ചു.