രണ്ടര മാസം; മുഹമ്മദ് റിഷാനെ പ്രതികൾ മർദിച്ചതു നാലു വട്ടം

Mail This Article
നാദാപുരം (കോഴിക്കോട്) ∙ പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂളിലെ ഏതാനും പ്ലസ് ടു വിദ്യാർഥികൾ ചേർന്ന് പ്ലസ് വൺ വിദ്യാർഥി തൂണേരിയിലെ വലിയ വിളക്കാട്ടുവള്ളി മുഹമ്മദ് റിഷാനെ (17) രണ്ടര മാസത്തിനിടയിൽ ക്രൂരമായി മർദിച്ചത് 4 തവണ. ആദ്യം സ്കൂളിലായിരുന്നു മർദനം. പിന്നീട് ആവോലത്തെ ഹോട്ടൽ പരിസരത്തും മർദിച്ചു. കഴിഞ്ഞ മാസം സ്കൂളിലെ കന്റീൻ തുറക്കാതിരുന്ന ദിവസം റിഷാനും സംഘവും വിഷ്ണുമംഗലം ഓത്തിയിൽ മുക്കിലെ റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് ഓടിച്ചിട്ടായിരുന്നു മർദനം. ഇതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യം അടക്കം അന്ന് പൊലീസ് ഹോട്ടലിൽ നിന്നു ശേഖരിച്ചിരുന്നു. ചെവിക്കു സാരമായി പരുക്കേറ്റെങ്കിലും പൊലീസിന്റെ ഭാഗത്തു നിന്നോ സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്നോ നടപടികളൊന്നുമുണ്ടായില്ല.
2 സംഭവങ്ങളിൽ നാദാപുരം പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. റാഗിങ്ങാണു നടന്നതെന്ന കാര്യത്തിൽ പൊലീസിന് ഉറപ്പുണ്ടെങ്കിലും റാഗിങ് നിരോധന നിയമം കൂടി ഉൾപ്പെടുത്തി കേസ് മാറ്റാൻ സ്കൂൾ അധികൃതരുടെ വിശദമായ അന്വേഷണ റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്ന് എസ്ഐ എം.പി.വിഷ്ണു അറിയിച്ചു. സ്കൂൾ അധികൃതർ അന്വേഷണം നടത്തിയെങ്കിലും പൊലീസിന് ഇതു വരെ റിപ്പോർട്ട് കൈമാറിയിട്ടില്ല. ഇതു പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. മർദനമേറ്റ സ്ഥലവും പരിസരവും ഇന്നലെ രക്ഷിതാക്കൾക്കൊപ്പം സ്കൂളിലെത്തിയ മുഹമ്മദ് റിഷാൻ പൊലീസിനു കാണിച്ചു കൊടുത്തു.