'അന്ന് എന്തൊക്കെ കുസൃതികൾ കാട്ടി..'; അച്ഛന്റെ കുട്ടിക്കാലത്തെ കഥകൾ മുത്തശ്ശിയിൽ നിന്നറിഞ്ഞ് തിത്തിമിക്കുട്ടി

Mail This Article
അധ്യായം: പത്തൊമ്പത്
തിത്തിമിക്കു മുത്തശ്ശി പല കഥകളും പറഞ്ഞുകൊടുക്കുമെങ്കിലും അവൾക്ക് ഏറ്റവും ഇഷ്ടം അവളുടെ അച്ഛന്റെ കുട്ടക്കാലത്തെ സംഭവങ്ങൾ മുത്തശ്ശി പറയുന്നതാണ്. തന്റെ ഇത്രയ്ക്ക് വലിയ അച്ഛൻ ഒരു കുട്ടിയായിരുന്ന കാര്യം ആലോചിക്കാനാണു തിത്തിമിക്ക് രസം. അച്ഛൻ കുട്ടിക്കാലത്ത് ആരെപ്പോലെയാണ് കണ്ടാൽ, അന്ന് അച്ഛൻ എന്തൊക്കെ കുസൃതികൾ കാട്ടി ഇതൊക്കെ മുത്തശ്ശിയോളം അറിയുന്ന വേറെയാരും ഇല്ലല്ലോ.
തെക്കേ വീട്ടിലെ ഷീബയെക്കുറിച്ച് ഒരു ദിവസം മുത്തശ്ശി പറഞ്ഞു, ‘‘നിന്റച്ഛനും ഒരു പ്രായമാ. മോൾടച്ഛൻ കൊച്ചുന്നാളിൽ എന്തുവാ അവളെ വിളിക്കുന്നത് എന്നറിയാമോ? മാല പൊട്ടിച്ച പെണ്ണ് എന്ന്’’
ഇത്രയും കേട്ടതും തിത്തിമിക്ക് രസം പിടിച്ചു. ‘‘അതെന്താ അങ്ങനെ വിളിക്കുന്നത്?’’ തിത്തിമി ചോദിച്ചു. മുത്തശ്ശി നിലത്ത് കാലൊക്കെ നീട്ടിവച്ച് കാല് തടവി കൈ രണ്ടും കൊട്ടി ബലേ ഭേഷ് എന്നു പറഞ്ഞു. ഒരു കഥ പറയാനുള്ള വട്ടംകൂട്ടി. തിത്തിമി മുത്തശ്ശിയോടു കുറച്ചുകൂടി ചേർന്നിരുന്നിട്ട് കാത് കൂർപ്പിച്ചു. മുത്തശ്ശി പറഞ്ഞു, ‘‘കൊച്ചുന്നാളില് നിന്റച്ഛൻ ആ മുറ്റത്തുനിന്ന് പൂ പറിക്കുമ്പോ ഷീബ വന്നു ചോദിച്ചു, ഈ പൂവൊക്കെ എന്തിനാണെന്ന്. അപ്പോ അവൻ പറഞ്ഞു, ഞങ്ങടെ കിണിച്ചന് മാല കെട്ടാനുള്ളതാണെന്ന്. അതീന്ന് ഒരെണ്ണം തരുമോ എന്നു ചോദിച്ചപ്പോൾ അവൻ കൊടുത്തില്ല. തര്ത്തില്ല, ഞങ്ങടെ കിണിച്ചന് മാല കെട്ടാനുള്ളതാ എന്നും പറഞ്ഞ് നിൽക്കുവാ അവൻ. കിണിച്ചൻ എന്നു പറയാനേ മോൾടച്ഛന് അന്ന് നാവു തിരിയൂ. കൃഷ്ണൻ എന്നു പറയാൻ അറിയത്തില്ല.’’
കഥ പകുതിയാവുന്നതിനുമുൻപേ തിത്തിമി ചിരിക്കുവാ. കാരണം തന്റെ അച്ഛന് കൃഷ്ണൻ എന്നു പറയാൻ അറിയത്തില്ലെന്ന്, കിണിച്ചൻ എന്നു പറയാനേ അറിയൂ.. ഇതൊക്കെ ഓർത്താണ് അവളുടെ ചിരി. മുത്തശ്ശി പറഞ്ഞു, ‘‘ഇതു കേൾക്ക് . എന്നിട്ട് അവൻ കൊണ്ടുവന്ന പൂവെടുത്ത് ഞാൻ വാഴവള്ളി കൊണ്ട് മാല കെട്ടി. അവൻ ആ മാല എടുത്തോണ്ടു പോയി ഷീബയെ വിളിച്ച് പറഞ്ഞു, ഞങ്ങടെ കിണിച്ചന് കെട്ടിയ മാല കണ്ടോ എന്ന്. ഞാനൊന്ന് നോക്കട്ടെ എന്നു പറഞ്ഞ് അവൾ മാലയിലൊന്നു പിടിച്ചതും അതങ്ങ് പൊട്ടിപ്പോയി. നിന്റച്ഛൻ അങ്ങോട്ട് കരയാനും തുടങ്ങി. അന്നു തൊട്ട് നിന്റച്ഛൻ ഷീബയെ മാല പൊട്ടിച്ച പെണ്ണെന്നാ വിളിക്കുന്നത്. അവൾ പാവം, അറിയാതെ ഒന്നു പിടിച്ചപ്പം മാല പൊട്ടിപ്പോയതാ.. വലുതായിട്ടും മാല പൊട്ടിച്ച പെണ്ണെന്ന് വിളിച്ചിട്ടും അവൾക്ക് അവനോടൊരു ദേഷ്യവുമില്ല. അവൾ അതു പറഞ്ഞാൽ ഇന്നും നിന്ന് ചിരിക്കുകേം ചെയ്യും.’’ മുത്തശ്ശി കഥ പറഞ്ഞു തീർന്നെന്നു വിചാരിച്ച് തിത്തിമി വലിയൊരു ചിരി പാസാക്കി.
മുത്തശ്ശി പറഞ്ഞു, ‘‘നില്ല് തീർന്നില്ല. ബാക്കീം കൂടിപ്പറയട്ടെ. പിന്നെ അഞ്ചാം ക്ലാസിൽ പഠിക്കുമ്പം നിന്റച്ഛനേം രാജഗോപാലന്റെ മോനേം കൂടി ഷീബേം കൂടി കോളറപ്പടിഞ്ഞാറ്റേല് ട്യൂഷന് വിട്ടു. കണക്കിന്. വൈകിട്ട് അഞ്ചു തൊട്ട് ആറു വരെയായിരുന്നു ട്യൂഷൻ. മൂന്നു പേരും കൂടി നടന്നാ പോവുന്നേ. രാജഗോപാലന്റെ മോൻ അന്ന് ഭയങ്കര കുരുത്തക്കേടാ. പോവുന്ന വഴി കോളറപ്പടിഞ്ഞാറ്റേല് കാവും കുളവുമൊക്കെയുണ്ട്. ഒരു ദിവസം ട്യൂഷൻ കഴിഞ്ഞ് വരുമ്പം നേരം ഇരുട്ടി. മഴ പെയ്യാൻ പോവുന്നപോലെ മാനം കറുത്തിരുണ്ടു. നിന്റച്ഛനും രാജഗോപാലന്റെ മോനും തിരിച്ചു വന്നിട്ടും ഷീബയെ കണ്ടില്ല. അവൾടച്ഛൻ രാജുക്കുട്ടൻ വീട്ടിലില്ല. അവൾടമ്മയും ആങ്ങളയും കൂടി ഷീബ എന്തിയേ എന്നു ചോദിച്ച് രാജഗോപാലന്റെ വീട്ടിൽ ചെന്നപ്പം അവന്റെ മോൻ അവിടില്ല. ട്യൂഷൻ കഴിഞ്ഞ് കടയിലെങ്ങാണ്ട് പോയി. അവൾടെ ആങ്ങളയ്ക്കാണെങ്കിൽ ആകെ കലി വന്നു.അവൻ ഇവിടുത്തെ മുറ്റത്ത് വന്ന് നിന്റച്ഛനോട് കാര്യം തിരക്കി. അപ്പോ മോൾടച്ഛൻ പറയ്വാ, അതെ, അവൻ പറഞ്ഞു, നേരം ഇരുട്ടി മഴ വരാൻ നേരം നമുക്കൊരു കാര്യം ചെയ്യാം.ആ കാവിന്റടുത്ത് എത്തുമ്പം ഷീബയെ അവിടെ ഒറ്റയ്ക്കാക്കിയിട്ട് നമുക്ക് വേഗം അങ്ങ് നടന്നുപോവാമെന്ന്.
.jpg)
നിന്റച്ഛന് ഷീബയെ വലിയ കാര്യമാണ്. പക്ഷേ രാജഗോപാലന്റെ മോന്റെ കുരുത്തക്കേടിന്റെ മുന്നിൽ അവൻ പൂച്ചയാ. പറഞ്ഞത് കേട്ടില്ലെങ്കിൽ അവന് ദേഷ്യം വന്നാലോ എന്നു കരുതി നിന്റച്ഛൻ തലയാട്ടി അവന്റെ കൂടെ ഇങ്ങ് ഓടിപ്പോന്നു. പക്ഷേ അവൻ അങ്ങനെ ചെയ്യരുതാരുന്ന്’’ മുത്തശ്ശി പറഞ്ഞി.
തിത്തിമിയും അതേറ്റു പറഞ്ഞു,‘‘ അയ്യോ, അച്ഛൻ അയാള് പറഞ്ഞത് കേൾക്കരുതായിരുന്നു. എന്നിട്ട് ഷീബച്ചേച്ചിക്ക് ഇങ്ങ് വീട്ടിൽ വന്നൂടായിരുനോ? പിന്നെന്തു പറ്റി?’’ തിത്തിമിക്ക് ആകാംക്ഷയായി. മുത്തശ്ശി പറഞ്ഞു, ‘‘ പിന്നെന്താകാനാ. അപ്പോഴേക്ക് നേരം വീണ്ടും ഇരുട്ടി. മഴയും വന്നു. അവൾടാങ്ങള തിരക്കിച്ചെന്നപ്പോഴുണ്ട് ഷീബ പാവം ആ കാവിന്റടുത്തു നിന്ന് മഴയും നനഞ്ഞ് ഒറ്റയ്ക്ക് നിന്നു കരയുന്നു.അവൾക്ക് ഒറ്റയ്ക്ക് വരാനുള്ള വഴിയറിഞ്ഞൂടാരുന്നു. ഷീബ അന്നും ഇന്നും പാവമാ. എന്നാലും അവൾടാങ്ങളയ്ക്ക് നിന്റച്ഛനോട് ദേഷ്യമായിപ്പോയി. പിന്നൊരു ദിവസം ഷീബ ഇവിടെ വന്നപ്പം പറയ്വാ, മോൾടച്ഛൻ പാവമാ. മറ്റേച്ചെറുക്കൻ ഒപ്പിച്ച കുരുത്തക്കേടിനെ എതിർക്കാൻ അവന് ശേഷിയില്ലാരുന്നു എന്ന്.
എന്നാലും അച്ഛന് ആരെങ്കിലും പറയുന്നതു കേട്ട് ആ ചേച്ചിയെ ഒറ്റയ്ക്കാക്കി വരാൻ കൊള്ളാമായിരുന്നോ അച്ഛന് എന്നു ചോദിക്കും ഞാൻ . ഓഫിസിൽ നിന്ന് അച്ഛൻ വരട്ടെ എന്നു പറഞ്ഞു തിത്തിമി. എന്നിട്ട് വൈകിട്ട് അച്ഛൻ വന്നപ്പോ തിത്തിമി എന്തോ വലിയ രഹസ്യം പുറത്താക്കുന്ന പോലെ പറഞ്ഞു, ‘‘മാല പൊട്ടിച്ച പെണ്ണിന്റെ കഥയൊക്കെ ഞങ്ങളറിഞ്ഞു’’ എന്ന്. മുത്തശ്ശിയും കൊച്ചുമോളും കൂടി ഇവിടെ ഇതായിരുന്നോ പണി? അച്ഛൻ ചോദിച്ചു.
(തുടരും)