ADVERTISEMENT

അധ്യായം: പതിനെട്ട്

മുത്തശ്ശി എന്തോ ആലോചിച്ച് എന്തോ ആലോചിച്ചിരിക്കുകയായിരുന്നു ഒരു ദിവസം. ഇതു കണ്ട് പിന്നിലൂടെ ചെന്ന തിത്തിമി മുത്തശ്ശിയുടെ കവിളത്ത് പിടിച്ചിട്ട് ചോദിച്ചു. ഓമനപ്പുഴക്കടപ്പുറത്തിന്നോമനേ, പൊന്നോമനേ, നിൻ നല്ല മുഖം വാടിയതെന്തിങ്ങനെ ഇങ്ങനെ... തന്നെ കളിയാക്കാനാണ് തിത്തമി വന്നതെന്ന് മനസ്സിലായെങ്കിലും മുത്തശ്ശി പറഞ്ഞു, 'ഓ, ഒന്നുമില്ല മോളേ. മുത്തശ്ശി പഴയത് ഓരോന്നൊക്കെ ആലോചിച്ചു പോയതാ.' മുത്തശ്ശിയുടെ പേര് എൽ.ഓമനക്കുട്ടിയമ്മ എന്നാണ്. തിത്തിമി അതിന് എല്ലോമനക്കുട്ടിയമ്മ എന്നു പറയും. അതാണ് തിത്തിമി മുത്തശ്ശിയെ ഓമനപ്പുഴക്കടപ്പുറത്തിന്നോമനേ പൊന്നോമനേ എന്നു കളിയാക്കുന്നത്. 

തിത്തിമി ഇടയ്ക്ക് ദേഷ്യം വരുമ്പം മുത്തശ്ശിയെ വിളിക്കുന്നത്, ഓ, മെനക്കെട്ടകുട്ടിയമ്മ എന്നാണ്. തിത്തിമിയുടെ ഈ വർത്തമാനം കേൾക്കുമ്പം മുത്തശ്ശിയുടെ വിഷമമൊക്കെ പമ്പ കടക്കും. ഉടനെ തിത്തിമി മുത്തശ്ശിയുടെ മൂഡ് മാറ്റാനായി പഴയ ഓരോ കാര്യങ്ങള് എടുത്തിടും. 'ഇന്നാള് മുത്തശ്ശി പറഞ്ഞില്യോ മിച്ചറ് സോമന്റെ കാര്യം. അതുപോലെ മുത്തശ്ശി പറയുന്ന പരിചമന്ത്രം ആരാരുന്ന്, ക്ഷേത്രപാലൻ ആരാരുന്ന്' എന്നൊക്കെ ചോദിക്കും. തിത്തിമി ചോദിച്ചവരെക്കുറിച്ചാവും അപ്പോൾ മുത്തശ്ശിയുടെ വർത്തമാനം.

തെങ്ങ് കെട്ടാൻ വരുന്ന രവി, ക്ഷേത്രബാലൻ, വെളുത്തേടത്തി ഈശ്വരി, പണ്ടാരത്തി ഭാരതി, ചെല്ലപ്പനാശാരി, പരിചമന്ത്രം, നാണുവൈദ്യൻ, കാർത്ത്യായനിക്കണിയാട്ടി തുടങ്ങിയ പേരുകളൊക്കെ മിച്ചറി സോമനെക്കുറിച്ച് കേട്ടതുപോലെ പല കാലങ്ങളായി തിത്തിമി  മുത്തശ്ശിയിൽ നിന്ന് കേൾക്കാറുള്ളതാണ്. ഏതു നേരവും കുടിച്ച് ലക്കുകെട്ട് നാലുകാലിൽ നടക്കുന്നയാളാണ് തെങ്ങ് കെട്ടാൻ വരുന്ന രവി. വീടിനു മുകളിലേക്കോ മറ്റോ തെങ്ങ് ചാഞ്ഞുവളർന്നാൽ മുത്തച്ഛൻ പറയും, 'ആ രവിയോടൊന്നു പറയണം പിടിച്ചുകെട്ടാനെന്ന്. വളയങ്ങളാക്കി ചുറ്റിച്ചുറ്റി കമ്പികൾ തോളിൽ തൂക്കിയിട്ടാണ് രവിയുടെ വരവ്. ഒന്നാലുടനെ രവി ആടിയാടി നിന്ന് തെങ്ങ് വലിച്ചുകെട്ടാൻ വലിയൊരു തുക ചോദിക്കും. പിന്നെ തെക്കോട്ട് ചാഞ്ഞ തെങ്ങാണെങ്കിൽ അതിൽക്കയറി കമ്പികെട്ടി വലിച്ച് വടക്കോട്ടാക്കും.' ആടിയാടി നടക്കുന്ന രവി എങ്ങനെയാണ് തെങ്ങിനെ അനുസരിപ്പിക്കുന്നതെന്ന് തിത്തിമി അത്ഭുതപ്പെട്ടിട്ടുണ്ട്. നാലോ അഞ്ചോ മാസം കഴിയുമ്പം കാണാം തെങ്ങ് രവി കമ്പി വലിച്ചു കെട്ടിയിടത്തേക്ക് തന്നെ വന്നു നിൽക്കുന്നു.

പിന്നെ ക്ഷേത്രപാലൻ എന്നും ചിലർ ക്ഷേത്രബാലൻ എന്നും വിളിക്കുന്നയാളെക്കുറിച്ചും  മുത്തശ്ശി പറയും. 'കണ്ടാൽ ദേഹത്താകെ കുറ്റിരോമങ്ങളുമായി കാട്ടാളനെപ്പോലിരിക്കും. അമ്പലത്തിനോട് ചേർന്നുള്ള വീടാ അവന്റെ. അതാണോ ക്ഷേത്രപാലനെന്ന് വിളിക്കുന്നതെന്ന് മുത്തശ്ശിക്ക് അറിഞ്ഞൂടാ മോളേ.' തിത്തിമി താടിക്ക് കൈയും കൊടുത്ത് എല്ലാം കേട്ടുകൊണ്ടിരിക്കുകയാണ്. മുത്തശ്ശി പറഞ്ഞു, 'ക്ഷേത്രപാലന്റെ ജോലി എന്തായിരുന്നെന്നോ? നമ്മുടെ വീട്ടിലൊക്കെ മുറയ്ക്ക് വരുമായിരുന്ന്. പാത്രങ്ങൾക്ക് ഈയം പൂശാനുണ്ടോ എന്നു ചോദിച്ച് വരും. പിന്നെ ദ്വാരം വീണ പാത്രങ്ങൾ ഉണ്ടെങ്കിൽ ഈയം ഉരുക്കിയൊഴിച്ച് അടച്ചുതരും. ചെറിയ പൈസ കൊടുത്താൽമതി.' തിത്തിമി ഇടയ്ക്ക് ഒരു സംശയം ചോദിച്ചു, 'പാത്രത്തിൽ എന്തിനാ ഈയം പൂശുന്നത്'. 

മുത്തശ്ശി പറഞ്ഞു, 'അതോ, പണ്ട് വീടുകളിൽ കൂടുതലും ചെമ്പു പാത്രങ്ങളായിരുന്നു. അതിൽ ഭക്ഷണം പാകം ചെയ്താൽ ചെമ്പിന്റെ ചെറിയ ചുവ വരും. ഈയം പൂശിയാൽ ചെമ്പു പാത്രങ്ങളിൽ ഉപ്പിട്ട് തിളപ്പിക്കുകയൊക്കെ ചെയ്യാം. അല്ലെങ്കിൽ ഉപ്പിട്ട് കറിയൊന്നും ചെമ്പു പാത്രങ്ങളിൽ തിളപ്പിക്കാനാവില്ല'.

അതുപോലെ മുത്തശ്ശിയുടെ മുണ്ട് അലക്കാൻ ആഴ്ച തോറും വരുന്ന വെളുത്തേടത്തിയായിരുന്നു ഈശ്വരി. ഈശ്വരിയുടെ രൂപം കണ്ടാൽ തന്നെ ഒരു മുണ്ടുകെട്ട് പോലിരിക്കുമായിരുന്നു. മുത്തശ്ശി പറഞ്ഞു, 'അവസാനം എന്റെ കയ്യിൽ നിന്ന് ഈശ്വരി രണ്ട് മുണ്ട് വാങ്ങിക്കൊണ്ടുപോയി. അതു തിരിച്ചുതന്നില്ല. അതിനിടയിൽ ഈശ്വരി മരിച്ചു. പിന്നെ അവളുടെ മോൻ അപ്പു ഇവിടെ വന്നപ്പോ പറഞ്ഞു, അവസാനം അവളുടെ ദേഹത്ത് പുതപ്പിച്ചത് ഞാൻ കൊടുത്ത മുണ്ടായിരുന്നു എന്ന്.'

'പിന്നെ മുത്തശ്ശിക്ക് വലിയ പപ്പടം സ്ഥിരമായി കൊണ്ടുക്കൊടുത്തിരുന്നത് ഒരമ്മൂമ്മയായിരുന്നല്ലോ. അവരുടെ പേരെന്തുവാ' തിത്തിമി ചോദിച്ചു. മുത്തശ്ശി പറഞ്ഞു. 'ഓ, അത് പണ്ടാരങ്ങട അവിടുത്തെ ഭാരതിയാ. ഇപ്പോ അവൾക്ക് നടക്കാൻ വയ്യാതായേൽ പിന്നെ വരുന്നില്ല. ഒരു ദിവസം വീട്ടില് വിറകു കീറിക്കൊടുത്തിട്ട് പോയ ആളെക്കുറിച്ച് മുത്തശ്ശി പറഞ്ഞു, 'അതേയ്, നമ്മുടെ പരിചമന്ത്രത്തിന്റെ മോനാ'. 'പരിചമന്ത്രമോ, അതെന്ത് മന്ത്രമാ' തിത്തിമിക്ക് ഉടനെ അറിയണം. മുത്തശ്ശി തിരുത്തി, 'പരിചമന്ത്രമെന്നാണ്  മുത്തശ്ശി പറയുന്നത് എന്ന് മോൾക്ക് തോന്നിയതാ. ഫലിക്ക മന്ത്രം എന്നാണ് അവന്റെ അച്ഛനെ എല്ലാവരും വിളിച്ചിരുന്നത്. മനുഷ്യർക്കോ വീട്ടിലെ കന്നുകാലികൾക്കോ ഒക്കെ എന്തെങ്കിലും വയ്യായ്ക ഉണ്ടായാൽ അവന്റെ അച്ഛനെ വിളിച്ചാൽ മതിയായിരുന്നു. അയാൾ വീട്ടിൽ വരും. പാലയുടെയും പ്ലാവിന്റെയും ഒക്കെ ചില കമ്പും ഇലയുമൊക്കെയെടുത്ത് നമ്മുടെയോ പശുവിന്റെയോ ചുറ്റിനും ഉഴിയും. എന്നിട്ട് ഫലിക്ക മന്ത്രം, ഫലിക്ക സുഖം എന്ന് ഉറക്കെച്ചൊല്ലും. അങ്ങനെ വയ്യായ്ക മാറിക്കിട്ടും. അയാളുടെ പേര് അങ്ങനെ ഫലിക്ക മന്ത്രം എന്നായി.'

ഇന്നാള് ഒരുദിവസം തിത്തിമീടെ അമ്മയ്ക്ക് ഒരു കമ്മല് വാങ്ങാൻ തിത്തിമീം അച്ഛനും അമ്മയും കൂടി ഒരു ജ്വല്ലറീല് പോയി. വന്നപ്പം മുത്തശ്ശി പറയ്വാ, 'പണ്ടെങ്ങാണ്ട് സ്വർണക്കട വല്ലതുമുണ്ടോ.' തിത്തിമി ഇടയ്ക്ക് കയറി ചോദിച്ചു, 'പിന്നെങ്ങെനെയാ മുത്തശ്ശിക്ക് കുട്ടിക്കാലത്ത് അച്ഛൻ കമ്മലും വളയുമൊക്കെ വാങ്ങിത്തന്നിരുന്നത്. മുത്തശ്ശി അക്കാലം ഓർത്തെടുത്തു. 'ചെല്ലപ്പനാശാരി ഒരു ഇരുമ്പ്പെട്ടി സൈക്കിളിന്റെ പിന്നിൽ വച്ചുകെട്ടി, വീടുകളുടെ മുന്നിലൂടെ സ്വർണം വേണോ, കമ്മലുണ്ട്, കുണുക്കുണ്ട്,മൂക്കുത്തിയുണ്ട് എന്നു വിളിച്ചു പറഞ്ഞോണ്ട് പോവുമത്രേ. ആവശ്യമുള്ളവര് അയാളുടെ കയ്യീന്ന് ചെറിയ കമ്മലോ വളയോ ഒക്കെ വാങ്ങും.' സ്വർണം വീടുതോറും ആളുകൾ സൈക്കിളിൽ കൊണ്ടുനടന്ന് വിൽക്കുന്നത് തിത്തിമിക്ക് സങ്കൽപ്പിക്കാനാവുമായിരുന്നില്ല.

ചെല്ലപ്പനാശാരിയുടെ വീടിനടുത്താണ് നാണുവൈദ്യൻ താമസിച്ചിരുന്നത്. മുത്തശ്ശി പറഞ്ഞു, 'ഓരോ വീട്ടുകാർക്കും ആവശ്യമുള്ള എണ്ണ കാച്ചിക്കൊടുക്കുന്നതായിരുന്നു നാണുവൈദ്യന്റെ ജോലി. ഒരു ദിവസം നാണുവൈദ്യര് എണ്ണ കാച്ചുകയായിരുന്നു. അന്ന് വൈദ്യരുടെ ഭാര്യ കാർത്ത്യായനിക്കണിയാട്ടി ഗർഭിണിയായിരുന്നു. ഏഴുമാസം. വൈദ്യര് എണ്ണ കാച്ചുന്നിടത്ത് ചെന്ന് കാർത്ത്യായനിക്കണിയാട്ടി പറഞ്ഞു– എണ്ണ അരിക്കുമ്പോ ഈ കൈവെള്ളയിൽ ഇത്തിരി എണ്ണ തരണേ എന്ന്. ദേഷ്യം വന്ന നാണുവൈദ്യര് തിളച്ച ഒരു തവി എണ്ണ മുക്കി ഭാര്യയുടെ വയറ്റിലേക്ക് ഒഴിച്ചുകൊടുത്തു. കണിയാട്ടി അലറിവിളിച്ചു.' മുത്തശ്ശി ഇതു പറഞ്ഞതുകേട്ട് തിത്തിമിക്ക് ആകെ പേടിയായി. 'അയ്യോ , കഷ്ടം ഒള്ളതാണോ പറയുന്നേ– തിത്തിമി ചോദിച്ചു– മുത്തശ്ശി  പറഞ്ഞു– കൊള്ളാം. ഒള്ളതാണോന്നോ. അവര് പിന്നെ മരിക്കുന്നതു വരെ എന്നെ കാണുമ്പം എണ്ണ വീണ പാടുകൾ ആ വയറ്റിൽ മാറാതെ കിടക്കുന്നത് എന്നെ കാണിക്കുമായിരുന്നു.' എല്ലാം കേട്ടിട്ട് തിത്തിമീടെ കമന്റ്, 'നാണുവൈദ്യരെ ഒന്ന് പരിചമന്ത്രത്തിന്റടുത്ത് കൊണ്ടുപോവണമായിരുന്നു എന്ന്.' മുത്തശ്ശി ചോദിച്ചു എന്തിന്, ഉടനെ തിത്തിമി 'അയാളുടെ വട്ട് മാറാൻ ഫലിക്ക മന്ത്രം ഫലിക്ക സുഖം എന്ന് പാലക്കമ്പ് തലയ്ക്കുഴിഞ്ഞ് പറയിപ്പിക്കാമായിരുന്നു. അല്ലെങ്കിൽ അയാള് സ്വന്തം ഭാര്യയോട് ഇങ്ങനെ ചെയ്യാമോ?'

ഏതായാലും തിത്തിമി ഉറങ്ങാൻ കിടക്കുമ്പം ആലോചിക്കുകയായിരുന്നു, ഏതെല്ലാം തരത്തിലാണ് ആളുകള് പണ്ട് ജീവിച്ചിരുന്നത് എന്ന്. തെങ്ങിൽ കമ്പി കെട്ടി അത് നേരെയാക്കി, പാത്രങ്ങളിൽ ഈയം പൂശിക്കൊടുത്ത്, വീടുകൾ തോറും ചെന്ന് സ്വർണം വിറ്റ്. ഫലിക്ക മന്ത്രം ഫലിക്ക സുഖം ചൊല്ലി, എണ്ണ കാച്ചിക്കൊടുത്ത് അങ്ങനെയങ്ങനെ. ഏതായാലും പിന്നെ എപ്പോഴെങ്കിലും തലവേദനയോ കണ്ണുവേദനയോ വല്ലതും ഉണ്ടെന്ന് മുത്തശ്ശി പറഞ്ഞാൽ തിത്തിമി മുത്തശ്ശിയെ തമാശയ്ക്ക് പിടിച്ചിരുത്തിയിട്ട് പറയും – ഫലിക്ക മന്ത്രം, ഫലിക്ക സുഖം.

(തുടരും)

English Summary:

Ennu Swantham Thithimmikutti Enovel written by Sreejith Peruthachan

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com