ഷാർജയിൽ വാട്ടർ ടാങ്കിൽ വീണ് പ്രവാസി മുങ്ങി മരിച്ചു; സഹപ്രവർത്തകർ കസ്റ്റഡിയിൽ

Mail This Article
ഷാർജ∙ മദാം ഏരിയയിൽ ഫാമിലെ വാട്ടർ ടാങ്കിൽ വീണ് ജീവനക്കാരൻ മുങ്ങി മരിച്ചു. 28 വയസ്സുള്ള ആഫ്രിക്കൻ പൗരനാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച കൂടെ ജോലി ചെയ്യുന്നയാളാണ് മൃതദേഹം ആദ്യമായി കണ്ടതും പൊലീസിൽ വിവരമറിയിച്ചതുമെന്നാണ് റിപ്പോർട്ടുകൾ. ഷാർജ പൊലീസിന്റെ ഫൊറൻസിക് ലബോറട്ടറി, ക്രൈം സീൻ യൂണിറ്റ്, പട്രോളിങ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ നിർണയിക്കാൻ സംഭവസ്ഥലത്ത് നിന്ന് തെളിവുകളും വിരലടയാളങ്ങളും ശേഖരിച്ചതായും മരിച്ചയാളുടെ കൂടെ ജോലി ചെയ്യുന്നവരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായും അധികൃതർ പറഞ്ഞു. മൃതദേഹം കണ്ടെത്തുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് മരണം സംഭവിച്ചു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. മൃതദേഹം അഴുകാൻ തുടങ്ങിയിരുന്നു.
വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിച്ച ശേഷം മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനായി മൃതദേഹം ഷാർജ പൊലീസ് ഫൊറൻസിക് വിഭാഗത്തിലേക്ക് മാറ്റി.