ഏഷ്യൻ കപ്പ് യോഗ്യതാ മത്സരം: മുൻ അണ്ടർ 23 ഇംഗ്ലണ്ട് താരം ഹംസ ചൗധരി കളിക്കുന്ന ബംഗ്ലദേശിനെ നേരിടാൻ ഇന്ത്യ

Mail This Article
ഷില്ലോങ് ∙ ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിലെ ആദ്യമത്സരത്തിൽ ഇന്നു ബംഗ്ലദേശിനെ നേരിടുന്ന ഇന്ത്യയുടെ പ്രധാന എതിരാളി ഒരേയൊരാളാണ്; ഡിഫൻസീവ് മിഡ്ഫീൽഡർ ഹംസ ചൗധരി! ഇംഗ്ലണ്ട് അണ്ടർ 23 ടീമിൽ വരെ കളിച്ച ശേഷം അമ്മയുടെ ജന്മനാടായ ബംഗ്ലദേശിന്റെ ജഴ്സിയണിയാൻ തീരുമാനിച്ച ഹംസയുടെ പ്രതിരോധപ്പൂട്ട് പൊട്ടിച്ചു ഗോളടിക്കുകയെന്നതാണ് ഇന്ന് ഇന്ത്യയ്ക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. ഷില്ലോങ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഇന്നു രാത്രി ഏഴിനാണു കിക്കോഫ്.
വിരമിക്കൽ തീരുമാനം പിൻവലിച്ച് രാജ്യാന്തര ഫുട്ബോളിലേക്കു ഗോളടിച്ചെത്തിയ സുനിൽ ഛേത്രിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. കഴിഞ്ഞയാഴ്ച മാലദ്വീപിനെതിരായ സൗഹൃദ മത്സരത്തിൽ സ്കോർ ചെയ്തതോടെ ഛേത്രിയുടെ കരിയർ ഗോൾനേട്ടം 95 ആയിക്കഴിഞ്ഞു. ഇരുപത്തിയേഴുകാരൻ ഹംസയ്ക്കുള്ള ഇന്ത്യയുടെ മറുപടി നാൽപതുകാരൻ ഛേത്രി തന്നെ. ഫിഫ റാങ്കിങ്ങിൽ 126–ാം സ്ഥാനത്താണ് ഇന്ത്യയെങ്കിൽ ബംഗ്ലദേശ് 185–ാം സ്ഥാനത്താണ്.
ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് ലെസ്റ്റർ സിറ്റിയുടെ അക്കാദമിയിലൂടെയാണ് ഹംസ പ്രഫഷനൽ ഫുട്ബോളിലെത്തിയത്. പിന്നീടു രണ്ടാം ഡിവിഷൻ ക്ലബ് ഷെഫീൽഡ് യുണൈറ്റഡിലെത്തി. ഇംഗ്ലണ്ട് അണ്ടർ 23 ടീമിൽ കളിച്ചിട്ടുള്ള ഹംസ കഴിഞ്ഞ ഡിസംബറിലാണ് ബംഗ്ലദേശിനായി കളിക്കാനുള്ള അനുമതി നേടിയത്.