ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീൽ - അർജന്റീന പോരാട്ടം; മത്സരം ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30ന്

Mail This Article
ബ്യൂനസ് ഐറിസ് ∙ അർജന്റീനയ്ക്ക് ലോകകപ്പ് യോഗ്യത ഉറപ്പിക്കാൻ ഒരു സമനില മതി, ബ്രസീലിന് എല്ലാ വിമർശനങ്ങൾക്കും മറുപടി നൽകാൻ ഒരു ജയം തന്നെ വേണം. ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ നേർക്കുനേർ വരുമ്പോൾ സമ്മർദത്തിന്റെ രണ്ടറ്റങ്ങളിലാണ് അർജന്റീനയും ബ്രസീലും. 13 കളികളിൽ 28 പോയിന്റുമായി തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനത്താണ് അർജന്റീന. 21 പോയിന്റുമായി ബ്രസീൽ മൂന്നാമതും. ബ്യൂനസ് ഐറിസിൽ ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30നാണ് മത്സരം.
അർജന്റീനയ്ക്കെതിരെ ആറു വർഷമായി ഒരു മത്സരം ജയിച്ചിട്ടില്ല എന്നതാണ് ടീമിനെതിരെ ബ്രസീൽ ആരാധകരുടെ പരിഭവം. അർജന്റീന 2022 ലോകകപ്പും ഫൈനലിസിമയും 2021, 2024 കോപ്പ അമേരിക്കയുമെല്ലാം ജയിച്ചപ്പോൾ ബ്രസീലിന്റെ അവസാന കിരീടം 2019 കോപ്പ അമേരിക്കയിലായിരുന്നു.
പുതിയ കോച്ച് ഡോറിവൽ ജൂനിയറിന്റെ കീഴിൽ തുടർസമനിലകൾ കൊണ്ട് കഷ്ടപ്പെട്ട ബ്രസീൽ ഒന്നാശ്വസിച്ചത് കൊളംബിയയ്ക്കെതിരെ കഴിഞ്ഞ മത്സരത്തിൽ നേടിയ ജയത്തോടെയാണ്. എന്നാൽ ഇൻജറി ടൈമിൽ വിനീസ്യൂസ് നേടിയ ഗോളിലായിരുന്നു ആ 2–1 ജയം.