ഇതാണോ മാതൃക? കാലാവസ്ഥാ ഉച്ചകോടിക്കായി നശിപ്പിക്കുന്നത് ഹെക്ടർ കണക്കിന് ആമസോൺ കാടുകൾ

Mail This Article
ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് വേദിയൊരുക്കാൻ വൻ തോതിൽ ആമസോൺ മഴക്കാടുകൾ വെട്ടിമാറ്റുന്നു. ബ്രസീലിലെ ബെലെം നഗരത്തിൽ നടക്കുന്ന ഉച്ചകോടിയിലെ വേദിയിലെത്താൻ നാലുവരിപ്പാത നിർമിക്കുന്നതിനാണ് പതിനായിരക്കണക്കിന് ഹെക്ടർ ആമസോൺ മഴക്കാടുകൾ നശിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും ആഗോള താപനം നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനും വേണ്ടി UNFCCC (United Nations Framework Convention on Climate Change) അംഗരാജ്യങ്ങൾ വർഷംതോറും ഒത്തുകൂടുന്ന കോൺഫറൻസ് ഓഫ് ദി പാർട്ടീസ് (COP) എന്ന സമ്മേളനമാണ് ഇപ്പോൾ വനനശീകരണം മൂലം വിവാദത്തിലായിരിക്കുന്നത്. കാലാവസ്ഥാ ഉച്ചകോടിയുടെ ലക്ഷ്യത്തിനു വിരുദ്ധമായി നടക്കുന്ന വനനശീകരണത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ലോകത്തിലെ ഉഷ്ണമേഖലാ മഴക്കാടുകളിൽ വച്ച് ഏറ്റവും ജൈവവൈവിധ്യമേറിയതും, വലുതും ആഗോള കാർബൺ ആഗിരണത്തിൽ പ്രധാന പങ്കുവഹിക്കുന്നതും ആമസോൺ മഴക്കാടുകളാണ്. ഈ വനമേഖലയുടെ പ്രധാന ഭാഗങ്ങളിലൂടെയാണ് ഹൈവേ നിർമിക്കുന്നത്. ബ്രസീലിലെ ബെലെം വരെ 13 കിലോമീറ്റർ നീളത്തിലാണ് റോഡിന് വേണ്ടി വനം നശിപ്പിക്കപ്പെട്ടിരിക്കുന്നത്. ഭാഗികമായി നിർമിക്കപ്പെട്ട പാതയുടെ ഇരുവശങ്ങളിലും നിബിഡമായ മഴക്കാടുകളാണ്. പാതയുടെ വശങ്ങളിൽ മുറിച്ചുമാറ്റപ്പെട്ട മരങ്ങളുടെ തടികൾ ശേഖരിച്ചിട്ടുണ്ട്.

വനം നശിപ്പിക്കുന്നതിനെതിരെ പ്രതിഷേധങ്ങൾ ഉയരുമ്പോഴും റോഡ് നിർമാണം ഇപ്പോഴും നിർത്തിവെച്ചിട്ടില്ല. ഈ റോഡിന്റെ നിർമാണം ഭാവിയിൽ കൂടുതൽ വനനശീകരണത്തിലേക്ക് നയിക്കുമെന്ന ഭയത്തിലാണ് പ്രദേശവാസികൾ. ‘‘റോഡ് പണികഴിഞ്ഞാൽ ഈ പ്രദേശം ബിസിനസുകൾക്ക് കൂടുതൽ എളുപ്പത്തിൽ എത്തിച്ചേരാനാകും. ഞങ്ങൾക്ക് ഇവിടെ നിന്ന് പോകേണ്ടിവരും. ഇവിടെയാണ് ജനിച്ചു വളർന്നത്. ഇനി എവിടേക്ക് പോകും?’’– ഗോത്ര വംശത്തിൽപ്പെട്ട ക്ലോഡിയോ വെറെക്വെറ്റ് ചോദിക്കുന്നു.
റോഡ് നിർമാണം ആവാസവ്യവസ്ഥയെ ശിഥിലമാക്കുകയും വന്യജീവികളുടെ ചലനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് ഗവേഷകരും മുന്നറിയിപ്പ് നൽകുന്നു. പരുക്കേൽക്കുന്ന വന്യമൃഗങ്ങളെ ചികിത്സിച്ച് ഭേദമായാൽ അവയെ കാട്ടിലേക്ക് തന്നെ തുറന്നു വിടാൻ റോഡ് തടസ്സമാകുമെന്ന് ഇതിന് സമീപം സ്ഥിതി ചെയ്യുന്ന യൂണിവേഴ്സിറ്റി മൃഗാശുപത്രിയിലെ വന്യജീവി മൃഗഡോക്ടറും ഗവേഷകയുമായ പ്രഫസർ സിൽവിയ സർഡിൻഹ പറയുന്നു. ഇവിടെയുള്ള ജീവിവർഗങ്ങളുടെ സ്വാഭാവിക പരിസ്ഥിതി നഷ്ടപ്പെടുമെന്നും അവർ ആശങ്കപ്പെടുന്നു.

2012 ൽ വടക്കൻ ബ്രസീലിലെ പാര എന്ന സംസ്ഥാനത്തെ പ്രാദേശിക സർക്കാർ ‘അവെനിഡ ലിബർഡേഡ്’ എന്നറിയപ്പെടുന്ന ഈ ഹൈവേയുടെ ആശയം മുന്നോട്ടുവച്ചിരുന്നു. എന്നാൽ പാരിസ്ഥിതിക ആശങ്കകളും പരിസ്ഥിതി പ്രവർത്തകരുടെ ശക്തമായ പ്രതിഷേധവും കാരണം പദ്ധതി നിർത്തിവയ്ക്കുകയായിരുന്നു. കാലാവസ്ഥാ ഉച്ചകോടിക്ക് വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ മറവിൽ പദ്ധതി വീണ്ടും നടപ്പാക്കുകയാണ്. നവംബറിൽ നടക്കുന്ന സമ്മേളനത്തിൽ ലോക നേതാക്കൾ ഉൾപ്പെടെ 50,000-ത്തിലധികം പേർ പങ്കെടുക്കുന്ന നഗരത്തിലേക്കുള്ള ഗതാഗതം സുഗമമാക്കുക എന്നതാണ് പുതിയ ഹൈവേയുടെ ലക്ഷ്യം എന്നാണ് സർക്കാർ ഉദ്യോഗസ്ഥരുടെ വാദം.
ഇതൊരു സുസ്ഥിര ഹൈവേയാണെന്നാണ് ബ്രസീൽ സർക്കാരിന്റെ ഇൻഫ്രാസ്ട്രക്ചർ സെക്രട്ടറിയായ അഡ്‌ലർ സിൽവീര അവകാശപ്പെടുന്നത്. നിർമാണം പൂർത്തിയായിക്കഴിഞ്ഞാൽ, മൃഗങ്ങൾക്കും വന്യജീവികൾക്ക് കടന്നുപോകാൻ വഴികൾ, ബൈക്ക് പാതകൾ, സോളാർ ലൈറ്റിങ് എന്നിവ ഇതിൽ ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരിത്രത്തിലിടം നേടാന്‍ പോകുന്ന കാലാവസ്ഥ ഉച്ചകോടിയാണ് ബ്രസീലില്‍ നടക്കാനിരിക്കുന്നതെന്നും നിലവിലെ വിവാദങ്ങള്‍ ഇതിനെ ബാധിക്കില്ലെന്നുമായിരുന്നു ബ്രസീൽ പ്രസിഡന്‍റിന്‍റെയും പരിസ്ഥിതി മന്ത്രിയുടെയും പ്രതികരണം.
റോഡ് വരുന്നതിലൂടെ ആമസോണ്‍ എന്താണെന്ന് പുറംലോകത്തിന് കാണാന്‍ കഴിയുമെന്നും, അവിടെ സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താനും പ്രകൃതിയുടെ മനോഹാരിത അനുഭവിച്ചറിയാനും സാധിക്കുമെന്നും അതിനെല്ലാമുള്ള അവസരമാണ് റോഡ് സാധ്യമാകുന്നതെന്നും ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ പറഞ്ഞു. എന്നാല്‍ ബ്രസീലിന്‍റേത് ഇരട്ടത്താപ്പാണെന്നും ലോക രാജ്യങ്ങൾ കാലാവസ്ഥ ഉച്ചകോടി ബഹിഷ്കരിക്കുകയാണ് ചെയ്യേണ്ടതെന്നും പരിസ്ഥിതി സംഘടനകള്‍ പറയുന്നു. ഈ വർഷം നവംബർ 10 മുതൽ 21 വരെയാണ് ഉച്ചകോടി നടക്കുക.