വായു മലിനീകരണം അൽസ്ഹൈമേഴ്സ് സാധ്യത വർധിപ്പിക്കുന്നു; മലിനീകരണത്തിന് പിന്നിൽ എയർ കൂളറും

Mail This Article
വായു മലിനീകരണം തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുകയും അൽസ്ഹൈമേഴ്സ് പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കുന്നതായും പഠനം. ലോകത്ത് ഓരോ വർഷവും 7 ലക്ഷത്തോളം ആളുകൾ തലച്ചോറുമായി ബന്ധപ്പെട്ട രോഗങ്ങൾ കാരണം മരണപ്പെടുന്നുവെന്നാണ് കണക്ക്. യുഎസ് ആസ്ഥാനമായ സ്‌ക്രിപ്‌സ് റിസർച്ച് ആണ് ഇതേക്കുറിച്ച് പഠനം നടത്തിയത്. നാഷനൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിങ്സിൽ അവതരിപ്പിച്ച പഠനം, വായു മലിനീകരണം തലച്ചോറിലെ കോശങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്നു.

വാഹനങ്ങളിൽ നിന്ന് പുറന്തള്ളുന്ന പുക, വൈക്കോൽ കത്തിക്കൽ, എയർ കൂളറുകളുടെ ഉപയോഗം, നിർമാണ പ്രവർത്തനങ്ങൾ എന്നിവയാണ് വായു മലിനീകരണത്തിന്റെ പ്രധാന കാരണങ്ങൾ. അൽസ്ഹൈമേഴ്സ്, ആസ്‍മ, ഹൃദ്രോഗം എന്നിവയ്ക്ക് പുറമേ, വിവിധതരം കാൻസർ, ഓട്ടിസം തുടങ്ങിയ മസ്തിഷ്ക രോഗങ്ങൾക്കും ഇത് കാരണമാകുന്നുവെന്ന് ഗവേഷകർ പറയുന്നു. അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന രാസമാറ്റങ്ങൾ തലച്ചോറിലെ കോശങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതായി ഗവേഷകർ കണ്ടെത്തി. എസ്-നൈട്രോസൈലേഷൻ എന്നറിയപ്പെടുന്ന ഒരു രാസമാറ്റം പുതിയ കോശങ്ങൾ രൂപപ്പെടുന്നത് തടയുകയും പഴയ കോശങ്ങൾ നശിക്കുന്നതിനും കാരണമാകുന്നു. നശിച്ച കോശങ്ങൾ മറ്റ് ന്യൂറോണുകളുമായി ബന്ധപ്പെടുന്നില്ലെന്നും അതുവഴി ഓർമശക്തി നഷ്ടപ്പെടുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

ഓർമക്കുറവിനും ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങൾക്കും മലിനീകരണം എങ്ങനെ കാരണമാകുമെന്ന് ഗവേഷണത്തിൽ പറയുന്നു. അൽസ്ഹൈമേഴ്സ് പോലുള്ള രോഗത്തിന് മികച്ച ചികിത്സ നൽകുന്നതിനും പുതിയ മരുന്നുകൾ കണ്ടെത്തുന്നതിനും ഈ ഗവേഷണം സഹായിക്കുമെന്ന് സ്ക്രിപ്സ് റിസേർച്ചിലെ ഗവേഷകനായ സ്റ്റുവർട്ട് ലിപ്റ്റൺ പറഞ്ഞു. തലച്ചോറിലെ കോശങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനും നിർണായകമായ CRTC1 എന്ന പ്രോട്ടീനിൽ വായു മലിനീകരണം വലിയ മാറ്റങ്ങൾ വരുത്തുന്നു. ദീർഘകാല ഓർമയ്ക്ക് തലച്ചോറിനെ സഹായിക്കുന്നത് ഈ പ്രോട്ടീനാണ്. എസ്-നൈട്രോസൈലേഷൻ എന്ന രാസ മാറ്റം മസ്തിഷ്കത്തിലെ ഈ പ്രോട്ടീന്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നു. വായു മലിനീകരണം മൂലം ഉണ്ടാകുന്ന എസ്-നൈട്രോസൈലേഷൻ ശരീരത്തിലുടനീളമുള്ള മറ്റു നിരവധി പ്രോട്ടീനുകളെയും നശിപ്പിക്കുന്നുണ്ടെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.