മെലിഞ്ഞുണങ്ങി മത്തി; മാസങ്ങളായി ഒരേ വലുപ്പം: മത്സ്യസമ്പത്തിനെ ബാധിക്കുന്നതെന്ത്?

Mail This Article
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന സമുദ്ര താപനം മത്തിയുടെ വളർച്ചയെ ബാധിക്കുന്നു. കേരളത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്ന മത്തിയുടെ വലുപ്പത്തിൽ മാസങ്ങളായി മാറ്റമില്ല. 20 സെന്‍റീമീറ്ററാണ് സാധാരണ മത്തിയുടെ വലുപ്പം എന്നാൽ ഇപ്പോൾ ലഭിക്കുന്ന മത്തിക്ക് 12 മുതൽ 15 സെന്‍റീമീറ്ററാണ് നീളം. മുൻപ് ശരാശരി 150 ഗ്രാം ഉണ്ടായിരുന്നത് ഇപ്പോൾ കഷ്ടിച്ച് 25 ഗ്രാം വരെ മാത്രമേ ഉള്ളൂ. മത്സ്യത്തിന്റെ വലുപ്പത്തിലും രുചിയിലും ഗണ്യമായ വ്യത്യാസമുണ്ടായതായി മത്സ്യത്തൊഴിലാളികളും പറയുന്നു. മത്തിയുടെ വലുപ്പം കുറഞ്ഞതിനാൽ വിപണി മൂല്യവും കുറഞ്ഞു. മാസങ്ങളായി ഒരേ വലുപ്പത്തിൽ ലഭിക്കുന്ന മത്തിക്ക് ആവശ്യക്കാർ കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികളും ദുരിതത്തിലായി. പരമ്പരാഗത മത്സ്യത്തൊഴിലാളികളെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്.

കാലാവസ്ഥാ മാറ്റം മത്സ്യസമ്പത്തിനെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം ഡയറക്ടർ ഗ്രിൻസൺ ജോർജ് പറയുന്നു. എൽനിനോ പ്രതിഭാസവും മത്തിയുടെ വളർച്ച കുറയാൻ കാരണമായി. എൽ നിനോ മൂലം സമുദ്ര താപനം വർധിക്കുന്നതാണ് ഇതിന് കാരണം. 2023 ൽ 150 ഓളം സമുദ്രതാപ തരംഗങ്ങൾ ഉണ്ടായതായി പറയുന്നു. പ്രജനന സമയം നീണ്ടു പോയതും മത്തിയുടെ വളർച്ചയെ ബാധിച്ചിട്ടുണ്ടാകും. 2021-ൽ കേരള തീരത്ത് നെയ് മത്തിയുടെ ലഭ്യതയിൽ ഗണ്യമായ കുറവുണ്ടായതായി സിഎംഎഫ്ആർഐ നടത്തിയ ഒരു മുൻ പഠനത്തിൽ കണ്ടെത്തിയിരുന്നു. 2020 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 75% കുറവാണ് ഉണ്ടായത് .

ഒരു സമയത്ത് കിലോയ്ക്ക് 400 രൂപ വരെ ലഭിച്ചിരുന്ന മത്തി കഴിഞ്ഞ ദിവസം കിലോയ്ക്ക് 18 രൂപ നിരക്കിൽ വിൽക്കേണ്ടി വന്നുവെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. സാധാരണ രണ്ടോ മൂന്നോ ആഴ്ചകൾ കൊണ്ട് മത്തി വളരാറുണ്ട്. വിൽപ്പന കുറഞ്ഞതിനാൽ മത്സ്യ ഭക്ഷണ ശാലകൾക്കാണ് ഇപ്പോൾ കുഞ്ഞൻ മത്തി കൂടുതലായും വിൽക്കുന്നത്. ഓരോ വർഷവും മത്തിയുടെ വലുപ്പത്തിനും ലഭ്യതയ്ക്കും മാറ്റം വരാറുണ്ടെങ്കിലും കഴിഞ്ഞ ആറ് മാസമായി ലഭിക്കുന്ന മത്തിക്ക് ഒരേ വലിപ്പമാണ്. ഇതേക്കുറിച്ച് പഠനം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് പുറത്തുവിടുമെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം അറിയിച്ചിട്ടുണ്ട്.