നായയും ചെന്നായയും ചേർന്ന ഒകാമി: 50 കോടിക്ക് വാങ്ങി പ്രദർശനം; 30 മിനിറ്റിന് ഈടാക്കുന്നത് 2.41 ലക്ഷം രൂപ

Mail This Article
ചെന്നായയും കൊക്കേഷ്യൻ ഷെപ്പേർഡും ചേർന്ന സങ്കരയിനം നായയെ 50 കോടി രൂപയ്ക്ക് സ്വന്തമാക്കി ബെംഗളൂരു സ്വദേശി. കാഡബോംബ് ഒകാമി എന്ന് പേരിട്ടിരിക്കുന്ന നായയെ പ്രമുഖ ബ്രീഡറായ സതീഷ് ആണ് സ്വന്തമാക്കിയത്. ലോകത്ത് ഇത്തരത്തിലുള്ള ആദ്യ നായയാണിത്. 28 കോടിരൂപയായിരുന്നു നായ്ക്കുട്ടിയുടെ വില. എന്നാൽ കമ്മിഷനും മറ്റു ചെലവുകളെല്ലാം ചേർത്ത് സതീഷിന് 50 കോടി നൽകേണ്ടി വന്നു.
ജോർജിയ, അസർബൈജാൻ, അർമേനിയ, ഡാഗെസ്താൻ എന്നിവിടങ്ങളിലാണ് കൊക്കേഷ്യൻ ഷെപ്പേർഡ് എന്ന നായ കാണപ്പെടുന്നത്. വേട്ടമൃഗങ്ങളിൽ നിന്ന് കന്നുകാലികളെ സംരക്ഷിക്കാൻ കാവൽ നായ്ക്കളായി ഇവയെ പലപ്പോഴും ഉപയോഗിക്കാറുണ്ട്. സന്തോഷിന് ഒകാമിയെ ലഭിക്കുന്നത് യുഎസിൽ നിന്നാണ്. ഒരു ബ്രോക്കർ വഴിയാണ് സതീഷ് നായയെ സ്വന്തമാക്കിയത്. എട്ട് മാസം പ്രായമുള്ള ഒകാമിക്ക് ഇപ്പോൾ തന്നെ ഭാരം 75 കിലോയാണ്. 30 ഇഞ്ച് ഉയരവുമുണ്ട്. ദിവസം മൂന്നു കിലോ കോഴിയിറച്ചിയാണ് ഭക്ഷണമായി നൽകുന്നത്.
പത്ത് വർഷം മുൻപ് ഡോഗ് ബ്രീഡിങ് നിർത്തിയ സതീഷ് ഇപ്പോൾ തന്റെ പക്കലുള്ള അപൂർവയിനം വളർത്തുമൃഗങ്ങളെ പ്രദർശിപ്പിച്ച് പണം കണ്ടെത്തുന്നു. 150ലധികം വ്യത്യസ്ത നായ ഇനങ്ങൾ അദ്ദേഹത്തിനുണ്ട്. ഒകാമിയെ 30 മിനിറ്റ് നേരം പ്രദർശിപ്പിക്കുന്നതിന് ഏകദേശം 2.41 ലക്ഷം രൂപയും 5 മണിക്കൂറിന് 10 ലക്ഷത്തോളം രൂപയുമാണ് സതീഷ് ഈടാക്കുന്നത്.
വളർത്തുമൃഗങ്ങളെ പാർപ്പിക്കാനായി ഏഴ് ഏക്കർ സ്ഥലത്ത് ഫാം നിർമിച്ചിട്ടുണ്ട്. ഓരോ മൃഗങ്ങൾക്കും വിശാലമായ കിടപ്പുമുറികളാണ് ഒരുക്കിയിരിക്കുന്നത്. പരിപാലിക്കാനായി ആറ് ജീവനക്കാരുമുണ്ട്.