ആദ്യം വിചാരിച്ചത് ചെളിയിൽ പുതഞ്ഞ കാറുകളെന്ന്! അർജന്റീനയിൽ കണ്ടെത്തിയത് പുരാതന ഭീമനെ

Mail This Article
തന്റെ പാടത്ത് കന്നുകാലികളെ മേയ്ക്കാനിറങ്ങിയ അർജന്റീനക്കാരൻ ഹുവാൻ ഡിയോസ് സോട്ട ആകസ്മികമായി ഒരു കണ്ടെത്തൽ നടത്തി. പാടത്ത് ചെളിയിൽ പുതഞ്ഞനിലയിൽ 4 വലിയ ഘടനകൾ കിടക്കുന്നതാണ് അദ്ദേഹം കണ്ടത്. ചെളിയിൽ പുതഞ്ഞുപോയ വാഹനങ്ങളാണോ എന്നു തോന്നും. എന്നാൽ ഈ ഘടനകൾക്ക് ചരിത്രകാലത്തോളം പഴക്കമുണ്ടായിരുന്നു. ഗ്ലിപ്റ്റോഡോണുകളുടെ പുറന്തോടുകളായിരുന്നു ഇവ.

അമേരിക്കൻ വൻകരകളിൽ കാണപ്പെടുന്ന ആർമഡില്ലോ അഥവാ ഇത്തിൾപന്നിയെന്ന ജീവികളുടെ ചരിത്രാതീത കാല പതിപ്പും പൂർവികനുമായിരുന്നു ഗ്ലിപ്‌റ്റോഡോൺ. 1823ൽ ആണ് ഗ്ലിപ്‌റ്റോഡോണിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയത്. ഇന്നത്തെകാലത്തെ ഒരു ഹാച്ച്ബാക്ക് കാറിന്റെ വലുപ്പമുള്ളതായിരുന്നു ഈ ജീവി. ഇംഗ്ലിഷ് പ്രകൃതിശാസ്ത്രജ്ഞനായ റിച്ചഡ് ഓവനാണ് ഗ്ലിപ്‌റ്റോഡോൺ എന്ന പേര് ഈ ജീവിക്ക് നൽകിയത്. 10 മീറ്റർ വരെ നീളമുള്ള ഈ ജീവി 1000 കിലോ വരെ ഭാരം നേടിയിരുന്നു. ആമയുടേത് പോലൊരു വമ്പൻ പുറന്തോട് ഇവയ്ക്കുണ്ടായിരുന്നു. ആയിരക്കണക്കിന് കട്ടിയേറിയ ഭാഗങ്ങൾ കൂടിച്ചേർന്നായിരുന്നു ഇവയുണ്ടായത്.

11,700 വർഷം മുൻപാണ് അവസാനകാല ഗ്ലിപ്‌റ്റോഡോണുകൾ ഭൂമിയിൽ ജീവിച്ചത്. മനുഷ്യരോടൊപ്പം ഇവ ജീവിച്ചിരുന്നെന്നു സാരം. ഈ ജീവികൾ സസ്യാഹാരികളായിരുന്നു. ഇവർ മനുഷ്യരെ ഉപദ്രവിച്ചിരുന്നില്ല. എന്നാൽ മനുഷ്യർ ഇവയെ ആക്രമിച്ചിരുന്നു.
ഗ്ലിപ്‌റ്റോഡോണുകളെ വേട്ടയാടുന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഇവയുടെ പുറന്തോട് കടന്ന് ആയുധങ്ങൾ പ്രയോഗിക്കാൻ പാടായിരുന്നു, ഏറ്റവും അപകടകരമായ കാര്യം ഗ്ലിപ്റ്റാേഡോണുകളുടെ വാലുകളായിരുന്നു. അതീവ കഠിനമായ ഈ വാലുകൾ ചുഴറ്റി ഇവ അടിച്ചാൽ വലിയ ആഘാതം ഏൽക്കും. എങ്കിലും ഇവയുടെ മാംസം വലിയ അളവിലുണ്ടായിരുന്നു. മാത്രമല്ല, കട്ടിയേറിയ ഇവയുടെ പുറന്തോട് ഒരു താൽക്കാലിക താമസസ്ഥലമായും ആളുകൾ ഉപയോഗിച്ചിരുന്നു. ഇക്കാര്യങ്ങളാൽ ആദിമ മനുഷ്യർ ഗ്ലിപ്‌റ്റോഡോണുകളെ വേട്ടയാടാൻ തുടങ്ങി.
കട്ടിയുള്ള പുറന്തോടും മാരകമായ വാലും ഉണ്ടെങ്കിലും ഇവയുടെ വയർഭാഗം മൃദുവായതായിരുന്നു. അതിനാൽ തന്നെ ഗ്ലിപ്‌റ്റോഡോണുകളെ മറിച്ചിട്ടാൽ വേട്ടക്കാർക്ക് കാര്യങ്ങൾ എളുപ്പമായിരുന്നു. അർജന്റീനയിൽ ഗ്ലിപ്റ്റോഡോണുകളുടെ ഫോസിലുകൾ പല തവണ കണ്ടെത്തിയിട്ടുണ്ട്.