ചൂടു കൂടുന്നു, എയര്‍ ഫ്രഷ്നറും സ്പ്രേയും കാറിലുണ്ടോ? ഈ അപകടം നിങ്ങൾക്കും സംഭവിച്ചേക്കാം

Mail This Article
ദേഹം പൊള്ളിക്കും എന്നു തോന്നിപ്പിക്കും വിധമുള്ള ചൂടാണ് വേനല്‍കാലത്ത് കാറിനകത്തും പുറത്തും. പുറത്തെ ചൂട് ചിലപ്പോഴെങ്കിലും കാറിനകത്തേക്കും പകരാറുണ്ട്. എസി പ്രവര്‍ത്തിപ്പിച്ച് ഒരുപരിധി വരെ നമ്മളൊക്കെ ചൂടിനെ പ്രതിരോധിക്കാറുണ്ട്. അപ്പോള്‍ ഒരു പൊട്ടിത്തെറിക്കു കാരണമാവുന്ന വസ്തു പലരുടേയും കാറിനുള്ളില്‍ തന്നെയുണ്ടാവമെന്ന കാര്യം മറക്കരുത്. ചൂടു കൂടിയാല്‍ അപകടകരമായേക്കാവുന്ന വസ്തുക്കളില്‍ മുന്നിലാണ് എയര്‍ ഫ്രഷ്നറുകളുടെ സ്ഥാനം. എന്തൊക്കെയാണ് എയര്ഫ്രഷ്നറുകളുടെ അപകട സാധ്യതകള്‍?
നിങ്ങളുടെ കാറില്‍ എയര്‍ ഫ്രഷ്നറില്‍ നിന്നും മനോഹരമായ ഒരു സുഗന്ധം പരക്കുന്നു. അത് ആസ്വദിച്ച് ഇരിക്കുന്നതിനിടെ പെട്ടെന്ന് ഒരു പൊട്ടിത്തെറി സംഭവിച്ചാലോ? അങ്ങനെയൊരു സാധ്യത തള്ളിക്കളയാനാവില്ല. അമിതമായി ചൂടു പിടിച്ചാല്‍ എയര്‍ഫ്രഷ്നര്‍ പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്. മാത്രമല്ല എയര്ഫ്രഷ്നറില് നിന്നുള്ള രാസവസ്തുക്കള്‍ ചോര്‍ന്നാല്‍ പൊള്ളലിനും കണ്ണിന് പരിക്കേല്‍ക്കാനും സാധ്യത ഏറെയാണ്.
പല എയര്‍ഫ്രഷ്നറുകളും അമിതമായി ചൂടുപിടിച്ചാല്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നതാണ് ആശങ്കയുടെ അടിസ്ഥാനം. വേനലില്‍ കാറിനുള്ളിലാണെങ്കില്പോലും നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്ന സ്ഥലത്താണ് എയര്‍ഫ്രഷ്നര്‍ വെക്കുന്നതെങ്കിലാണ് അപകട സാധ്യത വര്‍ധിക്കുക. ഇത്തരം സാഹചര്യത്തില്‍ എയര്‍ഫ്രഷ്നര്‍ പൊട്ടിത്തെറിക്കാനും എയര്ഫ്രഷ്നറിലെ രാസവസ്തുക്കള്‍ ചോരാനുമാണ് സാധ്യത ഏറെയുള്ളത്.
ഇങ്ങനെയൊരു അപകട സാധ്യതയുണ്ടെന്ന് തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. വാഹനങ്ങളിലെ ദുര്‍ഗന്ധം ഒഴിവാക്കി സുഗന്ധം പരത്താനാണ് എയര്‍ഫ്രഷ്നറുകള്‍ ഉപയോഗിക്കുന്നത്. എയര്‍ഫ്രഷ്നറുകള്‍ പുറമേ നിന്നും ചൂടായാല്‍ അവക്കുള്ളിലെ രാസവസ്തുക്കള്‍ അതിലേറെ ചൂടാവും. ഇത് എയര്ഫ്രഷ്നറിന് താങ്ങാനാവുന്നതിനും അപ്പുറത്തേക്കുള്ള സമ്മര്ദത്തിലേക്കെത്തുമ്പോള് അത് പൊട്ടിത്തെറിയില്‍ കലാശിക്കും.
എയര്‍ഫ്രഷ്നറുകള്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. അതില്‍ പ്രധാനം കാറിനുള്ളില്‍ എയര്‍ഫ്രഷ്നറുകള്‍ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ഭാഗത്ത് വെക്കരുത് എന്നതാണ്. ഹീറ്ററുകള്‍ പോലെ ചൂട് പുറന്തള്ളുന്ന എന്തെങ്കിലും വസ്തു കാറിനുള്ളിലുണ്ടെങ്കില് അതിന് അടുത്ത് എയര്‍ഫ്രഷ്നര്‍ വെക്കരുത്. എയര്‍ഫ്രഷ്നറുകള്‍ ഇടക്കെങ്കിലും എടുത്തു പരിശോധിച്ച് ചോര്‍ച്ചയില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. മികച്ച ബ്രാന്‍ഡുകളുടെ എയര്‍ഫ്രഷ്നറുകളും തെരഞ്ഞെടുക്കുന്നതും സുരക്ഷാ നിര്‍ദേശങ്ങള്‍ വാങ്ങുന്നതിന് മുമ്പു തന്നെ വായിച്ചു നോക്കുന്നതും ഉചിതമാണ്.
തൊലിപ്പുറത്തെ ചെറിയ പൊള്ളലുകളും ചൊറിച്ചിലുകളും മുതല്‍ കണ്ണിനും കാഴ്ച്ചക്കും ഗുരുതരമായ പരിക്കേല്‍ക്കുന്നതിനു വരെ എയര്ഫ്ഷനറുകള് കാരണമായിട്ടുണ്ട്. പൊട്ടിത്തെറിയോ ചോര്‍ച്ചയോ സംഭവിച്ചാല്‍ എത്രയും വേഗം വൈദ്യ സഹായം ഉറപ്പാക്കുകയാണ് വേണ്ടത്.