എങ്കിലും പന്തേ, ആ സ്റ്റംപിങ് ചാൻസ്...; ആവേശപ്പോരാട്ടത്തിൽ അശുതോഷ് (66 നോട്ടൗട്ട്) രക്ഷകനായി, ഡൽഹിക്ക് 1 വിക്കറ്റ് വിജയം– വിഡിയോ

Mail This Article
വിശാഖപട്ടണം ∙ ഷഹബാസ് അഹമ്മദ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ മോഹിത് ശർമയെ സ്റ്റംപ് ചെയ്യാൻ ലഭിച്ച അവസരം പാഴാക്കിയ ഋഷഭ് പന്തിന് ഇനി സ്വയം പഴിക്കാം. തോൽവി ഉറപ്പിച്ചിടത്തുനിന്ന് അസാമാന്യ കരുത്തോടെ തിരിച്ചടിച്ച് ഐപിഎലിലെ ആവേശപ്പോരാട്ടത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് വിജയം. പൊരുതിക്കളിച്ച ലക്നൗവിനെ, ഒറ്റ വിക്കറ്റിനാണ് ഡൽഹി മറികടന്നത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റു ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 209 റൺസ്. മറുപടി ബാറ്റിങ്ങിൽ മൂന്നു പന്തും ഒരു വിക്കറ്റും ബാക്കിയാക്കി ഡൽഹി വിജയത്തിലെത്തി.
31 പന്തിൽ അഞ്ച് വീതം സിക്സും ഫോറും സഹിതം 66 റൺസുമായി പുറത്താകാതെ നിന്ന ഇംപാക്ട് പ്ലെയർ അശിതോഷ് ശർമയുടെ ‘ഇംപാക്ടാ’ണ് ഡൽഹിക്ക് ആവേശജയം സമ്മാനിച്ചത്. 210 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുമ്പോൾ ഒരു ഘട്ടത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഏഴു റൺസ് എന്ന നിലയിൽ തകർന്നിടത്തു നിന്നാണ്, അശുതോഷിന്റെ നേതൃത്വത്തിൽ ഡൽഹി തിരിച്ചടിച്ചത്. ഏഴാം വിക്കറ്റിൽ അശുതോഷ് – വിപ്‌രാജ് സഖ്യം 22 പന്തിൽ അടിച്ചുകൂട്ടിയ 55 റൺസ് ഡൽഹി വിജയത്തിൽ നിർണായകമായി.
വൈസ് ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി (18 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 29), ക്യാപ്റ്റൻ അക്ഷർ പട്ടേൽ (11 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 22), ട്രിസ്റ്റൻ സ്റ്റബ്സ് (22 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 34), വിപ്‌രാജ് നിഗം(15 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 39) എന്നിവരാണ് ഡൽഹി വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. അഞ്ച് പന്തിൽ ഒരു ഫോർ സഹിതം അഞ്ച് റണ്‍സെടുത്ത കുൽദീപും വിജയത്തിലേക്ക് സംഭാവന നൽകി. മോഹിത് ശർമ അവസാന വിക്കറ്റിൽ രണ്ടു പന്തിൽ നിർണായക സിംഗിളെടുത്ത് ടീമിന്റെ വിജയത്തിലേക്ക് വഴിവെട്ടി.
ഓപ്പണർ ജെയ്ക് ഫ്രേസർ മക്‌ഗൂർക് (ഒന്ന്), അഭിഷേക് പോറൽ(0), സമീർ റിസ്‌വി (നാല്), മിച്ചൽ സ്റ്റാർക്ക് (അഞ്ച് പന്തിൽ രണ്ട്) എന്നിവർ നിരാശപ്പെടുത്തി. ലക്നൗവിനായി ഷാർദുൽ താക്കൂർ രണ്ട് ഓവറിൽ 19 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. എം. സിദ്ധാർഥ് നാല് ഓവറിൽ 39 റൺസ് വഴങ്ങിയും ദിഗ്‌വേശ് റാത്തി നാല് ഓവറിൽ 31 റൺസ് വഴങ്ങിയും രവി ബിഷ്ണോയ് നാല് ഓവറിൽ 53 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
∙ രക്ഷകരായി പുരാൻ, മാർഷ്
സ്ഫോടനാത്മക ബാറ്റിങ്ങുമായി ലക്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയ ആദ്യപകുതി. അസാമാന്യ തിരിച്ചുവരവുമായി ഡൽഹി ക്യാപിറ്റൽസ് അടയാളപ്പെടുത്തിയ രണ്ടാംപകുതി. ഇരു ടീമുകളും ഊഴമിട്ട് ആധിപത്യം പുലർത്തിയ ഇന്നിങ്സിനൊടുവിലാണ് ലക്നൗ സൂപ്പർ ജയന്റ്സ് ഡൽഹി ക്യാപിറ്റൽസിനു മുന്നിൽ 210 റൺസ് വിജയലക്ഷ്യം ഉയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ, നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 209 റൺസെടുത്തത്. നിക്കൊളാസ് പുരാൻ (75), ഓപ്പണർ മിച്ചൽ മാർഷ് (72) എന്നിവരുടെ പ്രകടനമാണ് ലക്നൗവിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.
രണ്ടാം വിക്കറ്റിൽ 42 പന്തിൽനിന്ന് 87 റൺസ് അടിച്ചെടുത്ത മിച്ചൽ മാർഷ് – നിക്കൊളാസ് പുരാൻ സഖ്യമാണ് ലക്നൗ ഇന്നിങ്സിന് അടിത്തറയിട്ടത്. ഓപ്പണിങ് വിക്കറ്റിൽ എയ്ഡൻ മർക്രം – മിച്ചൽ മാർഷ് സഖ്യം 20 പന്തിൽനിന്ന് 46 റൺസ് അടിച്ചുകൂട്ടിയതും നിർണായകമായി. മർക്രം 13 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 15 റൺസെടുത്ത് പുറത്തായി. ആദ്യത്തെ 81 പന്തിൽനിന്ന് രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ 161 റൺസ് അടിച്ചെടുത്ത് കൂറ്റൻ സ്കോറിന് അടിത്തറയിട്ടതാണ് ലക്നൗ. എന്നാൽ, പിന്നീട് മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്ന ഡൽഹി ബോളർമാർ അവരെ 209 റൺസിൽ തളച്ചു. അതായത് ശേഷിച്ച 39 പന്തിൽനിന്ന് ആറു വിക്കറ്റ് നഷ്ടത്തിൽ ലക്നൗവിന് നേടാനായത് 48 റൺസ് മാത്രം! അതിൽത്തന്നെ അവസാന രണ്ടു പന്തിൽനിന്ന് ഡേവിഡ് മില്ലർ സിക്സറിലൂടെ നേടിയ 12 റൺസുമുണ്ട്.
ക്യാപ്റ്റൻ കൂടിയായ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ലക്നൗ ജഴ്സിയിലെ അരങ്ങേറ്റം കയ്പുനിറഞ്ഞ അനുഭവമായി. ആറു പന്തുകൾ നേരിട്ട ക്യാപ്റ്റൻ, അക്കൗണ്ട് തുറക്കാനാകാതെ ഡക്കിനു പുറത്തായി. ആയുഷ് ബദോനി (അഞ്ച് പന്തിൽ നാല്), ഷാർദുൽ താക്കൂർ (0), ഷഹബാസ് അഹമ്മദ് (എട്ടു പന്തിൽ ഒൻപത്), രവി ബിഷ്ണോയ് (0) എന്നിവരും നിരാശപ്പെടുത്തി. ഡേവിഡ് മില്ലർ 19 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 27 റൺസുമായി പുറത്താകാതെ നിന്നു. ഡൽഹി ക്യാപിറ്റൽസിനായി മിച്ചൽ സ്റ്റാർക്ക് നാല് ഓവറിൽ 42 റൺസ് വഴങ്ങി മൂന്നു വിക്കറ്റും കുൽദീപ് യാദവ് നാല് ഓവറിൽ 22 റൺസ് വഴങ്ങി രണ്ടു വിക്കറ്റുമെടുത്തു. വിപ്‌രാജ് നിഗം രണ്ട് ഓവറിൽ 35 റൺസ് വഴങ്ങിയും മുകേഷ് കുമാർ രണ്ട് ഓവറിൽ 22 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ലക്നൗ സൂപ്പർ ജയന്റ്സിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. മുൻ ലക്നൗ താരം കൂടിയായ ഡൽഹിയുടെ കെ.എൽ. രാഹുൽ ഇന്ന് കളിക്കുന്നില്ല. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് താരം ടീമിൽനിന്ന് വിട്ടുനിൽക്കുന്നത്. മാർച്ച് 30ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനു മുന്നോടിയായി രാഹുൽ ടീമിനൊപ്പം ചേരും.