ഇന്ത്യയിലെ ഈ സംസ്ഥാനത്ത് വെറുതെ പോകാൻ കഴിയില്ല; പ്രവേശന ഫീസ് 50 രൂപ

Mail This Article
യാത്ര ചെയ്തിട്ടുള്ളവർ ആണെങ്കിൽ പലയിടത്തും പ്രവേശന ഫീസ് കൊടുത്തിട്ടുള്ളവർ ആയിരിക്കും. കാട്ടിൽ കയറാനും പാർക്കിൽ കയറാനും മ്യൂസിയം കാണാനും എല്ലാം പ്രവേശനഫീസ് നിർബന്ധമാണ്. എന്നാൽ, ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് പ്രവേശിക്കണമെങ്കിൽ പ്രവേശനഫീസ് നൽകണം. ഞെട്ടിയോ? ഞെട്ടേണ്ട, സംഗതി സത്യമാണ്. വടക്കു കിഴക്കൻ സംസ്ഥാനമായ സിക്കിമിൽ പ്രവേശിക്കണമെങ്കിൽ 50 രൂപ പ്രവേശനഫീസ് ആയി നൽകണം. 2025 മാർച്ച് മുതൽ ഈ പ്രവേശന ഫീസ് ബാധകമാണ്.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സിക്കിം റജിസ്ട്രേഷൻ ഓഫ് ടൂറിസ്റ്റ് ട്രേഡ് റൂൾസ് 2025 ആണ് ഈ പുതിയ പ്രവേശന ഫീസ് കൊണ്ടു വന്നത്. ഹോട്ടൽ ചെക്ക് - ഇൻ ചെയ്യുന്ന സമയത്ത് ആയിരിക്കും പ്രധാനമായും ഈ പ്രവേശന ഫീസ് ഈടാക്കുക. സിക്കിമിലേക്ക് എത്തുന്ന എല്ലാ സന്ദർശകർക്കും ഈ ഫീസ് ബാധകമാണ്. അതേസമയം, അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്കും സർക്കാരിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി എത്തുന്നവർക്കും ഈ പ്രവേശനഫീസ് ബാധകമായിരിക്കില്ല.

സിക്കിമിലേക്ക് എത്തുന്ന സന്ദർശകർ നൽകുന്ന പ്രവേശന ഫീസ് – 50 രൂപ 30 ദിവസത്തേക്ക് മാത്രമായിരിക്കും. ഈ കാലാവധി കഴിഞ്ഞതിനു ശേഷം സംസ്ഥാനത്ത് നിന്ന് പുറത്തു പോയി വീണ്ടും സംസ്ഥാനത്തേക്ക് വരികയാണെങ്കിൽ അപ്പോഴും പ്രവേശനഫീസ് – 50 രൂപ നൽകണം. സിക്കിമിൽ സസ്റ്റയിനബിൾ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയതായി പ്രവേശന ഫീസ് ഈടാക്കിയിരിക്കുന്നത്.

പ്രവേശനഫീസ് ആയി ഈടാക്കുന്ന 50 രൂപ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനും പൊതു സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സിക്കിമിന്റെ പ്രകൃതിയും സാംസ്കാരിക പൈതൃകവും കാത്തു സൂക്ഷിക്കുന്നതിനുമാണ് ഉപയോഗിക്കുക. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖല കൂടുതൽ സജീവമായി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിനോദസഞ്ചാര വികസനത്തിന് ഒപ്പം പരിസ്ഥിതി സംരക്ഷണവും ഒരുമിച്ചു കൊണ്ടു പോകുന്നതിനാണ് ഈ ഫീസ്. പ്രവേശന ഫീസ് ആയി ഈടാക്കുന്ന തുക ടൂറിസം സസ്റ്റയിനബിലിറ്റി ഡെവലപ്മെന്റ് ഫണ്ടിലേക്ക് ആയിരിക്കും വകയിരുത്തുക. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തേക്ക് എത്തുന്ന സന്ദർശകർക്ക് പ്രവേശനഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
∙ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന സിക്കിം
ഗാങ്ടോക്ക്, യക്സം, ട്സോംഗോ തടാകം, നഥുല പാസ്, പെല്ലിംഗ്, ലാചംഗ്, രവംഗ്ല എന്ന് തുടങ്ങി നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് സഞ്ചാരികളെ കാത്ത് സിക്കിമിൽ ഉള്ളത്.
ഹിമതടാകമായ സോംഗോ സിക്കിമിൽ വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സോംഗോ തടാകത്തിന് ചംഗു തടാകമെന്നും വിളിപ്പേരുണ്ട്. 12, 313 അടി ഉയരത്തിലാണ് തടാകം സ്ഥിതി ചെയ്യുന്നത്. പ്രകൃതി വിസ്മയം മാത്രമല്ല ഒപ്പം പ്രദേശവാസികൾക്കു സാംസ്കാരികമായ പ്രാധാന്യമുള്ളൊരു തടാകം കൂടിയാണ് ഇത്. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ ഈ തടാകം മഞ്ഞുകാലത്ത് തണുത്തുറഞ്ഞ് ഒരു ഹിമതടാകമായി മാറും.
ഹിമാലയൻ മലനിരയിലെ പ്രധാനപാതയായ നഥുല ഇന്ത്യയ്ക്കും ടിബറ്റിനും ഇടയിലെ സുപ്രധാന വ്യാപര പാതയാണ്. 14, 140 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പുരാതനമായ സിൽക്ക് റൂട്ടിന്റെ ഭാഗം കൂടിയായിരുന്നു ഈ പാത. എന്നാൽ ഇപ്പോൾ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു പ്രധാനകേന്ദ്രമാണ് നഥുല. സാഹസികതയുടെയും ശാന്തതയുടെയും സംഗമവേദിയെന്ന് വേണമെങ്കിൽ നഥുലയെ വിശേഷിപ്പിക്കാം.