തോറ്റെങ്കിലും അതിഗംഭീരം ഗുജറാത്ത് ഇന്നിങ്സ്; ‘ഹൈ വോൾട്ട്’ പ്രകടനത്തിൽ പഞ്ചാബ് ‘രക്ഷപെട്ടു’

Mail This Article
അഹമ്മദാബാദ് ∙ ജഴ്സിയുടെ നിറമോ കളിയുടെ ഫോർമാറ്റോ മാറിക്കോട്ടെ; പക്ഷേ, തന്റെ മിന്നുംഫോമിൽ യാതൊരു മാറ്റവും പ്രതീക്ഷിക്കേണ്ടെന്ന് അടിവരയിടുന്ന പ്രകടനവുമായി ശ്രേയസ് അയ്യർ (42 പന്തിൽ 97 നോട്ടൗട്ട്) കത്തിക്കയറിയ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിങ്സിന് 11 റൺസിന്റെ ആവേശ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 243 റൺസ് നേടിയപ്പോൾ ഗുജറാത്തിന്റെ വീരോചിത പോരാട്ടം 232 റൺസിൽ അവസാനിച്ചു. സ്കോർ: പഞ്ചാബ് 20 ഓവറിൽ 5ന് 243. ഗുജറാത്ത് 20 ഓവറിൽ 5ന് 232. വെടിക്കെട്ട് ഇന്നിങ്സുമായി ടീമിനെ മുന്നിൽ നിന്നു നയിച്ച ശ്രേയസ് അയ്യരാണ് പ്ലെയർ ഓഫ് ദ് മാച്ച്.
ഗംഭീരം ഗുജറാത്ത്
കൂറ്റൻ വിജയലക്ഷ്യത്തിനു മുന്നിൽ പതറാതെയായിരുന്നു ഗുജറാത്തിന്റെ പോരാട്ടം. ജോസ് ബട്‌ലർക്കു പകരം സായ് സുദർശനാണ് (41 പന്തിൽ 71) ശുഭ്മൻ ഗില്ലിനൊപ്പം (14 പന്തിൽ 33) ഇന്നിങ്സ് ഓപ്പൺ ചെയ്യാനെത്തിയത്. ആദ്യ ഓവർ മുതൽ ആക്രമിച്ചു കളിക്കാനായിരുന്നു ഇരുവരുടെയും തീരുമാനം. എന്നാൽ പവർപ്ലേയുടെ അവസാന ഓവറിൽ ഗില്ലിനെ പുറത്താക്കിയ ഗ്ലെൻ മാക്സ്‌വെൽ ഗുജറാത്തിന്റെ കുതിപ്പിന് കടിഞ്ഞാണിട്ടു. പവർപ്ലേ അവസാനിക്കുമ്പോൾ ഒന്നിന് 61 എന്ന നിലയിലായിരുന്നു ഗുജറാത്ത്.
പിന്നാലെയെത്തിയ ജോസ് ബട്‌ലറെ (33 പന്തിൽ 54) കൂട്ടുപിടിച്ച് പട നയിച്ച സായ്, 9.2 ഓവറിൽ ടീം സ്കോർ 100 കടത്തി. രണ്ടാം വിക്കറ്റിൽ ഇരുവരും ആക്രമിച്ചു കളിക്കാൻ തുടങ്ങിയതോടെ ഗുജറാത്ത് പതിയെ മത്സരത്തിൽ പിടിമുറുക്കിയെന്നു തോന്നിച്ച ഘട്ടത്തിലാണ് തന്റെ രണ്ടാം സ്പെല്ലിനെത്തിയ അർഷ്ദീപ് സിങ് സായ് സുദർശനെ വീഴ്ത്തി പഞ്ചാബിന് പ്രതീക്ഷ നൽകിയത്. മൂന്നാം വിക്കറ്റിൽ ഇംപാക്ട് പ്ലെയറായി എത്തിയ ഷെർഫെയ്ൻ റുഥർഫോർഡിലായിരുന്നു (28 പന്തിൽ 46) ഗുജറാത്തിന്റെ ബാക്കിയുള്ള പ്രതീക്ഷ.
റുഥർഫോർഡും ബട്‌ലറും ചേർന്നു പതിയെ സ്കോർ ബോർഡ് മുന്നോട്ടു ചലിപ്പിച്ചെങ്കിലും ഡെത്ത് ഓവറിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ പഞ്ചാബ് പേസർമാർ ഗുജറാത്തിനെ വരിഞ്ഞുകെട്ടി. 17–ാം ഓവറിലെ അവസാന പന്തിൽ ബട്‌ലറെ മാർക്കോ യാൻസൻ വീഴ്ത്തിയതോടെ ഗുജറാത്ത് ക്യാംപിൽ നിരാശ പടർന്നു. അർഷ്ദീപ് സിങ് എറിഞ്ഞ അവസാന ഓവറിൽ 33 റൺസായിരുന്നു ഗുജറാത്തിന് ജയിക്കാൻ വേണ്ടത്. ആദ്യ പന്തിൽ രാഹുൽ തെവാത്തിയ (2 പന്തിൽ 6) റണ്ണൗട്ട്. രണ്ടാം പന്തിൽ സിക്സും അടുത്ത പന്തിൽ ഡബിളും നേടിയ റുഥർഫോർഡ് നാലാം പന്തിൽ ഔട്ടായതോടെ ഗുജറാത്തിന്റെ പ്രതീക്ഷകൾ പൂർണമായി അസ്തമിച്ചു.
ഹൈവോൾട്ട് പഞ്ചാബ്
നേരത്തേ പ്രഭ്സിമ്രാൻ സിങ്ങിനൊപ്പം (8 പന്തിൽ 5) അരങ്ങേറ്റക്കാരൻ പ്രിയാംശ് ആര്യയാണ് (23 പന്തിൽ 47) പഞ്ചാബിന്റെ ഇന്നിങ്സ് ഓപ്പൺ ചെയ്തത്. നേരിട്ട രണ്ടാം പന്തിൽ തന്നെ ബൗണ്ടറിയോടെ പ്രിയാംശ് അക്കൗണ്ട് തുറന്നെങ്കിലും മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ ഓവറിൽ 8 റൺസ് മാത്രമാണ് പഞ്ചാബിന് നേടാനായത്. നാലാം ഓവറിൽ ഓപ്പണർ പ്രഭ്സിമ്രാനെ മടക്കിയ കഗീസോ റബാദ പഞ്ചാബിന് ആദ്യ പ്രഹരം ഏൽപിച്ചു. എന്നാൽ തൊട്ടടുത്ത ഓവറിൽ 3 ഫോറും ഒരു സിക്സുമടക്കം 21 റൺസ് നേടിയ പ്രിയാംശ് സ്കോർ ബോർഡ് മുന്നോട്ടുനീക്കി. അടുത്ത ഓവറിൽ 10 റൺസ് കൂടി കൂട്ടിച്ചേർത്ത പഞ്ചാബ്, പവർപ്ലേ അവസാനിപ്പിച്ചത് ഒന്നിന് 73 എന്ന നിലയിൽ. പവർപ്ലേ അവസാനിച്ചതിനു പിന്നാലെ പന്തെടുത്ത റാഷിദ് ഖാനാണ് പ്രിയാംശിനെ പുറത്താക്കി ഗുജറാത്തിന് വീണ്ടും മത്സരത്തിൽ മേൽക്കൈ നൽകിയത്. 23 പന്തിൽ 2 സിക്സും 7 ഫോറും അടങ്ങുന്നതായിരുന്നു പ്രിയാംശിന്റെ ഇന്നിങ്സ്.
പ്രിയാംശ് വീണതോടെ പ്രതിരോധത്തിലേക്കു വലിഞ്ഞ ശ്രേയസ് അയ്യരും അസ്മത്തുല്ല ഒമർസായിയും (15 പന്തിൽ 16) ചേർന്ന് മറ്റു പരുക്കുകൾ ഇല്ലാതെ 10 ഓവറിൽ സ്കോർ 104ൽ എത്തിച്ചു. സായ് കിഷോർ എറിഞ്ഞ 11–ാം ഓവറിൽ കാര്യങ്ങൾ വീണ്ടും മാറിമറിഞ്ഞു. ഒമർസായിയെയും ഗ്ലെൻ മാക്സ്‌വെലിനെയും (0) അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ സായ് പഞ്ചാബിനെ ഞെട്ടിച്ചു. വൈകാതെ മാർക്കസ് സ്റ്റോയ്നിസും (15 പന്തിൽ 30) മടങ്ങിയെങ്കിലും പിന്നാലെ എത്തിയ ശശാങ്ക് സിങ്ങിനെ (16 പന്തിൽ 44 നോട്ടൗട്ട്) കൂട്ടുപിടിച്ച് ശ്രേയസ് ടീമിനെ മുന്നോട്ടുനയിച്ചു. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 17–ാം ഓവറിൽ 3 സിക്സും ഒരു ഫോറുമടക്കം 24 റൺസാണ് ശ്രേയസ് അടിച്ചുകൂട്ടിയത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയത് 28 പന്തിൽ 81 റൺസ്. 42 പന്തിൽ 9 സിക്സും 5 ഫോറും അടങ്ങുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിങ്സ്. ഗുജറാത്തിനായി സായ് കിഷോർ 3 വിക്കറ്റ് വീഴ്ത്തി.