ആദ്യ 20 പന്തിൽ 20 റൺസ്, അവസാന 11 പന്തിൽ 46 റണ്സും ഡൽഹിക്ക് അവിശ്വസനീയ വിജയവും: അത്ഭുതം, അമ്പരപ്പ്, അശുതോഷ് !

Mail This Article
വിശാഖപട്ടണം ∙ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ ഐപിഎൽ മത്സരത്തിൽ അശുതോഷ് ശർമ ക്രീസിലെത്തുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 113 എന്ന നിലയിലായിരുന്നു ഡൽഹി ക്യാപിറ്റൽസ്. 210 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മുന്നിൽ നിൽക്കെ വെറും 2 ശതമാനം വിജയ സാധ്യതയായിരുന്നു ക്രിക്കറ്റ് അനലിസ്റ്റുകൾ ഡൽഹിക്ക് പ്രവചിച്ചത്. പക്ഷേ ഇൻജറി ടൈമിന്റെ അവസാന നിമിഷം എതിരാളികളുടെ നെഞ്ചുതകർത്തു നേടുന്ന വിജയഗോൾ പോലെ, അവസാന ഓവറുകളിലെ അശുതോഷിന്റെ അപ്രതീക്ഷിത വെടിക്കെട്ട് ഡൽഹിക്ക് സമ്മാനിച്ചത് അവിശ്വസനീയ ജയം.
ക്രിക്കറ്റിലെ ഇംപാക്ട് പ്ലെയർ നിയമത്തെക്കുറിച്ച് വാദപ്രതിവാദങ്ങൾ തുടരുമ്പോഴും സീസണിൽ ഏറ്റവും ഇംപാക്ടുണ്ടാക്കിയ ബാറ്റിങ് പ്രകടനങ്ങളിലൊന്നായി മാറി മധ്യപ്രദേശ് സ്വദേശിയായ അശുതോഷിന്റെ മാസ്മരിക ഇന്നിങ്സ്.
45 പന്തിൽ ജയിക്കാൻ 97 റൺസ് വേണ്ടിയിരിക്കെ പതുങ്ങിയായിരുന്നു അശുതോഷിന്റെ ബാറ്റിങ് തുടക്കം. വിപ്‍രാജ് നിഗം (15 പന്തിൽ 39) മറുവശത്ത് ആഞ്ഞടിക്കുമ്പോഴും ആദ്യ 20 പന്തിൽ 20 റൺസ് മാത്രം നേടാനായ ഇരുപത്താറുകാരൻ ഒന്നു പൊരുതി നോക്കുന്നതിന്റെ ലക്ഷണം പോലും തുടക്കത്തിൽ കാട്ടിയില്ല. 17–ാം ഓവറിൽ വിപ്‍രാജ് പുറത്തായതോടെ കളി കൈവിട്ടെന്നുറപ്പിച്ച ഡൽഹി ആരാധകരെയാണ് അടുത്ത 11 പന്തിൽ 46 റൺസ് നേടിയ വെടിക്കെട്ടിലൂടെ അശുതോഷ് അമ്പരപ്പിച്ചത്.
ഒരറ്റത്ത് തുടരെ വിക്കറ്റുകൾ വീണപ്പോഴും കിട്ടിയ പന്തുകളിൽ ആഞ്ഞടിച്ച് റൺറേറ്റ് നിലനിർത്തി. 18, 19 ഓവറുകളിൽ അവസാനത്തെ 3 പന്ത് മാത്രം നേരിടാനായ താരം ആ 6 പന്തുകളിൽനിന്നു നേടിയ 28 റൺസാണ് ഡൽഹിയുടെ വിജയമുറപ്പാക്കിയത്.
3.8 കോടി രൂപയ്ക്ക് ഇത്തവണ ഡൽഹി ടീമിലെത്തിയ അശുതോഷ് ബാറ്റുകൊണ്ട് കണക്കുകൂട്ടി വിജയ സമവാക്യങ്ങളെ അട്ടിമറിക്കുന്നത് ഐപിഎലിൽ ഇതാദ്യമല്ല. കഴിഞ്ഞ സീസണിൽ പഞ്ചാബിന്റെ താരമായിരുന്ന അശുതോഷ് 3 മത്സരങ്ങളിൽ ബാറ്റിങ്ങിനെത്തിയത് ഇംപാക്ട് പ്ലെയറായാണ്.
ഗുജറാത്തിനെതിരായ മത്സരത്തിൽ ഒരു പന്ത് ബാക്കിനിൽക്കെ പഞ്ചാബ് നേടിയ നാടകീയ വിജയത്തിൽ നിർണായകമായത് ശശാങ്ക് സിങ്ങും (29 പന്തിൽ 61) അശുതോഷ് ശർമയും (17 പന്തിൽ 31) ചേർന്ന് ഏഴാം വിക്കറ്റിൽ നടത്തിയ പോരാട്ടമാണ്. മുംബൈയ്ക്കെതിരായ മത്സരത്തിൽ അർധ സെഞ്ചറി നേടിയ താരം (31 പന്തിൽ 66*) ഹൈദരാബാദിനും (15 പന്തിൽ 33*) രാജസ്ഥാനുമെതിരായ (16 പന്തിൽ 31) മത്സരങ്ങളിലും എട്ടാമനായി ബാറ്റിങ്ങിനെത്തി തകർത്തടിച്ചു.