സ്റ്റീഫന്റെ തിരോധാനം; അദൃശ്യനായ പ്രതിനായകൻ; എന്താണ് ‘എമ്പുരാന്റെ’ എക്സ് ഫാക്റ്റേഴ്സ്

Mail This Article
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ പ്രി ബുക്കിങ് റെക്കോർഡുകളെല്ലാം പഴകഥയാക്കി ‘എമ്പുരാൻ’ വരവറിയിച്ചു കഴിഞ്ഞു. മാർച്ച് 27-നു ലൂസിഫർ ഫ്രാഞ്ചൈസിലെ രണ്ടാമത്തെ ചിത്രം തിയറ്ററിലേക്ക് എത്തുമ്പോൾ അത് പുതിയൊരു ചരിത്രമായി മാറും. മലയാളത്തിൽ നിന്നുള്ള ആദ്യത്തെ ഐ-മാക്സ് ചിത്രമായ ‘എമ്പുരാൻ’ ഒരു ഹോളിവുഡ് സിനിമയുടെ സാങ്കേതികത്തികവോടെയാണ് പ്രേക്ഷകർക്കു മുന്നിലേക്ക് എത്തുന്നത്. ലോകമെമ്പാടുമുള്ള മലയാളികൾ ആവേശത്തോടെയും അഭിമാനത്തോടെയും കാത്തിരിക്കുകയാണ് ‘എമ്പുരാന്റെ’ എഴുന്നള്ളത്തിനായി. എന്താണ് എമ്പുരാന്റെ എക്സ് ഫാക്റ്റേഴ്സ് എന്ന് നോക്കാം.
സ്റ്റീഫനും ഖുറേഷിക്കുമിടയിലെ 26 വർഷങ്ങൾ…
ബാഹുബലിയുടെ ബ്രഹ്മാണ്ഡ വിജയത്തോടെയാണ് ഇന്ത്യൻ സിനിമയിൽ രണ്ടാം ഭാഗങ്ങൾക്ക് പ്രിയമേറുന്നത്. കെജിഎഫ്, പുഷ്പ സിനിമകളുടെ രണ്ടാം ഭാഗത്തെയും ഹർഷാരവത്തോടെയാണ് പ്രേക്ഷകർ വരവേറ്റത്. ‘കട്ടപ്പ എന്തിന് ബാഹുബലിയെ കൊലപ്പെടുത്തിയെന്ന’ ചോദ്യമായിരുന്നു രണ്ടാം ഭാഗത്തിലേക്ക് പ്രേക്ഷകരെ ആകർക്ഷിച്ച സസ്പെൻസ് ഫാക്ടർ.
പതിനഞ്ചാം വയസ്സിൽ ഫാദർ നെടുമ്പള്ളിയുടെ അനാഥാലയത്തിൽ നിന്ന് കാണാതായ സ്റ്റീഫൻ നെടുമ്പള്ളി തിരിച്ചെത്തുന്നത് 26 വർഷങ്ങൾക്കു ശേഷമാണ്. 15നും 41 വയസ്സിനുമിടയിലുള്ള സ്റ്റീഫന്റെ തിരോധാനവും ഖുറേഷി അബ്റാമിലേക്കുള്ള അയാളുടെ വളർച്ചയുമാണ് എമ്പുരാന്റെ സെല്ലിങ് പോയിന്റ്. സ്റ്റീഫനും പി.കെ. രാംദാസും തമ്മിലുള്ള ബന്ധം എന്താണെന്ന ചോദ്യത്തിനും രണ്ടാഭാഗം ഉത്തരം കണ്ടെത്തിയേക്കാം.

ലൂസിഫർ ഫ്രാഞ്ചൈസിൽ മൂന്നു ചിത്രങ്ങളാണുള്ളത്. ആദ്യ ചിത്രം ലൂസിഫറിനു ലഭിച്ച വിജയമാണ് രണ്ടാം ചിത്രത്തിനു വഴിയൊരിക്കിയത്. ലൂസിഫറിന്റെ വിജയം തുറന്ന വിപണി സാധ്യതകൾക്കൂടി കണക്കിലെടുത്ത് വലിയ കാൻവാസിലാണ് എമ്പുരാൻ അണിയിച്ച് ഒരുക്കിയിരിക്കുന്നത്. എമ്പുരാന്റെ വിജയത്തെ ആശ്രയിച്ചിരിക്കും ഫ്രാഞ്ചൈസിലെ മൂന്നാം ചിത്രത്തിന്റെ പ്രഖാപനം.
ചുവന്ന ഡ്രാഗൺ ചിഹ്നത്തിൽ ഒളിപ്പിച്ച പ്രതിനായകൻ
എമ്പുരാനെ ആവേശഭരിതമാക്കുന്ന രണ്ടാമാത്തെ ഘടകം അദൃശ്യനായ പ്രതിനായകനാണ്. വെളുത്ത ഷർട്ടിൽ ചുവന്ന ഡ്രാഗൺ ചിഹ്നം പതിച്ച് പുറംതിരിഞ്ഞ് നിൽക്കുന്ന പ്രതിനായകന്റെ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടതോടെ സോഷ്യൽ മീഡിയയിൽ അതരാകും എന്ന ചർച്ചകളും കൊടുമ്പിരി കൊള്ളാൻ തുടങ്ങിയിരുന്നു. മലയാളത്തിലെയും ബോളിവുഡിലെയും ഹോളിവുഡിലെയും പ്രമുഖ നടൻമാരുടെ പേരുകൾ മുൻനിർത്തിയുള്ള ചർച്ചകൾ സജീവമായി. ട്രെയിലർ പുറത്തു വരുമ്പോഴും പ്രതിനായകനിലെ കൗതുകം അണിയറ പ്രവർത്തകർ നിലനിർത്തുന്നുണ്ട്.
വെളുത്ത കുപ്പായത്തിൽ നിന്ന് കറുത്ത കുപ്പായത്തിലേക്ക് മാറുമ്പോഴും പിന്നിലെ ചുവന്ന ഡ്രാഗൺ ചിഹ്നം അതുപോലെ തന്നെയുണ്ട്. നായകനായ മോഹൻലാലിന്റെ കഥാപാത്രങ്ങൾക്കും സംവിധായകനും തിരക്കഥാകൃത്തും കറുപ്പും വെളുപ്പും വേഷങ്ങൾ നൽകുന്നുണ്ട്. ഇത് കേവലമൊരു യാദൃച്ഛികതയാണെന്നു കരുതാൻ കഴിയില്ല. മുരളി ഗോപിയുടെ രചനയിൽ ഉണ്ടായിട്ടുള്ള കഥാപാത്രങ്ങൾക്കെറെയും ഇത്തരമൊരു ഗ്രേ ഷെയ്ഡ് ദൃശ്യമാണ്.

കോൺഗ്രസിനും ഇടതിനുമൊപ്പം സംഘപരിവാർ രാഷ്ട്രീയവും
കോൺഗ്രസ്, ഇടതുപക്ഷ രാഷ്ട്രീയത്തെ കേന്ദ്രീകരിച്ചുള്ള ആഖ്യാനമായിരുന്നു ലൂസിഫറിലേതെങ്കിൽ എമ്പുരാനിലേക്കു വരുമ്പോൾ സംഘപരിവാർ രാഷ്ട്രീയവും അതിൽ ഇടംപിടിക്കുന്നുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാകില്ല എമ്പുരാന്റെ പ്ലോട്ടെന്നു സാരം. ദേശീയ രാഷ്ട്രീയം കൂടി ചർച്ചയാകുന്ന വലിയ കാൻവാസിലാണ് രണ്ടാം ഭാഗം ഒരുക്കിയിട്ടുള്ളത്. ആദ്യ ഭാഗത്തിൽ ഇല്ലാതിരുന്ന സുരാജ് വെഞ്ഞാറമൂടിന്റെ സജനചന്ദ്രൻ സംഘപരിവാർ രാഷ്ട്രീയത്തിന്റെ പ്രതിനിധിയായിട്ടാകും എമ്പുരാനിൽ എത്തുക. മണികുട്ടൻ അവതരിപ്പിക്കുന്ന മണിയെന്ന കഥാപാത്രം സുരാജിന്റെ വേഷത്തിനു പിന്തുണ നൽകുന്ന റോളായും കൽപ്പിക്കപ്പെടുന്നു. ‘ഈ അടുത്ത കാലത്ത്’, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് കൂടിയായ മുരളി ഗോപി എങ്ങനെയാകും സമകാലിക രാഷ്ട്രീയ വിഷയങ്ങളെ എമ്പുരാനിൽ അവതരിപ്പിച്ചുണ്ടാകുക എന്നതും രാഷ്ട്രീയ പ്രബുദ്ധരായ മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
സയിദ് മസൂദും ഗോവർധനും വിദേശ താരങ്ങളും
ആദ്യഭാഗത്ത് താരതമ്യേന സ്ക്രീനിൽ സാന്നിധ്യ കുറവായിരുന്ന സംവിധായകൻ പൃഥ്വിരാജ് സുകുമാരന്റെ സയിദ് മസൂദ് എന്ന കഥാപാത്രത്തിനും സഹോദരനായ ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവർധൻ എന്ന കഥാപാത്രത്തിനും രണ്ടാം ഭാഗത്തിൽ പ്രധാന്യം ഏറുമെന്ന സൂചനകളും ട്രെയിലർ നൽകുന്നുണ്ട്. സയിദ് മസൂദിന്റെ ബാല്യകാലവും ഭൂതകാലവും രണ്ടാം ഭാഗത്തിൽ ഉണ്ടാകും. സത്യത്തിൽ ആരാണ് സ്റ്റീഫൻ നെടുമ്പള്ളിയെന്ന ചോദ്യത്തിനുള്ള ഉത്തരം എഴുത്തുകാരനും സംവിധായകനും തേടുക ഇന്ദ്രജിത്തിന്റെ ഗോവർധനെന്ന കഥാപാത്രത്തിലൂടെ തന്നെയാകും. എമ്പുരാനിലും വളരെ കൗതുകം ഉണർത്തുന്ന പ്ലോട്ടാകും ഗോവർധന്റേത്. എറിക് എബൗനി, ജെറോം ഫ്ലിൻ, ആൻഡ്രിയ തിവാദർ, അലക്സ് ഓ’നെൽ, മൈക്ക് നോവിക്കോവ് എന്നീ വിദേശ താരങ്ങളുടെ സാന്നിധ്യവും എമ്പുരാന്റെ ആവേശം വർധിപ്പിക്കും.