ADVERTISEMENT

മാർച്ച് 24, ലോക ക്ഷയരോഗദിനമായി ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ വർഷം തോറും ആചരിക്കുന്നു. ഇന്ത്യയുൾപ്പെടെ മിക്ക വികസ്വര രാജ്യങ്ങളിലെയും ഏറ്റവും പ്രധാനപ്പെട്ട പൊതുജനാരോഗ്യ പ്രശ്‌നമാണ് ക്ഷയം. രോഗകാരണമാകുന്ന അണുവിനെ നൂറ്റിനാല്പതിലേറെ വർഷങ്ങൾക്കു മുമ്പ് തന്നെ കണ്ടെത്താനായിട്ടും, ഫലപ്രദമായ മരുന്നുകൾ അര നൂറ്റാണ്ടിലേറെക്കാലമായി നിലവിലുണ്ടായിരുന്നിട്ടും ഇന്നും ക്ഷയരോഗത്തെ നിർമാർജനം ചെയ്യാനായിട്ടില്ല. ക്ഷയരോഗ ദിനാചരണത്തിന്റെ പ്രസക്തിയും ഇതുതന്നെ. വൈദ്യശാസ്ത്ര ഗവേഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച റോബർട്ട് കോഷ് എന്ന ശാസ്ത്രജ്‌ഞനാണ് രോഗകാരണമായ മൈക്കോ ബാക്ട‌ീരിയം ട്യൂബർകുലോസിസ് എന്ന സൂക്ഷ്മാണുക്കളെ കണ്ടെത്തിയത്. ഇത്  അദ്ദേഹം ലോകത്തോട് പ്രഖ്യാപിച്ച 1882, മാർച്ച് 24ന്റെ ഓർമ്മപുതുക്കലാണ് ലോക ക്ഷയരോഗ ദിനം.

ശ്വാസകോശത്തിന്റെ ശത്രു
ശരീരത്തിലെ ഏത് അവയവത്തെയും ബാധിക്കാവുന്ന ഒരസുഖമാണ് ക്ഷയം. എന്നാൽ ഭൂരിഭാഗം കേസുകളിലും ശ്വാസകോശങ്ങളാണ് ഇര. വായുമാർഗം പകരുന്ന ഒരു രോഗമാണിത്. ക്ഷയ രോഗാണു ശരീരത്തിലെത്തിയതുകൊണ്ട് മാത്രം ഒരാൾ രോഗിയാവണമെന്നില്ല. ശരീരത്തിൽ സജീവമല്ലാതെ കഴിയാൻ ഈ അണുക്കൾക്ക് പ്രത്യേക കഴിവുണ്ട്. നമ്മുടെ പ്രതിരോധശേഷി, രോഗാണുക്കളുടെ എണ്ണം, ആക്രമണോത്സുകത എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് അണുബാധ രോഗമായി മാറുമോ ഇല്ലയോ എന്ന് പറയാനാവുക. യഥാർഥത്തിൽ രോഗാണു ഉള്ളിൽ പ്രവേശിക്കുന്ന 80-90 ശതമാനം പേർക്കും രോഗബാധ ഉണ്ടാകാറില്ല എന്നതാണ് വസ്‌തുത. ലോക ജനസംഖ്യയിൽ മൂന്നിലൊന്നു പേരിലും ക്ഷയരോഗാണുക്കൾ സജീവമല്ലാത്ത  അവസ്‌ഥയിൽ കാണപ്പെടുന്നുണ്ട് നമ്മുടെ പ്രതിരോധശേഷി കുറയുമ്പോൾ ഇത്തരം അണുക്കൾക്ക് സജീവമാകാനും രോഗമുണ്ടാക്കാനും സാധിക്കും. ഈ പ്രശ്‍നം രോഗ നിർമാർജനത്തിന് മുന്നിലെ വലിയ തടസ്സങ്ങളിലൊന്നാണ്. അതിനു പുറമെ നിരവധി രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരിൽ ഇത്തരം അണുബാധ ക്ഷയരോഗമായി മാറാൻ സാധ്യത  ഏറെയുമാണ്. അതുകൊണ്ടു തന്നെ ക്ഷയരോഗാണുക്കൾ ശരീരത്തിൽ ഉള്ളവർക്കെല്ലാം തന്നെ പ്രതിരോധ ചികിത്സ നൽകുന്ന രീതി അടുത്ത കാലത്തായി പ്രചാരം നേടി വരുന്നുണ്ട്. ഭാവിയിൽ ക്ഷയരോഗം പിടിപെടാനുള്ള സാധ്യത 90 ശതമാനം കണ്ടു കുറയ്ക്കുന്ന ഇത്തരം പ്രതിരോധ ചികിത്സ ദേശീയ ക്ഷയരോഗ നിർമാർജന പരിപാടി വഴി   ക്ഷയം പിടിപെടാൻ ഉയർന്ന അപകട സാധ്യത ഉള്ളവർക്ക് സൗജന്യമായി ലഭ്യമാണ്.

ക്ഷയം ഒരു സാമൂഹിക പ്രശ്ന‌ം
പൊതുജനാരോഗ്യ പ്രശ്നം എന്നത് പോലെ തന്നെ ഒരു വലിയ സാമൂഹിക പ്രശ്നം കൂടിയാണ് ക്ഷയം.  തൊണ്ണൂറു ശതമാനത്തിലേറെ രോഗികളും വികസ്വര -അവികസിത രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ലോകത്തേറ്റവും കൂടുതൽ ക്ഷയ രോഗികളുള്ളത് ഇന്ത്യയിലാണെന്നുള്ളത് നമുക്കഭിമാനിക്കാവുന്ന ഒന്നല്ല. ആകെയുള്ള ക്ഷയ രോഗികളിൽ  26 ശതമാനം നമ്മുടെ സംഭാവനയാണ്. ഇതുമൂലമുള്ള മരണങ്ങളിൽ 29 ശതമാനവും നമ്മുടെ രാജ്യത്തു തന്നെ - വർഷം തോറും മൂന്നേകാൽ ലക്ഷത്തോളം  പേർ. അറുപത്തിയഞ്ച് ശതമാനം രോഗികളും 15 മുതൽ 45 വയസുവരെ പ്രായമുള്ളവരാണ്. ജോലിചെയ്യാൻ പ്രാപ്‌തിയുള്ള ഈ വിഭാഗത്തെ ക്ഷയരോഗം ബാധിക്കുന്നത് ഏറെ സാമൂഹികപ്രശ്‌നങ്ങൾ സ്യഷ്ടിക്കും. സമുഹത്തിന്റെ മൊത്തത്തിലുള്ള വികസനത്തെയും പുരോഗതിയെയും തളർത്തുന്നതിൽ ക്ഷയരോഗം വലിയ പങ്ക് വഹിക്കുന്നുണ്ട്.

Representative Image. Image Credit: aquaArts studio/istock.com
Representative Image. Image Credit: aquaArts studio/istock.com

പ്രതിരോധ മാർഗങ്ങൾ
രോഗം വരാതെ സൂക്ഷിക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം. രോഗം വന്നാലോ ശരിയായ ചികിത്സ തന്നെ തേടണം. നിലവിലുള്ള ക്ഷയ രോഗികളെയും അണു ബാധിതരെയും  മുഴുവൻ ചികിത്സിച്ചു ഭേദമാക്കുക വഴി ക്ഷയ രോഗത്തിന്റെ വ്യാപ്തി തടയാനാവും. വേണ്ട രീതിയിൽ വേണ്ട മരുന്നുകൾ കഴിക്കുക എന്നതാണ് അതിജീവന ശേഷിയുള്ള ക്ഷയരോഗത്തിനു തടയിടാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം. ക്ഷയം വായുവിലൂടെ പകരുന്ന രോഗമായതിനാൽ ചുമയ്ക്കുമ്പോൾ വായ് പൊത്തിപ്പിടിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. പരിശോധനക്കു വിധേയമാക്കിയ കഫം അണുനശീകരണത്തിനുശേഷം വേണം നശിപ്പിക്കാൻ. രോഗികളെ പരിശോധിക്കുന്ന മുറികൾ, കാത്തിരുപ്പു സ്ഥലങ്ങൾ, ലാബറട്ടറി തുടങ്ങിയ ഇടങ്ങൾ വേണ്ടത്ര വെളിച്ചവും വായു സഞ്ചാരവും ഉള്ളതായിരിക്കണം.

ചികിത്സയുണ്ട്
ഇന്ന് ക്ഷയരോഗത്തിന് ഫലപ്രദവും സുരക്ഷിതവുമായ മരുന്നുകൾ ലഭ്യമാണ്. കഫ പരിശോധനയിലൂടെ രോഗം ആദ്യ ദശയിൽ തന്നെ കണ്ടെത്തി ആറു മുതൽ എട്ടുമാസം വരെയുള്ള ചികിത്സകൊണ്ട് പരിപൂർണമായും ഭേദമാക്കാനാവും. മരുന്നുകളാകട്ടെ തികച്ചും സൗജന്യമായി ലഭിക്കുകയും ചെയ്യും. ചികിത്സ പൂർത്തിയാക്കുന്നതിന് മുമ്പ് പലരും മരുന്ന് നിർത്തുക പതിവാണ്. ചികിത്സാ പരാജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണിത്. ഇതൊഴിവാക്കാൻ നേരിട്ടുള്ള നിരീക്ഷണത്തിലാണ് രോഗികൾക്ക് ദേശീയ ക്ഷയരോഗ നിർമാർജന പരിപാടി വഴി മരുന്നുകൾ നൽകുന്നത്.

ചികിത്സയിലെ വെല്ലുവിളികൾ
മരുന്നുകൾക്കെതിരേ ക്ഷയരോഗാണുക്കൾ ആർജിക്കുന്ന അതിജീവനശേഷി( Drug Resistance) ചികിത്സാ പരാജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. കൃത്യമായ ഡോസിലും കാലയളവിലും മരുന്നുകൾ കഴിക്കാതിരിക്കുക. നിർദേശിക്കപ്പട്ട മരുന്നുകൾ എല്ലാം ഉപയോഗിക്കാതിരിക്കുക. തുടങ്ങി നാം തന്നെ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് ഈ ദുരവസ്‌ഥയ്ക്ക് നിദാനം. പ്രതിരോധ വ്യവസ്ഥ‌യെ തകരാറിലാക്കുന്ന പ്രമേഹം, എച്ച്ഐവി അണുബാധ തുടങ്ങിയ അസുഖങ്ങളുടെ വ്യാപനവും ഇതിന് കാരണമാകുന്നുണ്ട്. ഇതൊക്കെ  ആദ്യഘട്ടത്തിൽ തന്നെ സംശയിച്ചു വേണ്ട പരിശോധനകൾ നടത്തി സ്ഥിരീകരികരിക്കാനും അതിനനുസൃതമായി മരുന്നുകളിൽ മാറ്റം വരുത്തി ചികിത്സ തുടരാനും ഇന്ന് സംവിധാനമുണ്ട് .

ക്ഷയരോഗത്തിനെതിരേ സാധാരണ ഉപയോഗിക്കുന്ന മരുന്നുകൾ ഫലവത്താകാത്ത മൾട്ടി ഡ്രഗ് റെസിസ്റ്റന്റ്  ടി.ബി (എം.ഡി. ആർ. ടിബി) മിക്ക മരുന്നുകളോടും യുദ്ധം പ്രഖ്യാപിച്ച എക്‌സ്‌റ്റൻസിവിലി ഡ്രഗ് റെസിസ്റ്റന്റ്  ടിബി [XDRTB) തുടങ്ങിയവ ക്ഷയരോഗ നിർമാർജനത്തിൽ നാം നേരിടുന്ന പുതിയ വെല്ലുവിളികളാണ്. ഇത്തരം പ്രതിസന്ധികളെ നേരിടാൻ ശാസ്ത്രലോകത്തെ സജ്ജമാക്കുക. ഇതിന് സമൂഹത്തിന്റെ  പിന്തുണ തേടുക എന്നിവ ക്ഷയരോഗ നിർമാർജന പദ്ധതിയുടെ വിജയത്തിന് കുടിയേ തീരു. ക്ഷയരോഗത്തിനെതിരേ പുതിയ മരുന്നുകളും വാക്‌സിനുകളും കണ്ടെത്തുക. രോഗപ്രതിരോധ കാര്യങ്ങളിൽ പൊതു  സമൂഹത്തിന്റെ  പങ്ക് ഉയർത്തിക്കാട്ടുക എന്നിവയും  പ്രാധാന്യമർഹിക്കുന്നു.

ക്ഷയരോഗത്തിനെതിരെ ഒന്നിക്കാം
ക്ഷയം സാധാരക്കാരെയും പാവപ്പെട്ടവരെയും മാത്രം ബാധിക്കുന്ന ഒന്നാണെന്നുള്ള തെറ്റിദ്ധാരണ പലർക്കുമുണ്ട്. ദാരിദ്ര്യവും പട്ടിണിയുള്ള രാജ്യങ്ങളിൽ ക്ഷയരോഗം വ്യാപകമാണ്. ഈ സാമൂഹിക ഘടകങ്ങളും ക്ഷയരോഗവുമായുള്ള ബന്ധം പണ്ടേ അറിവുള്ളതുമാണ്. എന്നാൽ ഒന്നു മറക്കേണ്ട. ദരിദ്ര ജനവിഭാഗങ്ങൾക്കു സംവരണം ചെയ്യപ്പെട്ട രോഗമാണു ക്ഷയം അഥവാ ടി.ബി എന്ന ധാരണ ശരിയല്ല. സമൂഹത്തിന്റെ ഏതു തലത്തിലുള്ളവരെയും ബാധിക്കാവുന്ന രോഗമാണിത്. പ്രത്യേകിച്ചും പ്രമേഹം , വൃക്കരോഗങ്ങൾ തുടങ്ങിയവ വർധിച്ചു വരുന്ന കാലഘട്ടത്തിൽ. ഓർക്കുക, ക്ഷയം എല്ലായിടത്തുമുണ്ട് . വർഗ്ഗ വർണ ലിംഗ ഭേദമന്യേ ആരെയും ബാധിക്കാവുന്ന ഒന്നാണീ രോഗാവസ്ഥ. അതെ! നമുക്ക് ക്ഷയരോഗം അവസാനിപ്പിക്കാൻ കഴിയും: പ്രതിജ്ഞാബദ്ധരാകാം,സമർപ്പിതരാകാം,നിറവേറ്റാം ( Yes We can End TB- Commit, Invest, Deliver) എന്ന പ്രതീക്ഷാ നിർഭരമായ സന്ദേശമാണ് ഈ വർഷത്തെ ലോക ക്ഷയരോഗ ദിനം മുന്നോട്ടു വെയ്ക്കുന്നത്. രോഗ നിവാരണത്തിൽ നാമെല്ലാവരും നമ്മുടേതായ പങ്കു വഹിക്കേണ്ടതുണ്ട്. ക്ഷയ മുക്ത ലോകം ഒരു സ്വപ്നം മാത്രമല്ല, കൂട്ടായ ശ്രമത്തിലൂടെ അനതി വിദൂര ഭാവിയിൽ തന്നെ അത് സാധ്യമാക്കാവുന്നതേയുള്ളൂ.
(ലേഖകൻ പ്രൊഫസർ, ശ്വാസകോശ വിഭാഗം,ഗവ. ടി.ഡി.മെഡിക്കൽ കോളേജ് ആലപ്പുഴ)

English Summary:

Tuberculosis, A Silent Killer Still Among Us - Learn the Facts This World TB Day. Forget the Myths, Tuberculosis Affects Everyone – Learn the Facts & Protect Yourself.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com