ADVERTISEMENT

നിശ്ശബ്ദമായ ഒരു ആരോഗ്യ പ്രതിസന്ധി ഇന്ത്യയില്‍ ഉടലെടുത്ത്‌ കൊണ്ടിരിക്കുകയാണെന്ന്‌ മെഡി ബഡ്ഡി എന്ന ഡിജിറ്റല്‍ ഹെല്‍ത്ത്‌ കെയര്‍ പ്ലാറ്റ്‌ഫോം അടുത്തിടെ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നു. കോര്‍പ്പറേറ്റ്‌ മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യയിലെ പുരുഷന്മാരില്‍ 57 ശതമാനത്തിനും വൈറ്റമിന്‍ ബി12 അഭാവമുണ്ടെന്നാണ്‌ പഠനത്തിലെ വെളിപ്പെടുത്തല്‍. ഊര്‍ജ്ജത്തിനും തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനുമെല്ലാം ആവശ്യമായ പോഷണമാണ്‌ വൈറ്റമിന്‍ ബി12. നഗരങ്ങളിലെ കോര്‍പ്പറേറ്റ്‌ മേഖലയില്‍ ജോലി ചെയ്യുന്ന 4400 പേരെ ഉള്‍പ്പെടുത്തിയാണ്‌ പഠനം നടത്തിയത്‌. ഇതില്‍ 3338 പേര്‍ പുരുഷന്മാരും 1059 പേര്‍ സ്‌ത്രീകളുമായിരുന്നു. ഇതില്‍ നിന്നാണ്‌ 57 ശതമാനം പുരുഷന്മാര്‍ക്കും 50 ശതമാനം സ്‌ത്രീകള്‍ക്കും വൈറ്റമിന്‍ ബി12 അഭാവമുണ്ടെന്ന്‌ കണ്ടെത്തിയത്‌.

കോര്‍പ്പറേറ്റ്‌ മേഖലയിലെ ഉയര്‍ന്ന സമ്മര്‍ദ്ദം, നേരം തെറ്റിയ ആഹാരക്രമങ്ങള്‍, ദീര്‍ഘനേരം ഇരുന്നുള്ള ജോലി എന്നിവയെല്ലാം ഈ വൈറ്റമിന്‍ ബി12 അഭാവത്തിനു പിന്നിലുണ്ടാകാമെന്ന്‌ പഠനറിപ്പോര്‍ട്ട്‌ പറയുന്നു. സംസ്‌കരിച്ച ഭക്ഷണത്തിന്റെയും മദ്യത്തിന്റെയും കഫീനിന്റെയും അമിത ഉപയോഗം ഈ പോഷണത്തിന്റെ ആഗീരണത്തെ ബാധിക്കാമെന്ന്‌ ഡയറ്റീഷ്യനും ഡയബറ്റിസ്‌ എജ്യുക്കേറ്ററുമായ ഡോ. അര്‍ച്ചന ബത്ര ഇന്ത്യ ടുഡേയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അതേ പോലെ ഉയര്‍ന്ന സമ്മര്‍ദ്ദം കോര്‍ട്ടിസോള്‍ ഉത്‌പാദനം വര്‍ധിപ്പിക്കുന്നതും ശരീരത്തിലെ ബി12 ശേഖരത്തെ കുറയ്‌ക്കാം. മാംസാഹാരികളെ അപേക്ഷിച്ച്‌ സസ്യാഹാരികളിലാണ്‌ വൈറ്റമിന്‍ ബി12 അഭാവം കൂടുതലായി കാണപ്പെടുന്നത്‌.

നാഡീവ്യൂഹങ്ങളുടെ പ്രവര്‍ത്തനത്തിനും ഊര്‍ജ്ജത്തിന്റെ ചയാപചയത്തിനുമെല്ലാം ആവശ്യമായ പോഷണമാണ്‌ വൈറ്റമിന്‍ ബി12. നിരന്തരമായ ക്ഷീണം, പേശികള്‍ക്ക്‌ ദൗര്‍ബല്യം, കൈകാലുകളില്‍ മരവിപ്പ്‌, ഓര്‍മ പ്രശ്‌നങ്ങള്‍, ഒന്നിലും ശ്രദ്ധയൂന്നാന്‍ പറ്റാത്ത അവസ്ഥ, മൂഡ്‌ മാറ്റങ്ങള്‍, ദേഷ്യം, വിഷാദം, തലകറക്കം, ശ്വാസം മുട്ടല്‍ എന്നിവയെല്ലാം വൈറ്റമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാണ്‌.

1264471889
Representative image. Photo Credit:Hirurg/istockphoto.com

ചിക്കന്‍, മുട്ട, പാല്‍, മീന്‍, യോഗര്‍ട്ട്‌, പുളിപ്പിച്ച ഭക്ഷണങ്ങള്‍ എന്നിവയെല്ലാം വൈറ്റമിന്‍ ബി12 ധാരാളമുള്ളവയാണ്‌. ഭക്ഷണത്തില്‍ നിന്ന്‌ ഇവ ലഭിക്കാനുള്ള സാഹചര്യമില്ലെങ്കില്‍ സപ്ലിമെന്റുകള്‍ എടുക്കുന്നതിനെ കുറിച്ച്‌ ആലോചിക്കാവുന്നതാണ്‌. കഫീനിന്റെയും മദ്യത്തിന്റെയും ഉപയോഗം കുറയ്‌ക്കുന്നതും സഹായകമാണ്‌. ജോലിക്കിടെ ചെറിയ ഇടവേളകള്‍ എടുത്ത്‌ ശരീരത്തിന്‌ വ്യായാമം നല്‍കുന്ന എന്തെങ്കിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്‌. മെഡിറ്റേഷന്‍, യോഗ തുടങ്ങിയവയിലൂടെ സമ്മര്‍ദ്ദം കുറയ്‌ക്കാനും ശ്രമിക്കണം. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും വയറിന്റെ ആരോഗ്യം കാത്തു രക്ഷിക്കാനും ശ്രമിക്കുന്നതും വൈറ്റമിന്‍ ബി12 അഭാവത്തെ ചെറുക്കുമെന്ന്‌ ഡോ. അര്‍ച്ചന കൂട്ടിച്ചേര്‍ത്തു.

English Summary:

Vitamin B12 Deficiency, The Hidden Crisis Affecting Millions of Indian Corporate Employees. Beat Burnout & Brain Fog, How Vitamin B12 Deficiency Affects Indian Corporate Professionals.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com