ട്രാഫിക് ബ്ലോക്കുകൾ ഇല്ലാതെയാക്കാൻ ‘ഉറുമ്പുകൾ’?

Mail This Article
ശക്തിയും സ്റ്റാമിനയും ഒത്തിണങ്ങിയ ചെറുജീവികളാണ് ഉറുമ്പുകൾ. തങ്ങളുടെ ശരീരഭാരത്തിന്റെ ആയിരമിരട്ടി ഭാരമുള്ള വസ്തുക്കൾ പോലും വഹിച്ചുകൊണ്ടുപോകാൻ ഇവയ്ക്കു കഴിയും. ടീംസ്പിരിറ്റിൽ കാര്യങ്ങൾ ചെയ്യുന്നതിനാൽ ദുഷ്‌കരമായ കാര്യങ്ങൾ പോലും യാഥാർഥ്യമാക്കാൻ ഉറുമ്പുകൾക്ക് കഴിവുണ്ട്. വ്യവസായങ്ങളിലും മറ്റും തൊളിലാളികൾ തൊഴിലെടുക്കുന്നതു പോലെ കൃത്യമായി സംഘടിപ്പിക്കപ്പെട്ട രീതിയിലാണ് ഉറുമ്പുകൾ ജോലി ചെയ്യുന്നതെന്ന് 2015ൽ ഇസ്രയേലിൽ നടത്തിയ ഒരു പഠനം വെളിവാക്കിയിരുന്നു. ഭാരം വഹിക്കുന്ന ഉറുമ്പുകൾ തങ്ങളുടെ നേതാക്കളെ അനുസരിക്കും. ഏതു ദിശയിൽ പോകണമെന്നും എങ്ങനെ പോകണമെന്നുമൊക്കെ തീരുമാനിക്കുന്നത് ഈ നേതാക്കളാണ്.
ഒരുപാട് പൊക്കത്തിൽ നിന്നു നോക്കിയാൽ റോഡിലൂടെ പോകുന്ന കാറുകൾ ഉറുമ്പുകൾ പോകുന്നതുപോലെ നമുക്ക് അനുഭവപ്പെടും. എന്നാൽ ഒരു വ്യത്യാസമുണ്ട്. ഉറുമ്പുകൾ ഒരിക്കലും ട്രാഫിക് ബ്ലോക് ഉണ്ടാക്കാറില്ല. അവ മുന്നോട്ടു പൊയ്ക്കോണ്ടേയിരിക്കും. എന്നാൽ മനുഷ്യരുടെ കാറുകളോ..പലപ്പോഴും ബ്ലോക്കിൽ പെടുകയും ചെയ്യും. ഏതായാലും വാഹനരംഗം വരുംകാലത്ത് വലിയ മാറ്റങ്ങൾക്കു വിധേയമാകാൻ പോകുകയാണ്. ഡ്രൈവറൊന്നും വേണ്ടാത്ത സെൽഫ് ഡ്രൈവിങ് കാറുകൾ സമീപഭാവിയിൽ തന്നെ നിരത്തിലെത്തുമെന്നാണു സാങ്കേതികവിദഗ്ധരുടെ പ്രതീക്ഷ. ഇതിനായുള്ള ഗവേഷണങ്ങളും തകൃതിയാണ്.
ഭാവിയിൽ സെൽഫ് ഡ്രൈവിങ് കാറുകളെത്തുമ്പോൾ അവയെ ഉറുമ്പുകളുടെ ചലനശൈലിക്ക് അനുസരിച്ച് പ്രോഗ്രാം ചെയ്യാൻ കഴിഞ്ഞാൽ ട്രാഫിക് ബ്ലോക്കുകൾ ഇല്ലാതാക്കാൻ സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇതിനായി ഉറുമ്പുകളുടെ ചലനശൈലി ജപ്പാനിലെ ശാസ്ത്രജ്ഞർ പഠിച്ചിട്ടുണ്ട്. ഉറുമ്പുകൾ ബ്ലോക്ക് ഉണ്ടാക്കാത്തതിന്റെ രഹസ്യവും അവർ കണ്ടെത്തി. എന്തുകൊണ്ട്? ഉറുമ്പുകൾ ഒരേ തോതിൽ അന്യോന്യം ദൂരമൊക്കെ വിട്ട് വളരെ ചിട്ടയോടെയാണു മുന്നോട്ടുപോകുക. സ്വന്തം വേഗത്തിനല്ല, മറിച്ച് മൊത്തം നിരയുടെ സുഗമമായ ചലനത്തിനാണ് അവ പ്രാധാന്യം കൊടുക്കുക.
എന്നാൽ മനുഷ്യരുടെ കാര്യത്തിൽ ഇതല്ല സംഗതി. തന്റെ കാർ എത്രയും പെട്ടെന്ന് ലക്ഷ്യസ്ഥാനത്തെത്തിക്കാനാകും പല മനുഷ്യ ഡ്രൈവർമാരും ശ്രമിക്കുക. ഇതു ചിട്ട തെറ്റാനും അതുവഴി ബ്ലോക്കുകൾക്കും വഴിവയ്ക്കും. സെൽഫ് ഡ്രൈവിങ് കാറുകളിൽ മനുഷ്യരല്ല ഡ്രൈവിങ് നടത്തുന്നത്. അതിനാൽ ഇവയെ ഉറുമ്പുകളുടെ ചിട്ട പഠിപ്പിച്ചാൽ വാഹനഗതാഗതരംഗത്ത് വൻ വിപ്ലവമായിരിക്കും വരികയെന്ന് ഗവേഷകർ കണക്കുകൂട്ടുന്നു.