റെക്കോർഡ് ചേസിങ്ങിനു പിന്നാലെ റെക്കോർഡ് തോൽവി, പാക്കിസ്ഥാനെ നാണംകെടുത്തി ന്യൂസീലൻഡ്; പരമ്പരയും കൈവിട്ടു

Mail This Article
മൗണ്ട് മംഗനൂയി∙ മൂന്നാം ട്വന്റി20യിലെ വമ്പൻ വിജയത്തിന്റെ ചുവടുപിടിച്ച് തിരിച്ചുവരവിനിറങ്ങിയ പാക്കിസ്ഥാനെ കളി പഠിപ്പിച്ച് ന്യൂസീലൻഡ്. മൗണ്ട് മംഗനൂയിയിൽ നടന്ന നാലാം മത്സരത്തിൽ 115 റൺസ് വിജയം നേടിയ ന്യൂസീലൻഡ് പരമ്പര 3–1ന് സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് ആറു വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തപ്പോൾ പാക്കിസ്ഥാൻ 16.2 ഓവറിൽ 105ന് പുറത്തായി. 20 പന്തിൽ 50 റൺസെടുത്ത കിവീസ് താരം ഫിൻ അലനാണു കളിയിലെ താരം. റൺസ് അടിസ്ഥാനത്തിൽ ട്വന്റി20 ക്രിക്കറ്റിൽ പാക്കിസ്ഥാന്റെ ഏറ്റവും വലിയ തോൽവിയാണിത്.
മത്സരത്തിൽ ടോസ് നേടിയ പാക്ക് ക്യാപ്റ്റൻ സൽമാൻ ആഗ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം തെറ്റിപ്പോയെന്ന് വൈകാതെ തന്നെ അവർക്കു മനസ്സിലായിക്കാണണം. കിവീസ് ഓപ്പണർമാരായ ടിം സീഫർട്ടും ഫിൻ അലനും ഓപ്പണിങ് വിക്കറ്റിൽ അടിച്ചുകൂട്ടിയത് 59 റൺസ്. ഫിൻ അലൻ 20 പന്തിൽ 50ഉം സീഫർട്ട് 22 പന്തിൽ 44 ഉം റൺസെടുത്തു പുറത്തായി. അവസാന ഓവറുകളിൽ തകർത്തടിച്ച ക്യാപ്റ്റൻ മൈക്കൽ ബ്രേസ്‍വെൽ 26 പന്തിൽ 46 റൺസെടുത്തു പുറത്താകാതെനിന്നു.
ഡാരിൽ മിച്ചൽ (23 പന്തിൽ 29), മാര്‍ക് ചാപ്മാൻ (16 പന്തിൽ 24) എന്നിവരാണ് ന്യൂസീലൻഡിന്റെ മറ്റു പ്രധാന സ്കോറർമാർ. പേസർ ഹാരിസ് റൗഫ് പാക്കിസ്ഥാനു വേണ്ടി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ഒൻപതു റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടമായ പാക്കിസ്ഥാൻ തകർന്നടിയുകയായിരുന്നു. 44 റൺസെടുത്ത മധ്യനിര താരം അബ്ദുൽ സമദാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. 16 പന്തുകൾ നേരിട്ട ഇർഫാൻ ഖാൻ 24 റൺസടിച്ചു പുറത്തായി. പാക്ക് നിരയിലെ എട്ട് ബാറ്റർമാർ രണ്ടക്കം കടക്കാതെ പുറത്തായി. നാലോവറുകൾ പന്തെറിഞ്ഞ ജേക്കബ് ഡഫി 20 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തി. സാക്കരി ഫോക്സ് മൂന്നു വിക്കറ്റുകളും സ്വന്തമാക്കി.
ഒൻപതു വർഷം മുൻപ് വെല്ലിങ്ടനിൽ ന്യൂസീലൻഡിനോട് പാക്കിസ്ഥാൻ 95 റൺസിന്റെ തോൽവി വഴങ്ങിയിരുന്നു. പാക്കിസ്ഥാന്റെ ഏറ്റവും വലിയ ട്വന്റി20 തോൽവിയെന്ന ആ റെക്കോർഡ് മൗണ്ട് മംഗനൂയിയിൽ പഴങ്കഥയായി. മൂന്നാം ട്വന്റി20യിലെ റെക്കോർഡ് വിജയത്തിനു പിന്നാലെയാണ് ടീം വീണ്ടും വലിയ തോൽവി വഴങ്ങിയത്. മൂന്നാം മത്സരത്തിൽ ന്യൂസീലൻഡ് ഉയർത്തിയ 205 റൺസ് വിജയലക്ഷ്യം 16 ഓവറിൽ പാക്കിസ്ഥാൻ മറികടന്നിരുന്നു. ട്വന്റി20യില്‍ 200ന് മുകളിലുള്ള വിജയ ലക്ഷ്യത്തിലെ അതിവേഗ ചേസിങ്ങാണ് മൂന്നാം പോരാട്ടത്തിൽ പാക്കിസ്ഥാൻ നടത്തിയത്.