ബോക്സിങ് ഇതിഹാസം ജോർജ് ഫോർമാൻ അന്തരിച്ചു

Mail This Article
ഓസ്റ്റിൻ (യുഎസ്) ∙ ലോക ബോക്സിങ്ങിലെ എക്കാലത്തെയും ഇതിഹാസങ്ങളിലൊരാളായ യുഎസ് താരം ജോർജ് ഫോർമാൻ അന്തരിച്ചു. വിരമിച്ച ശേഷം ബിസിനസിലും വലിയ വിജയം നേടിയ ഫോർമാന് 76 വയസ്സായിരുന്നു. ഹൂസ്റ്റണിലെ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ടെക്സസ് സംസ്ഥാനത്തെ മാർഷൽ നഗരത്തിൽ ജനിച്ച ജോർജ് എഡ്വേഡ് ഫോർമാൻ 1968 മെക്സിക്കോ സിറ്റി ഒളിംപിക്സിൽ സ്വർണം നേടിയാണ് ലോക ബോക്സിങ്ങിൽ വരവറിയിച്ചത്.
അടുത്ത വർഷം പ്രഫഷനലായ ഫോർമാൻ 1973ൽ ജോ ഫ്രേസിയർക്കെതിരെ ഉജ്വല വിജയവുമായി 24–ാം വയസ്സിൽ ലോക ഹെവിവെയ്റ്റ് കിരീടം സ്വന്തമാക്കി. ഒരു വർഷത്തിലേറെ കിരീടം നിലനിർത്തിയ ഫോർമാൻ അതു കൈവിട്ടത് 1974ൽ മുഹമ്മദ് അലിക്കു മുന്നിലാണ്. ആഫ്രിക്കൻ രാജ്യമായ സയറിൽ (ഇപ്പോഴത്തെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ) നടന്ന, ‘റംബിൾ ഇൻ ദ് ജംഗിൾ’ എന്നു വിഖ്യാതമായ പോരാട്ടത്തിലായിരുന്നു അത്.
1977ൽ ബോക്സിങ്ങിൽ നിന്നു വിരമിച്ച ഫോർമാൻ പിന്നീട് പത്തുവർഷത്തോളം ബിസിനസിലും സുവിശേഷ പ്രചാരണത്തിലുമായിരുന്നു. 1987ൽ റിങ്ങിലേക്കു തിരിച്ചു വന്ന അദ്ദേഹം 1994ൽ തന്റെ 45–ാം വയസ്സിൽ വീണ്ടും ലോക ഹെവിവെയ്റ്റ് ചാംപ്യനായി. ഇരുപത്തിയാറുകാരൻ മൈക്കൽ മൂററിനെ തോൽപിച്ചായിരുന്നു അത്. ഏറ്റവും പ്രായമേറിയ ലോക ഹെവിവെയ്റ്റ് ചാംപ്യൻ എന്ന റെക്കോർഡും അതോടെ ഫോർമാനു സ്വന്തമായി. 1997ൽ 48–ാം വയസ്സിലാണ് പിന്നീടു വിരമിച്ചത്. പ്രഫഷനൽ കരിയറിൽ ഫോർമാന്റെ 76 വിജയങ്ങളിൽ അറുപത്തിയെട്ടും നോക്കൗട്ട് വിജയങ്ങളായിരുന്നു. ആകെ 5 മത്സരങ്ങളിൽ മാത്രമാണ് ‘ബിഗ് ജോർജ്’ എന്നറിയപ്പെട്ട അദ്ദേഹം തോൽവിയറിഞ്ഞത്.
ജോർജ് ‘ബിസിനസ്മാൻ
‘ജോർജ് ഫോർമാൻ’ ബ്രാൻഡിലുള്ള, ഭക്ഷണം ചുട്ടെടുക്കുന്ന ഗ്രിൽ മെഷീന്റെ വിൽപനയിലൂടെയാണ് ഫോർമാൻ ബിസിനസിൽ വലിയ വിജയം നേടിയത്. നിർമാതാക്കളായ സ്പെക്ട്രം ബ്രാൻഡ്സ് ഇതിന്റെ പ്രചാരണത്തിനായി ഫോർമാന്റെ പേര് ഉപയോഗിക്കുകയായിരുന്നു.

10 കോടിയിലേറെ ഗ്രിൽ മെഷീനുകളാണ് ഇതുവഴി ലോകമെങ്ങും വിറ്റുപോയത്. അഞ്ചു ഭാര്യമാരിലായി 12 മക്കളുള്ള ഫോർമാന്റെ അഞ്ച് ആൺമക്കളുടെയും പേര് ‘ജോർജ് എഡ്വേഡ് ഫോർമാൻ’ എന്നായിരുന്നു. ജോർജ് ജൂനിയർ, ജോർജ് മൂന്നാമൻ, നാലാമൻ, അഞ്ചാമൻ, ആറാമൻ എന്നിങ്ങനെയാണ് ഇവർ അറിയപ്പെട്ടത്.