ആ ധാരണ തെറ്റ്; കാൻസർ പാരമ്പര്യ രോഗമല്ല, മൊബൈൽ ഫോണും വില്ലനല്ല

Mail This Article
കോട്ടയം ∙ കാൻസർ ചികിത്സാ രംഗത്ത് 25 വർഷം പിന്നിടുകയാണ് ഡോ. ജോജോ വി. ജോസഫ്. ഇതുവരെ 20,000 ശസ്ത്രക്രിയകൾ, രോഗവിമുക്തരായ ഒട്ടേറെ പേർ. കാരിത്താസ് ആശുപത്രിയിലെ കാൻസർ സർജിക്കൽ ഓങ്കോളജി വിഭാഗത്തിലെ ഡോ. ജോജോ വി. ജോസഫ് സംസാരിക്കുന്നു.
ഏതു വിഭാഗം കാൻസറാണ് കൂടുതലായി കാണാറുള്ളത്?
സ്തനാർബുദ ബാധിതരാണു കൂടുതലും. വൻകുടൽ, മലാശയ കാൻസർ രോഗികളുടെ എണ്ണവും കൂടുന്നുണ്ട്.
കാൻസർ ലക്ഷണങ്ങൾ എന്തൊക്കെ?
കാരണമില്ലാതെ ശരീരഭാരം കുറയുന്നതും, ശരീരത്തിൽ വേദനയില്ലാതെ രൂപപ്പെടുന്ന മുഴകൾ, മലം, മൂത്രം എന്നിവയിൽ രക്ത സാന്നിധ്യം, വായിൽ മൂന്നാഴ്ച പിന്നിടുന്ന വ്രണം, നീണ്ട ചുമ എന്നിവ ശരീരം നൽകുന്ന സൂചനകളാണ്. ആരംഭദശയിൽ കണ്ടെത്തിയാൽ 98 ശതമാനം കേസുകളും സുഖപ്പെടുത്താനാകും.
ഈ രോഗത്തെ എങ്ങനെ പ്രതിരോധിക്കും?
ജീവിതശൈലീ മാറ്റങ്ങളാണു വൻകുടൽ, മലാശയ കാൻസറിനു കാരണം. പുത്തൻ ഭക്ഷണ സംസ്കാരം പ്രധാന കാരണം. മണിക്കൂറുകൾ ഇരുന്നു ജോലി ചെയ്യുന്നതിനെപ്പറ്റി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ‘സിറ്റിങ് ഈസ് ദ ന്യൂ സ്മോക്കിങ്’ എന്നാണ് പറയുന്നത്. ദോഷമില്ലാത്ത ഭക്ഷണ ക്രമീകരണവും വ്യായാമവും ചിട്ടയാക്കിയാൽ കാൻസറിനു പ്രതിരോധമാകും.
മൊബൈൽ ഫോൺ കാൻസറിനു കാരണമാകുമോ?
ഫോൺ കാൻസറിനു കാരണമാകില്ല. കാൻസർ പടരുമെന്നു പറയുന്നതും ശരിയല്ല. പഞ്ചസാര വർജിച്ചാൽ കാൻസർ മാറുമെന്ന പ്രചാരണവും തെറ്റാണ്. പലരും വിവാഹ ആലോചന നടക്കുമ്പോൾ കാൻസർ രോഗമുള്ള വീടുകളിൽനിന്നു വേണോയെന്നു ചോദിക്കാറുണ്ട്. കാൻസർ പാരമ്പര്യ രോഗമല്ലെന്ന മറുപടിയാണ് അവരോട് പറയാനുള്ളത്.