ഇത് ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തിയ സുനിത വില്യംസിന്റെ വിജയ നൃത്തമോ? | Fact Check
.jpg?w=1120&h=583)
Mail This Article
2025 മാര്‍ച്ച് 19ന്, ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ (ഐഎസ്എസ്) നിന്ന്, നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് മടങ്ങിയെത്തിയിരുന്നു. അവരുടെ മടക്ക യാത്രയ്ക്കിടയില്‍, സുനിത വില്യംസ് പൂജ്യ ഗുരുത്വാകര്‍ഷണ മേഖലയില്‍ പ്രവേശിച്ച് നൃത്തം ചെയ്യുന്നതിന്റേതെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭൂമിയിലേക്ക് മടങ്ങിയതിന് ശേഷമുള്ള അവരുടെ ആദ്യത്തെ വിഡിയോയാണിതെന്നാണ് പ്രചാരണം. എന്നാൽ, ഈ അവകാശവാദം തെറ്റാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം.
∙ അന്വേഷണം
ഗൂഗിളില്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് നടത്തിയതിൽ നിന്നും നിരവധിയാളുകൾ പ്രസ്തുത വിഡിയോ പങ്കുവച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ബോയിങ് സ്‌പേസ് എന്ന എക്സ് ഹാൻഡിലിൽ നിന്നും 2024 ജൂണ്‍ 7ന് പ്രചരിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തത് കണ്ടെത്തി. “Hugs all around! The Expedition 71 crew greets Butch Wilmore and @Astro_Suni aboard @Space_Station after #Starliner docked at 1:34 p.m. ET on June 6.” എന്നാണ് പോസ്റ്റിലെ ഉള്ളടക്കം. ഭൂമിയിലേക്കുള്ള തിരിച്ചുവരവിന്റെയല്ല, മറിച്ച് രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയപ്പോൾ (ഐഎസ്എസ്) അവിടെയുണ്ടായിരുന്ന ക്രൂ അവരെ സ്വീകരിക്കുന്നതിന്റെ വിഡിയോയാണെന്ന് ഇത് സൂചിപ്പിക്കുന്നു.
എൻഡിടിവി പ്രോഫിറ്റിന്റെ യൂട്യൂബ് ചാനലിലും ഇതേ വിഡിയോ 2024 ജൂണ്‍ 7ന് അപ്‌ലോഡ് ചെയ്തത് കണ്ടെത്തി. വിഡിയോയുടെ തലക്കെട്ടിന്റെ പരിഭാഷ ഇപ്രകാരമാണ്: “ഐഎസ്എസ്സിൽ എത്തിച്ചേര്‍ന്നതിന് ശേഷം നാസയുടെ ബഹിരാകാശയാത്രിക സുനിത വില്യംസിന്റെ വിജയ നൃത്തം.” ഇതിൽ നിന്നും ഈ ദൃശ്യങ്ങൾ ഇപ്പോഴത്തേതല്ലെന്ന് സ്ഥിരീകരിച്ചു. 2024 ജൂണില്‍ സുനിത വില്യംസും അവരുടെ സഹപ്രവര്‍ത്തകനും രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിക്കുന്നതാണ് ഇത് കാണിക്കുന്നത്.
ഇതേ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന നിരവധി വാര്‍ത്താ റിപ്പോര്‍ട്ടുകളും കണ്ടെത്തി. ഇന്ത്യ ടുഡേയുടെ വാർത്ത അനുസരിച്ച്, ഇന്ത്യന്‍-അമേരിക്കന്‍ ബഹിരാകാശയാത്രികയായ സുനിത വില്യംസ് 2024 ജൂണ്‍ 6ന് ബോയിങ് സ്റ്റാര്‍ലൈനര്‍ കാപ്‌സ്യൂളില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പൂജ്യ ഗുരുത്വാകര്‍ഷണത്തില്‍ വിജയ നൃത്തം അവതരിപ്പിച്ചു എന്നാണ്.
.jpg)
ബഹിരാകാശത്ത് 286 ദിവസം ചെലവഴിച്ച ശേഷം സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് മടങ്ങിയെത്തിയതിന്റെ വിഡിയോ നാസ ലൈവ് സ്ട്രീം ചെയ്തിരുന്നു. ഈ ഔദ്യോഗിക വിഡിയോയിൽ, ഭൂമിയിലെത്തിയപ്പോള്‍ സുനിത വില്യംസിന്റെ പ്രതികരണം എന്തായിരുന്നുവെന്നത് വ്യക്തമായി കാണാം. നാസയുടെ സ്ട്രീമിലെ ദൃശ്യങ്ങള്‍ക്ക് വിഡിയോയുമായി പൊരുത്തമില്ല. അതിനാൽ, പ്രചരിക്കുന്ന അവകാശവാദവുമായി വിഡിയോയ്ക്ക് ബന്ധമില്ലെന്ന് സ്ഥിരീകരിച്ചു.
∙ വാസ്തവം
2024 ജൂണില്‍ സുനിത വില്യംസും ബുച്ച് വിൽമോറും രാജ്യാന്തര ബഹിരാകാശ നിലയത്തിനകത്തേക്ക് പ്രവേശിക്കുന്നത് കാണിക്കുന്ന വിഡിയോയാണ് അവർ ഭൂമിയിലേക്ക് മടങ്ങിയപ്പോഴുള്ളതിന്റേതെന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നത്.
(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഫാക്‌ട്‌ലി പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)