കൺനിറയെ കാണാം സാംസ്കാരിക പൈതൃകം; വരുന്നു, യുഎഇയിൽ ഇന്ത്യാ ഹൗസ്

Mail This Article
അബുദാബി ∙ ഇന്ത്യ-യുഎഇ ബന്ധത്തിന് ശക്തിപകരാൻ യുഎഇയിൽ ഇന്ത്യാ ഹൗസ് സ്ഥാപിക്കുന്നു. ഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന ഉന്നതയോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം അടയാളപ്പെടുത്തുന്ന നിർമിതിയാകും ഇത്.
യുഎഇ വിദേശകാര്യ സഹമന്ത്രി നൂറ ബിൻത് മുഹമ്മദ് അൽകാബിയുടെയും ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസ് (ഐസിസിആർ) ഡയറക്ടർ ജനറൽ കെ. നന്ദിനി സിംഗ്ലയുടെയും നേതൃത്വത്തിലാണ് യോഗം ചേർന്നത്.
ഇന്ത്യയുടെ സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകം ആഗോളതലത്തിൽ പ്രദർശിപ്പിക്കുന്നതിനുള്ള സാംസ്കാരിക കേന്ദ്രമായിരിക്കും ഇന്ത്യ ഹൗസ്. എവിടെ, എപ്പോൾ സ്ഥാപിക്കും എന്നത് സംബന്ധിച്ച വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കും. കൂടാതെ കല, വിദ്യാഭ്യാസം, പൈതൃക സംരക്ഷണം, സർഗാത്മകത തുടങ്ങി വിവിധ മേഖലകളിൽ യോജിച്ചു പ്രവർത്തിക്കാനായി ഇന്ത്യ-യുഎഇ കൾചറൽ കൗൺസിൽ രൂപീകരിക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക സഹകരണം ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി.
ക്രിയേറ്റീവ് സ്റ്റാർട്ടപ്പുകൾ, ബിസിനസ് ടു ബിസിനസ് സഹകരണം, മുൻഗണനാ മേഖലകളിലെ സഹകരണത്തിന് മേൽനോട്ടം വഹിക്കുന്നതിന് പ്രത്യേക ഉപസമിതികൾ രൂപീകരിക്കുന്നതിന്റെ സാധ്യതകളും പരിശോധിച്ചു.
ഇന്ത്യയിലെ യുഎഇ സ്ഥാനപതി അബ്ദുൽനാസർ അൽ ഷാലി, സാംസ്കാരിക മന്ത്രാലയ അണ്ടർ സെക്രട്ടറി മുബാറക് അൽ നഖി, കായിക മന്ത്രാലയം അണ്ടർ സെക്രട്ടറി ഗാനിം അൽ ഹാജിരി, സാമ്പത്തിക മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അബ്ദുറഹ്മാൻ അൽ മഈനി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ഡൽഹിയിൽ നടക്കുന്ന റൈസിന ഡയലോഗിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയതായിരുന്നു മന്ത്രി നൂറ അൽ കാബി. ഡെസ്ററിനി ഓർ ഡെസ്റ്റിനേഷൻ, കൾചർ, കണക്ടിവിറ്റി, ടൂറിസം എന്നീ വിഷയങ്ങളിലാണ് മന്ത്രി ഉച്ചകോടിയിൽ സംസാരിച്ചത്. യുഎഇയുടെ സാമൂഹിക, സാംസ്കാരിക വികസനത്തിന് ഇന്ത്യൻ സമൂഹം വഹിച്ച പങ്കും മന്ത്രി എടുത്തുപറഞ്ഞു.