‘3ാം തവണയും അർബുദം പിടിമുറുക്കി, ഒടുവിൽ അവൻ യാത്രയായി’; നൊമ്പരത്തോടെ ജി.വേണുഗോപാൽ

Mail This Article
പ്രിയപ്പെട്ടവരിൽ ഒരാൾ വിടപറഞ്ഞു പോയതിന്റെ വേദനയിലാണ് ഗായകൻ ജി.വേണുഗോപാൽ. ഗായകന്റെ പേരിൽ പ്രവർത്തിക്കുന്ന ‘സസ്‌നേഹം ജി.വേണുഗോപാൽ’ എന്ന ചാരിറ്റി ഫൗണ്ടേഷൻ ചികിത്സാ സഹായം നൽകിക്കൊണ്ടിരുന്ന ആദിത്യൻ എന്ന വിദ്യാർഥിയാണ് അർബുദ രോഗബാധയെത്തുടർന്ന് ഇക്കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങിയത്. ആദിത്യന്റെ അപ്രതീക്ഷിത വിയോഗം തന്നെ ഏറെ വേദനപ്പിക്കുന്നുവെന്ന് വേണുഗോപാൽ പ്രതികരിച്ചു.
‘ആദിത്യൻ യാത്രയായി. ചെറുപ്രായത്തിൽ തന്നെ അർബുദം അവനെ പിടി കൂടിയിരുന്നു. 2 തവണ അവൻ രോഗത്തിൽ നിന്ന് മുക്തനായി. മൂന്നാം തവണയും രോഗം പിടി മുറുക്കിയപ്പോൾ, ഇന്നലെ വൈകുന്നേരത്തോടെ അവൻ നമ്മളെ വിട്ടു പോയി. ഏതാണ്ട് കഴിഞ്ഞ 5 വർഷമായി "സസ്നേഹം" പലപ്പോഴായി ആദിത്യന് ചികിത്സാസഹായം നൽകിയിരുന്നു. ഏറ്റവുമൊടുവിൽ സതീശൻ മാസ്റ്ററുടെ പേരിലുള്ള എൻഡോവ്മെന്റ് ഫണ്ട് 25000 രൂപയുടെ സഹായവും നൽകി. ആദിത്യന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു. ഒപ്പം ആ കുടുംബത്തിനായി ചെയ്യാൻ കഴിയുന്ന സഹായങ്ങൾ ചെയ്യാൻ "സസ്നേഹം" എന്നുമുണ്ടാകും’, ജി.വേണുഗോപാൽ കുറിച്ചു.
2009ൽ ആണ് ‘സസ്‌നേഹം ജി.വേണുഗോപാൽ’ എന്ന ചാരിറ്റി ഫൗണ്ടേഷൻ തുടങ്ങിയത്. ആദ്യത്തെ 6 വർഷം ആർസിസിയിലെ കുട്ടികളുടെ വാർഡിലായിരുന്നു സഹായങ്ങൾ ചെയ്തിരുന്നത്. പിന്നീട് അത് വ്യാപിപ്പിച്ചു. ഇന്ന് അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലുമായി സഹായങ്ങൾ എത്തിച്ച് ‘സസ്‌നേഹം ജി.വേണുഗോപാൽ’ പ്രവർത്തനസജ്ജമാണ്. വേണുഗോപാലിന്റെ ജീവിതത്തിലെ എല്ലാ നല്ല ദിവസങ്ങളും അദ്ദേഹം അഗതികൾക്കൊപ്പമാണ് ആഘോഷിക്കാറുള്ളത്.