കൊലയാളിയുടെ മനസ്സ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്? കൊലപാതക പരമ്പരയ്ക്ക് ഉത്തരം തേടി ഡോ. ലാസ്‌ലോ ക്രെയ്‌സ്‌ലർ

Mail This Article
ക്രിമിനൽ പ്രൊഫൈലിങ്, മനഃശാസ്ത്രപരമായ വിശകലനം തുടങ്ങി ആധുനിക ഫോറൻസിക് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കേസ് തെളിക്കുന്ന രീതി 1994ൽ പുറത്തിറങ്ങിയ ഒരു നോവലിലുണ്ടാകുമെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? 1994ൽ പ്രസിദ്ധീകരിച്ച കാലേബ് കാറിന്റെ ക്രൈം നോവലായ ദി ഏലിയനിസ്റ്റാണ് ഈ അദ്ഭുതം വായനക്കാർക്കു നൽകുന്നത്.

കാലേബ് കാറിന്റെ ക്രെയ്‌സ്‌ലർ പരമ്പരയിലെ ആദ്യ പുസ്തകമാണിത്. ഈ പരമ്പരയിലെ പ്രധാന കഥാപാത്രം മനഃശാസ്ത്രജ്ഞനായ ഡോ. ലാസ്‌ലോ ക്രെയ്‌സ്‌ലറാണ്. കുട്ടികളുടെ മനഃശാസ്ത്രജ്ഞനായ അദ്ദേഹം ക്രിമിനൽ പ്രൊഫൈലറായ ജോലി നോക്കി, സീരിയൽ കില്ലർമാരെ കണ്ടെത്താൻ പൊലീസിനെ സഹായിക്കുകയും ചെയ്യുന്നു. റിപ്പോർട്ടർ ജോൺ ഷൂയ്ലർ മൂർ, വനിത പൊലീസ് സാറ ഹോവാർഡ്, സ്റ്റീവി ടാഗാർട്ട് എന്നിവർ സാഹസികതകളിൽ അദ്ദേഹത്തെ സഹായിക്കുന്നു. പണ്ട് ദി ഏലിയനിസ്റ്റ് എന്നതു മനോരോഗവിദഗ്ധനെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന വാക്കാണ്.
അങ്ങനെയിരിക്കേയാണ് 1896ൽ ന്യൂയോർക്ക് സിറ്റിയെ നടുക്കിക്കൊണ്ട് ഒരു കൊലപാതകം നടക്കുന്നത്. കുടിയേറ്റക്കാരനായ 13 വയസ്സുള്ള കുട്ടിയെ അതിക്രൂരമായി കൊല ചെയ്തിരിക്കുന്നു. വികൃതമാക്കപ്പെട്ട നിലയിൽ കണ്ടെത്തുന്ന പയ്യന്റെ ശരീരം പൊലീസിനെ കുഴങ്ങി. കൊലപാതകത്തിനു പിന്നിലെ യുക്തി അവർക്കു മനസ്സിലാകുന്നില്ല. അവർ ഡോ. ലാസ്‌ലോ ക്രെയ്‌സ്‌ലറിനെ സമീപിക്കുന്നു.
ബെഞ്ചമിൻ, സോഫിയ സ്വീഗ് എന്നീ രണ്ട് കുട്ടികളെ കൊലപ്പെടുത്തി അവരുടെ കണ്ണുകൾ ചൂഴ്ന്നെടുത്ത കേസുമായി ഈ കൊലപാതകത്തിനു ബന്ധമുണ്ടെന്നു അവർ മനസ്സിലാക്കുന്നു. ഈ രീതിയുമായി പൊരുത്തപ്പെടുന്ന രണ്ട് കൊലപാതകങ്ങൾ കൂടി ഉണ്ടെന്ന് പൊലീസ് കമ്മീഷണർ റൂസ്‌വെൽറ്റ് പറയുന്നതോടെയാണ് ഇതൊരു കൊലപാതക പരമ്പരയാണെന്നു അവർക്കു മനസ്സിലാകുന്നത്.
ഒരു കൊലയാളിയുടെ മനസ്സ് എങ്ങനെ പ്രവർത്തിക്കുന്നു? അയാൾ എന്തിനാണ് കൊല ചെയ്യുന്നത്? ക്രെയ്‌സ്‌ലറും ടീമും ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നു. കൊലയാളിയെ പിന്തുടരുമ്പോൾ, അവർ അപകടത്തിലേക്ക് നീങ്ങുകയാണ്. കൊലയാളി അവരുടെ അന്വേഷണത്തെക്കുറിച്ച് അറിയുകയും അവരെ ഭീഷണിപ്പെടുത്താൻ തുടങ്ങുകയും ചെയ്യുന്നു. ഒടുവിൽ, മനഃശാസ്ത്രപരമായ വിശകലനത്തിലൂടെ കൊലയാളി ആരാണെന്ന് അറിയുന്ന ക്രെയ്‌സ്‌ലറും ടീമും ഞെട്ടി പോകുന്നു.

കൊലയാളിയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ മാനസിക പ്രശ്നങ്ങളുണ്ട്. സമൂഹത്തിന്റെ അവഗണന, പീഡനം... എല്ലാം അവന്റെ മനസ്സിനെ വികൃതമാക്കിയിട്ടുണ്ട്. ക്രൂരതയുടെ ഉറവിടം എന്താണ്? മനുഷ്യ മനസ്സിന്റെ അന്ധകാരമയമായ വശങ്ങൾ എന്തൊക്കെയാണ്? സമൂഹം ഒരു കൊലയാളിയെ എങ്ങനെ സൃഷ്ടിക്കുന്നു? ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാണ് ഈ നോവൽ ശ്രമിക്കുന്നത്.
കാലേബ് കാർ ഒരു സൈനിക ചരിത്രകാരനും എഴുത്തുകാരനുമായിരുന്നു. നോൺ-ഫിക്ഷനും ഫിക്ഷനും എഴുതിയിട്ടുള്ള കാലേബിന്റെ രണ്ടാമത്തെ ഫിക്ഷനാണ് 'ദി ഏലിയനിസ്റ്റ്'.