'കുഞ്ഞ് ഇളൈയെ എടുത്തു കൊണ്ട് ഓടുന്ന അച്ഛൻ'; ഭർത്താവിന്റെയും മകന്റെയും വിഡിയോ പങ്കുവെച്ച് അമല പോൾ

Mail This Article
കുഞ്ഞുങ്ങളുണ്ടെങ്കിൽ ആ വീട്ടിൽ എപ്പോഴും ഒരു ആളനക്കവും ബഹളവും ഒക്കെ ഉണ്ടായിരിക്കും. കുഞ്ഞുങ്ങളുടെ കൊച്ചു കൊച്ചു കുസൃതികളും അവരുടെ കൊഞ്ചലുകളും വീടിന്റെ അന്തരീക്ഷം മനോഹരമാക്കും. ഇതിനിടയിൽ കുഞ്ഞുങ്ങളെ കളിപ്പിക്കാനും കൊഞ്ചിക്കാനും ഓരോരുത്തരും മത്സരം ആയിരിക്കും. ഭർത്താവ് ജഗത്തും കുഞ്ഞുമകൻ ഇളൈയും തമ്മിലുള്ള മനോഹരമായ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി അമല പോൾ.
'കുഞ്ഞിനൊപ്പം യാത്ര ചെയ്യുമ്പോൾ കൊണ്ടു പോകേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം, അവന്റെ അച്ഛൻ' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോയിൽ, അച്ഛൻ മൊബൈലിൽ വിഡിയോ എടുക്കാൻ പോകുന്നതിനെ വളരെ ആവേശത്തോടെ നോക്കുന്ന ഇളൈയെ കാണാം. കുഞ്ഞിനെ കൈയിൽ പിടിച്ച് ഓടുന്ന വിധത്തിലാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഒരു കൈയിൽ ഇളൈയെയും മറുകൈയിൽ മൊബൈലുമായി തിരക്കിട്ട് ഓടുന്നതാണ് വിഡിയോയിൽ. ഏതായാലും അച്ഛന്റെ ഒക്കത്തിരുന്നുള്ള ആ ഓട്ടം കുഞ്ഞ് ഇളൈ നന്നായി ആസ്വദിക്കുന്നുണ്ട്.
അച്ഛനൊപ്പം തന്നെ നന്നായി ചിരിക്കുകയാണ് കുഞ്ഞ് ഇളൈയും. ആ ചിരി കാണാൻ വേണ്ടി മാത്രം വിഡിയോ വീണ്ടും വീണ്ടും നമ്മൾ കാണും. ഏതായാലും തിരക്കിട്ട് ഓടുന്ന വിഡിയോ പെട്ടെന്ന് എടുത്തത് കൊണ്ടായിരിക്കും കുഞ്ഞ് ഇളൈയ്ക്ക് ഉടുപ്പിടാൻ ഒന്നും സമയം കിട്ടിയില്ല. മനോഹരമായ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. കുഞ്ഞ് ഇളൈയുടെ ചിരി മനോഹരമായിട്ടുണ്ടെന്നും വിഡിയോ വളരെ മനോഹരമായിട്ടുണ്ടെന്നും നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
2024 ജൂൺ 11ന് ആയിരുന്നു അമല പോളിന് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ ചിത്രം ആദ്യമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ അമ്മയുടെ സെറോക്സ് കോപ്പിയെന്നും മിനി അമല പോൾ എന്നുമായിരുന്നു ആരാധകർ കമന്റ് ബോക്സിൽ കുറിച്ചത്.