സമ്മർദം വേണ്ട, കളിക്കൊപ്പം കുട്ടിയുടെ ഭാഷയും വളർത്താം

Mail This Article
പ്രൈമറി തലത്തിലുള്ള കുട്ടി പുതിയ ഭാഷ പഠിക്കുന്നതുപോലെ മുതിർന്നൊരാൾക്ക് പഠിക്കാൻ കഴിയില്ല. വീട്ടിലൊരാൾ തമിഴ് സംസാരിക്കുന്നുവെന്നിരിക്കട്ടെ. കുട്ടി വേഗത്തിൽ തമിഴ് വാക്കുകൾ പിടിച്ചെടുക്കും. അവർ പേശി ത്തുടങ്ങുമ്പോൾ മുതിർന്നവർ പോലും ഞെട്ടും. എത്രതരം ഭാഷ പഠിക്കുന്നുവോ അത്രയും തലച്ചോറിന് ഉത്തേജനമാണ്. പല ഭാഷകളിലെ ദൈനംദിന ജീവിതത്തിന് ആവശ്യമുള്ള ഭാഷാ പ്രയോഗങ്ങൾ കുട്ടികളെ പഠിപ്പിച്ചാൽ എളുപ്പത്തിൽ പല ഭാഷ പഠിപ്പിക്കാം. എന്നു കരുതി കൂടുതൽ സമ്മർദം നൽകരുത്.
∙പോഷകാഹാരം ലഭിക്കാത്ത കുട്ടികൾ ക്ഷീണിച്ചിരിക്കില്ലേ. അതുപോലെയാണ് തലച്ചോറും. വേണ്ടവിധം പ്രചോദിപ്പിച്ചില്ലെങ്കിൽ അതു ചുരുങ്ങിപ്പോകും. ഭാഷാ പ്രശ്നങ്ങൾ മാത്രമല്ല, ഒട്ടുമിക്ക വികാസപ്രശ്നങ്ങളും (Developmental delay) കുട്ടിക്കൊപ്പം കളിക്കുന്നതിലൂടെ പരിഹരിക്കാം.
∙പന്ത് കളിക്കുന്നുവെന്നിരിക്കട്ടെ. കളിക്കിടയിൽ പന്ത് എറിയൂ, എടുക്കൂ, പിടിക്കൂ.. എന്നിങ്ങനെ പല വാക്കുകൾ നമ്മൾ ഉപയോഗിക്കും. ആക്ടിവിറ്റിക്കൊപ്പം കുട്ടിയുടെ ഭാഷയും വളരും. ഏത് സാഹചര്യത്തിൽ ഏതു വാക്ക് എന്നതും കുട്ടി അറിയാതെ സ്വയം പഠിക്കും.
∙വസ്തുക്കൾ തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന വാക്കുകൾ പഠിക്കാനുള്ള അവസരം കൂടിയാണ് പ്ലേ ടൈം. പന്ത് മേശയ്ക്ക് അടിയിലുണ്ട്. പാവ കട്ടിലിനു മുകളിലുണ്ട്, കാർ മതിലിന് അരികിലുണ്ട് എന്നിങ്ങനെ ഓരോന്നും പറയാം.
∙ ഭാഷ നന്നാകണമെങ്കിൽ ശ്രദ്ധ വേണം. അതിനു തലച്ചോറിനെ ഉത്തേജിപ്പിക്കണം. അതിനായി കുട്ടികൾക്ക് വ്യത്യസ്ത സാഹചര്യങ്ങളും സ്ഥലങ്ങളും പരിചയപ്പെടുത്തണം. പാർക്ക്, ബീച്ച്, ഉല്ലാസയാത്രകൾ എന്നിങ്ങനെ..
∙ബീച്ചിൽ പോയാൽ കുട്ടികൾക്കൊപ്പം കടൽത്തീരത്ത് കളിക്കാൻ കൂടണം. സെൽഫിയെടുക്കൽ അതിനുശേഷം മതി. അവർക്കൊപ്പം കളിക്കുക, സംസാരിക്കുക. തിരമാല വന്നു, കാൽ നനഞ്ഞു, മണൽതരികൾപറ്റി എന്നൊക്കെ പറയാം. പഠിപ്പിക്കാൻ എന്ന പേരിൽ സമയം മാറ്റിവയ്ക്കുന്നതിനേക്കാൾ നല്ലതാണ് ഇത്തരം അനുഭവങ്ങൾ.
∙പല സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് ഓരോ വ്യക്തികളോടും സാഹചര്യങ്ങളിലും ഏതു ഭാഷ ഉപയോഗിക്കണം എന്ന സാമൂഹ്യജീവിതത്തിന്റെ പാഠവും കുട്ടി പഠിക്കുന്നത്.
∙വീട്ടിൽ കുട്ടിക്കൊപ്പം കളിക്കുമ്പോൾ ഒപ്പം നിലത്തിരുന്നു കളിക്കാം. കുട്ടിയുടെ ഐ ലെവലിൽ ഇരിക്കുമ്പോൾ സംഭാഷണം എളുപ്പമാകും. അടുപ്പവും കൂടും.
∙ചെറിയ കുട്ടികളിൽ ശ്രദ്ധ കൂട്ടാനുള്ളൊരു കുട്ടിക്കളി പറയാം. കളിപ്പാട്ടം ഒളിപ്പിച്ചുവച്ചശേഷം അതെവിടെയാണെന്നു കണ്ടെത്താൻ സൂചനകൾ നൽകാം. പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാലേ കളിപ്പാട്ടം കണ്ടെത്താനാകൂ എന്നതുകൊണ്ട് കുട്ടികൾ ശ്രദ്ധിച്ചു കേൾക്കും. നിർദേശങ്ങൾ അനുസരിക്കാനും പഠിക്കും.
∙അടുത്ത ഘട്ടത്തിൽ രണ്ടു കാര്യങ്ങൾ ഒന്നിച്ചു പറയാം. പാവ കൊണ്ടുവന്ന് കസേരയിൽ വയ്ക്കൂ, പാവയും പന്തും എടുത്തുകൊണ്ട് വന്ന് കസേരയിൽ വയ്ക്കൂ എന്നിങ്ങനെ കാര്യങ്ങൾ ഒന്നിച്ചു ചെയ്യാൻ പറയാം.