'കണ്ണീർ കായലിൽ ഏതോ കടലാസിന്റെ തോണി': കുട്ടികളെ കൈയിലെടുത്ത് എം.എൽ.എയുടെ പാട്ട്

Mail This Article
ജനങ്ങളുടെ കാര്യങ്ങളിൽ ഇടപെടുകയും നാടിന്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുകയും മാത്രമല്ല, വേണ്ടി വന്നാൽ പാട്ട് പാടാനും ഈ എം എൽ എ റെഡി. കുന്നത്തുനാട് മണ്ഡലത്തിലെ അമ്പലമേട് ഗവൺമെന്റ് ഹൈസ്കൂളിൽ എത്തിയപ്പോഴാണ് എം.എൽ.എ ഗായകനായത്. കുന്നത്തുനാട് എം എൽ എ പി.വി ശ്രീനിജൻ ആണ് പാട്ട് പാടി കുട്ടികളെ കൈയിലെടുത്തത്. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ആണ് എം.എൽ.എ പാടുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
കുന്നത്തുനാട് മണ്ഡലത്തിൽ നടപ്പിലാക്കുന്ന SLATE വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് അമ്പലമേട് ഗവൺമെന്റ് സ്കൂളിലേക്ക് എം.എൽ.എ എത്തിയത്. 'ഗായകൻ എം എൽ എ' എന്ന തലക്കെട്ട് നൽകിയാണ് എം.എൽ.എയുടെ പാട്ടിന്റെ വിഡിയോ ഒരു അടിക്കുറിപ്പോടെ മന്ത്രി പങ്കുവെച്ചത്. 'ഗായകൻ എം.എൽ.എ - കുന്നത്തുനാട് മണ്ഡലത്തിൽ നടപ്പിലാക്കുന്ന SLATE വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അമ്പലമേട് ഗവൺമെന്റ് ഹൈസ്കൂളിൽ എത്തിയ കുന്നത്തുനാട് എം.എൽ.എ, പി.വി ശ്രീനിജൻ കുട്ടികൾക്ക് വേണ്ടി പാട്ട് പാടിയപ്പോൾ. എറണാകുളം സെന്റ് തെരേസാസ് കോളേജും എം എൽ എയുടെ വിദ്യാജ്യോതി പദ്ധതിയും ചേർന്ന് കുന്നത്തുനാട് നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന സ്ലേറ്റ് പദ്ധതി നിയോജക മണ്ഡലത്തിലെ 21 സർക്കാർ, എയ്ഡഡ് സ്കൂളുകളിലാണ് നടപ്പാക്കുന്നത്. സസ്റ്റയിനബിലിറ്റി ലീഡർഷിപ്പ് ആൻഡ് ഏജൻസീ ത്രൂ എജ്യുക്കേഷൻ പദ്ധതിയുടെ പ്രയോജനം മണ്ഡലത്തിലെ 11,000 കുട്ടികൾക്ക് ലഭിക്കും.' - സ്ലേറ്റ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചാണ് എം. എൽ.എയുടെ പാട്ട് വിഡിയോ വിദ്യാഭ്യാസ മന്ത്രി പങ്കുവെച്ചത്.
മനോഹരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 'കുന്നത്തുനാടിന്റെ സ്വന്തം MLA ബ്രോ', 'ഞങ്ങളുടെ കുന്നത്തുനാടിന്റെ സ്വകാര്യ അഹങ്കാരം. വികസന തേരോട്ടങ്ങൾ നയിക്കുന്ന ജനനായകൻ.' എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഇതിനിടയിൽ കമന്റ് ബോക്സിൽ പ്ലസ് ടു പരീക്ഷ കുറച്ച് കടുപ്പമായിരുന്നു എന്ന് കാണിക്കുന്ന കമന്റുകളുമുണ്ട്. 'ഈ കൊല്ലം +2 സയൻസ് /കൊമേഴ്സ് പരീക്ഷയെഴുതിയ കുട്ടികളുടെ കണ്ണീര് ഒരു കായലല്ല സാഗരം തന്നെയാണ് പൊന്ന് വി ശിവൻകുട്ടി സാറേ, ഒരു MLA യുടെ പോസ്റ്റ് ഇട്ടാൽ താങ്കൾക്ക് സുഖം കിട്ടുമെങ്കിൽ ആയിക്കോളൂ', 'പക്ഷേ, താങ്കളുടെ വകുപ്പിലെ വികലമായ നയം കാരണം ഇത്തവണ 11, 12 ക്ലാസുകളിലെ പരീക്ഷാ ചോദ്യപേപ്പറിലെ കുഴപ്പത്തെപ്പറ്റി എന്താണ് പ്രതികരിക്കാത്തത്. നാണക്കേടാണ് താങ്കൾ.' എന്നിങ്ങനെ പോകുന്നു കമന്റുകൾ.