പെനൽറ്റി കളഞ്ഞും ഗോളടിച്ചും ക്രിസ്റ്റ്യാനോ, പോർച്ചുഗൽ സെമിയിൽ ജർമനിക്കെതിരെ; രണ്ടാം സെമിയിൽ ഷൂട്ടൗട്ട് കടന്നെത്തുന്ന സ്പെയിനും ഫ്രാൻസും നേർക്കുനേർ

Mail This Article
പാരിസ്∙ പിന്നിൽനിന്നും തിരിച്ചടിച്ച് ഫ്രാൻസും പോർച്ചുഗലും, ആദ്യപാദത്തിലെ സമനിലയ്ക്കു പിന്നാലെ രണ്ടാം പാദത്തിലും ‘സമനില തെറ്റാതെ’ സ്പെയിൻ, ആദ്യപാദത്തിലെ മുൻതൂക്കം രണ്ടാംപാദത്തിലും നിലനിർത്തി ജർമനി... ആവേശം കാൽപ്പന്തുപോലെ വാനോളമുയർന്ന തകർപ്പൻ പോരാട്ടങ്ങൾക്കൊടുവിൽ യുവേഫ നേഷൻസ് ലീഗ് സെമിഫൈനൽ ലൈനപ്പായി. ജൂൺ നാലിന് മ്യൂണിച്ച് ഫുട്ബോൾ അരീനയിൽ നടക്കുന്ന ആദ്യ സെമിയിൽ ജർമനിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും ഏറ്റുമുട്ടും.
പിറ്റേന്ന്, മാർച്ച് അഞ്ച് സ്റ്റുട്ട്ഗാർട് അരീനയിലെ രണ്ടാം സെമിയിൽ സ്പെയിൻ – ഫ്രാൻസ് പോരാട്ടം. തോൽക്കുന്നവർ തമ്മിൽ ജൂൺ എട്ടിന് സ്റ്റുട്ഗാർട് അരീനയിൽ മൂന്നാം സ്ഥാന മത്സരം, അന്നുതന്നെ മ്യൂണിച്ച് ഫുട്ബോൾ അരീനയിൽ കലാശപ്പോരാട്ടം.
∙ ക്രൊയേഷ്യ കടന്ന് ഫ്രാൻസ്
ആദ്യപാദത്തിലെ അപ്രതീക്ഷിത 2–0 തോൽവിയുടെ ക്ഷീണമകറ്റി സ്വന്തം കാണികൾക്കു മുന്നിലെ രണ്ടാം പാദ ക്വാർട്ടറിൽ ക്രൊയേഷ്യയെ 2–0ന് തകർത്താണ് ഫ്രാൻസ് ‘ജീവൻ’ നിലനിർത്തിയത്. ഗോൾരഹിതമായ ആദ്യപാദത്തിനു ശേഷം രണ്ടാം പകുതിയിലാണ് രണ്ടു ഗോളും പിറന്നത്. മൈക്കൽ ഒലിസ് (52–ാം മിനിറ്റ്), ഒസ്മാൻ ഡെംബെലെ (80) എന്നിവരാണ് ഫ്രാൻസിനായി ലക്ഷ്യം കണ്ടത്.
ഇരുപാദങ്ങളിലുമായി സ്കോർ 2–2ന് തുല്യമായതോടെ, മത്സരം എക്സ്ട്രാ ടൈമിലേക്ക്. അവിടെ ഗോളൊന്നും പിറക്കാതിരുന്നതോടെ പെനൽറ്റി ഷൂട്ടൗട്ട്. അവിടെയും സ്കോർ തുല്യമായതോടെ സഡൻ ഡെത്തിലാണ് വിജയികളെ കണ്ടെത്തിയത്. ഒടുവിൽ 5–4ന്റെ വിജയത്തോടെ ഫ്രാൻസ് സെമിയിൽ.
∙ പെനൽറ്റി കളഞ്ഞും ഗോളടിച്ചും റോണോ
സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾ പെനൽറ്റി പാഴാക്കി വില്ലനും പിന്നീട് ഗോളടിച്ച് നായകനുമായി രൂപാന്തരം പ്രാപിച്ച മത്സരത്തിലാണ്, പോർച്ചുഗൽ ഡെൻമാർക്കിനെ വീഴ്ത്തിയത്. ഡെൻമാർക്കിനെ തട്ടകത്തിലെ ആദ്യപാദത്തിൽ 1–0ന് തോറ്റ് പിന്നിലായിപ്പോയ പോർച്ചുഗൽ, സ്വന്തം നാട്ടിലെ രണ്ടാം പാദത്തിൽ 5–2ന്റെ കൂറ്റൻ വിജയം നേടിയാണ് സെമിയിലേക്ക് ടിക്കറ്റെടുത്തത്. നിശ്ചിത സമയത്ത് പോർച്ചുഗൽ 3–2ന് മുന്നിലെത്തിയതോടെ ഇരുപാദങ്ങളിലുമായി സ്കോർ 3–3 എന്ന നിലയിലായി. ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക്. എക്സ്ട്രാ ടൈമിൽ 2 ഗോളുകൾ കൂടി നേടി 5–2ന്റെ വിജയവുമായി പോർച്ചുഗൽ സെമിയിൽ കടന്നു.
ജൊവാക്കിം ആൻഡേഴ്സന്റെ സെൽഫ് ഗോളിൽ (38–ാം മിനിറ്റ്) ആദ്യപകുതിയിൽ പോർച്ചുഗൽ 1–0ന് മുന്നിലായിരുന്നു. ആദ്യപകുതിയിൽ റൊണാൾഡോ പെനൽറ്റി പാഴാക്കിയിരുന്നു. രണ്ടാം പകുതിയിൽ റാസ്മൂസ് ക്രിസ്റ്റൻസൻ (56–ാം മിനിറ്റ്), ക്രിസ്റ്റ്യൻ എറിക്സൻ (76) എന്നിവരുടെ ഗോളുകളിൽ ഡെൻമാർക്ക് തിരിച്ചടിച്ചെങ്കിലും, ക്രിസ്റ്റ്യാനോ റൊണാൾഡോ (72), ട്രിൻകാവോ (86) എന്നിവരുടെ ഗോളുകളിൽ പോർച്ചുഗൽ 3–2ന് ആധിപത്യം നിലനിർത്തി. ഇതോടെ എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ ആദ്യ മിനിറ്റിൽത്തന്നെ ട്രിൻകാവോ വക അടുത്ത ഗോൾ. 115–ാം മിനിറ്റിൽ പകരക്കാരൻ താരം ഗോൺസാലോ റാമോസും ലക്ഷ്യം കണ്ടതോടെ 5–2ന്റെ വിജയത്തോടെ പോർച്ചുഗൽ സെമിയിൽ.
∙ ‘സമനില തെറ്റാതെ’ ജർമനി
സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദ ക്വാർട്ടറിൽ 3–3ന് സമനില സ്വന്തമാക്കിയാണ് ജർമനി സെമിയിൽ കടന്നത്. ആദ്യപാദത്തിലെ 2–1ന്റെ വിജയം കൂടി ചേർന്നതോടെ ഇരുപാദങ്ങളിലുമായി 5–4ന്റെ ലീഡിൽ ജർമനി മുന്നേറി. ഇറ്റലിക്കായി മോയിസ് കീൻ നേടിയ ഇരട്ടഗോളുകൾക്കും ടീമിനെ രക്ഷിക്കാനായില്ല.
49, 69 മിനിറ്റുകളിലായിരുന്നു മോയിസ് കീനിന്റെ ഗോളുകൾ. ഇറ്റലിയുടെ മൂന്നാം ഗോൾ ഇൻജറി ടൈമിൽ ജിയാസ്കോമോ റാസ്പഡോറി നേടി. ജോഷ്വ കിമ്മിച്ച് (30–ാം മിനിറ്റ്, പെനൽറ്റി), ജമാൽ മുസിയാല (36), ടിം ക്ലെൻഡെസ്റ്റ് (45) എന്നിവർ ജർമനിക്കായി ലക്ഷ്യം കണ്ടു.
∙ തുല്യശക്തികളുടെ പോരാട്ടത്തിൽ സ്പാനിഷ് ജയം
തുല്യശക്തികളുടെ പോരാട്ടത്തിൽ നെതർലൻഡ്സിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് സ്പെയിൻ സെമിയിൽ കടന്നത്. സ്പെയിനിന്റെ തട്ടകത്തിൽ നടന്ന രണ്ടാം പാദ ക്വാർട്ടർ പോരാട്ടം 3–3 സമനിലയിൽ അവസാനിക്കുകയായിരുന്നു. നിശ്ചിത സമയത്ത് മത്സരം 2–2 സമനിലയായതോടെ മത്സരം എക്സ്ട്രാ ടൈമിലേക്കു നീണ്ടതോടെയാണ് ഇരു ടീമുകളും ഓരോ ഗോൾ കൂടി നേടി സ്കോർ 3–3 എന്ന നിലയിലെത്തിച്ചത്. സ്പെയിനിനായി മൈക്കൽ ഒയാർസബാൽ ഇരട്ടഗോൾ നേടി. 8–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്നും ലക്ഷ്യം കണ്ട താരം, 67–ാം മിനിറ്റിൽ ഡബിൾ തികച്ചു. മൂന്നാം ഗോൾ എക്സ്ട്രാ ടൈമിൽ ലമിൻ യമാൽ നേടി. ഡച്ച് പടയ്ക്കായി മെംഫിസ് ഡീപേ (54–ാം മിനിറ്റ്, പെനൽറ്റി), ഇയാൻ മാട്സൻ (79) എന്നിവരും എക്സ്ട്രാ ടൈമിൽ ചാവി സൈമൺസും ലക്ഷ്യം കണ്ടു.
ആദ്യപാദത്തിലെ 2–2 സമനില കൂടി ചേർന്നതോടെ ഇരു പാദങ്ങളിലുമായി സ്കോർ 5–5 എന്ന നിലയിൽ തുല്യം. ഷൂട്ടൗട്ടിൽ നെതർലൻഡ്സ് താരം നോവ ലാങ്ങും സ്പാനിഷ് താരം ലമിൻ യമാലും കിക്ക് പാഴാക്കിയെങ്കിലും, ഡച്ച് താരം ഡോണിൽ മാലന്റെ കിക്ക് തടുത്ത് സ്പെയിൻ ഗോൾകീപ്പർ ഉനായ് സൈമൺ ടീമിന് 5–4ന്റെ വിജയവും സെമിഫൈനൽ ബർത്തും സമ്മാനിച്ചു.