വീസ കാലാവധി കഴിഞ്ഞും ഇന്ത്യയിൽ തുടർന്നാൽ പിഴ 3 ലക്ഷം : കുടിയേറ്റ നിയമങ്ങൾ കർശനമാക്കി ഇന്ത്യയും

Mail This Article
ഇമിഗ്രേഷൻ നിയമങ്ങൾ കൂടുതൽ ശക്തമാക്കാൻ ഇന്ത്യ. 2025ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ അനുസരിച്ചാണ് ഇന്ത്യ ഇമിഗ്രേഷൻ നയങ്ങൾ ശക്തമാക്കുന്നത്. ദേശീയ സുരക്ഷ കൂടുതൽ കരുത്തുള്ളതാക്കുക, വീസ നടപടിക്രമങ്ങൾ എളുപ്പത്തിലാക്കുക എന്നിവ ലക്ഷ്യം വച്ചാണ് ഇത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെയും വിനോദസഞ്ചാരത്തെയും പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ ആയിരിക്കും ഇത്.
∙ യാത്രാരേഖകൾ നിർബന്ധം
ഇന്ത്യയിലേക്ക് പ്രവേശിക്കുന്നവർക്കും ഇന്ത്യയിൽ നിന്ന് പോകുന്നവർക്കും യാത്രാരേഖകൾ നിർബന്ധമാണ്. ഇവരുടെ കൈവശം സാധുവായ വീസയും പാസ്പോർട്ടും ഉണ്ടായിരിക്കണം. അനുമതിയില്ലാതെ രാജ്യത്തേക്കുള്ള പ്രവേശനം അഞ്ചു വർഷം വരെ തടവുശിക്ഷയ്ക്കും അഞ്ചു ലക്ഷം രൂപ വരെ പിഴ ഈടാക്കുന്നതിനും കാരണമാകും.
∙ വ്യാജരേഖ സമർപ്പിച്ചാൽ ശിക്ഷ
വ്യാജരേഖകൾ സമർപ്പിക്കുന്നതും ഉപയോഗിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്. രണ്ടു മുതൽ ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്. ഇത്തരം കുറ്റങ്ങൾ ചെയ്താൽ ഒരു ലക്ഷം മുതൽ 10 ലക്ഷം വരെ പിഴയും ഈടാക്കും.
∙സമയം കഴിഞ്ഞും തങ്ങിയാൽ പിടിവീഴും
വീസ കാലാവധി കഴിഞ്ഞതിനു ശേഷമോ വീസ നിയമങ്ങൾ ലംഘിച്ചോ രാജ്യത്ത് വിദേശ പൗരൻമാർ തുടർന്നാൽ പിടിവീഴും. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ മൂന്നു വർഷം വരെ തടവും മൂന്നുലക്ഷം രൂപ പിഴയും അടയ്ക്കണം.

∙സ്ഥാപനങ്ങൾ നിർബന്ധമായും റിപ്പോർട്ട് ചെയ്യണം
വിദേശ പൗരൻമാരെ താമസിപ്പിക്കുകയോ അവർക്ക് സ്ഥലസൗകര്യം നൽകുകയോ ചെയ്യുന്ന ഹോട്ടലുകൾ, സ്കൂളുകൾ, ആശുപത്രികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവ ഇക്കാര്യം സംബന്ധിച്ച റിപ്പോർട്ടുകൾ ബന്ധപ്പെട്ടവർക്ക് കൈമാറിയിരിക്കണം. ഇത് വീസ കാലാവധി കഴിഞ്ഞും തുടരുന്ന വ്യക്തികളെ വളരെ എളുപ്പത്തിൽ കണ്ടെത്താനും തിരിച്ചറിയാനും സഹായിക്കും.
∙എയർലൈനുകളും ശ്രദ്ധിക്കണം
വിദേശ പൗരൻമാർ യാത്ര ചെയ്യുന്ന എയർലൈനുകളും ഷിപ്പിങ് കമ്പനികളും യാത്രക്കാരുടെ കൈവശം ആവശ്യമായ രേഖകളുണ്ടെന്ന് ഉറപ്പു വരുത്തണം. ഇക്കാര്യത്തിൽ എയർലൈനുകളും ഷിപ്പിങ് കമ്പനികളും പരാജയപ്പെട്ടാൽ അവരിൽ നിന്നും പിഴ ഈടാക്കിയേക്കും.
ദേശ സുരക്ഷയ്ക്ക് ഭീഷണിയാണെന്നു തോന്നിയാൽ വീസ നിരസിക്കാനും റദ്ദു ചെയ്യാനുമുള്ള അധികാരം അധികൃതർക്ക് ഉണ്ടായിരിക്കും.