ADVERTISEMENT

എലത്തൂർ∙ ‘‘ആദ്യം അവർ രാസലഹരി ഉപയോഗിക്കാൻ നൽകി, പിന്നെ എന്റെ മകനെ നഗരത്തിലെ ലഹരി മാഫിയ ലഹരി കടത്തിന് ഉപയോഗിച്ചു. പണത്തിനായി അല്ല ലഹരിക്കായാണ് എന്റെ മകൻ ജീവൻ പണയം വച്ച് ലഹരി കടത്തുന്നത്. പതിമൂന്നാം വയസ്സു മുതൽ അവൻ ലഹരിക്ക് അടിമയാണ്. അതോടെ കുടുംബം നശിച്ചു’’

ചെട്ടികുളം സ്വദേശിയായ ആ വീട്ടമ്മ കണ്ണീരോടെ പറഞ്ഞത് ലഹരി നശിപ്പിച്ച തങ്ങളുടെ കുടുംബത്തിനെ കുറിച്ചാണ്. മകൻ സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരും എന്ന പ്രതീക്ഷയിൽ ആയിരുന്നു ആ അമ്മ. കഴിഞ്ഞദിവസം വീട്ടിലെത്തിയപ്പോൾ എല്ലാം നിർത്തി സാധാരണ ജീവിതം നയിക്കാൻ അമ്മ ആവശ്യപ്പെട്ടു. എന്നാൽ, പോക്സോ കേസിൽ ജാമ്യം നേടി ഒളിവിൽ കഴിയുകയായിരുന്ന എലത്തൂർ ചെട്ടികുളം എസ്കെ റോഡിൽ വലിയിൽ രാഹുൽ(26) ഇന്നലെ രാത്രി വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു. അമ്മയോട് പണം ആവശ്യപ്പെട്ടാണ് വീട്ടിൽ അക്രമം നടത്തിയത്. രാഹുലിനെ പേടിച്ച് നാട്ടുകാർ ആരും എന്ത് ശബ്ദം കേട്ടാലും വീട്ടിലേക്കു വരാറില്ല.

പൊലീസിൽ അറിയിക്കാൻ ഫോൺ എടുത്തപ്പോൾ പൊലീസിനെ അറിയിച്ചാൽ കത്തികൊണ്ട് കഴുത്തറുത്ത് ആത്മഹത്യ ചെയ്യുമെന്ന് പ്രതി അമ്മയോട് ഭീഷണി മുഴക്കി. രാത്രി പൊലീസിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് അവർ മകന്റെ ഭീഷണിയെ തുടർന്ന് പിൻവാങ്ങി. തുടർന്ന് രാവിലെ അമ്മ 10 മണിയോടെ എലത്തൂർ എസ്ഐ മുഹമ്മദ് സിയാദിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.പിടികിട്ടാപ്പുള്ളി ആയ രാഹുൽ വീട്ടിലുണ്ടെന്നു മനസ്സിലാക്കിയ പൊലീസ് ഉടൻതന്നെ എത്തി. പൊലീസിനെ കണ്ട് ബ്ലേഡ് എടുത്ത് മുറിയിലെ കട്ടിലിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. 

മണിക്കൂറുകളോളം പൊലീസ് അനുരഞ്ജന ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. മുറിയിൽ നിലയുറപ്പിച്ച സീനിയർ സിപിഒ സലിൽ ദേവ്,വി.കെ.ടി ഷമീർ, അതുൽ കുമാർ, സിപിഒ സംഗീത എന്നിവർ യുവാവിനോട് സംസാരിച്ചു. ഒടുവിൽ തനിക്ക് മാധ്യമങ്ങളെ കാണണമെന്നും അവരോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും യുവാവ് പറഞ്ഞു. മാധ്യമപ്രവർത്തകർ വന്നാൽ താൻ കീഴടങ്ങാമെന്നും പ്രതി പറഞ്ഞു. തുടർന്ന് വിവരമറിഞ്ഞ് മനോരമ ന്യൂസ് സംഘം എത്തി യുവാവുമായി സംസാരിച്ചു. നാടകീയ രംഗങ്ങൾ അവസാനിപ്പിച്ച് യുവാവ് പൊലീസ് ഉദ്യോഗസ്ഥർക്ക് ബ്ലേഡ് കൈമാറി കീഴടങ്ങുകയായിരുന്നു. തുടർന്ന് പ്രതിയെ എലത്തൂർ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.

English Summary:

Drug addiction destroys families: A mother from Chettikulam surrendered her drug-addicted son to the police, revealing the city's drug mafia's exploitation and the devastating consequences for her family. Her heartbreaking testimony underscores the urgent need to address the growing drug problem in Kerala.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com