‘പാക്ക് ക്രിക്കറ്റ് ബോർഡിന് നഷ്ടമുണ്ടാക്കാൻ നോക്കിയാൽ ഇന്ത്യ അതിലും നഷ്ടം നേരിടും’: മുന്നറിയിപ്പുമായി പിസിബി വക്താവ്

Mail This Article
ഇസ്‍ലാമാബാദ്∙ ബോധപൂർവം പാക്കിസ്ഥാന് സാമ്പത്തിക നഷ്ടമുണ്ടാക്കാൻ ശ്രമിച്ചാൽ ഇന്ത്യ അതിലും വലിയ നഷ്ടം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ഇന്ത്യ – പാക്കിസ്ഥാൻ മത്സരങ്ങളാണ് രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും വരുമാനമുള്ള മത്സരങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ്, ഇന്ത്യ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന പിസിബി വക്താവിന്റെ ഭീഷണി.
അടുത്ത മൂന്നു വർഷത്തേക്ക് പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരങ്ങൾക്കായി ഇന്ത്യയിലേക്ക് വരില്ലെന്നും, അതുവഴി ബിസിസിഐയ്‌ക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നുമാണ് പിസിബി വക്താവ് ആമിർ മിറിന്റെ ഭീഷണി.
ചാംപ്യൻസ് ട്രോഫി ടൂർണമെന്റിന്റെ നടത്തിപ്പ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് വൻ സാമ്പത്തിക ബാധ്യത വരുത്തിവച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മൂന്നു പതിറ്റാണ്ടിനു ശേഷം ആതിഥ്യം വഹിക്കാൻ അവസരം ലഭിച്ച ഐസിസി ടൂർണമെന്റ് എന്ന നിലയിൽ, ചാംപ്യൻസ് ട്രോഫി പിസിബിയുടെ വരുമാന സ്രോതസായി മാറുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഇന്ത്യ മത്സരങ്ങൾക്കായി പാക്കിസ്ഥാൻ സന്ദർശിക്കാൻ വിസമ്മതിച്ചതും, പാക്കിസ്ഥാൻ ടീം ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ ദയനീയ തോൽവി വഴങ്ങി പുറത്തായതും പ്രതീക്ഷകൾക്ക് തിരിച്ചടിയായി.
‘‘രാജ്യാന്തര ക്രിക്കറ്റിനെ സംബന്ധിച്ച് എല്ലാ തീരുമാനങ്ങളും ഐസിസിയുടേതാണ്. പാക്കിസ്ഥാന് ഏതെങ്കിലും വിധത്തിൽ നഷ്ടമുണ്ടാക്കാൻ ഇന്ത്യ ബോധപൂർവം ശ്രമിച്ചിട്ടുണ്ടെങ്കിൽ, അവർ അതിന് കനത്ത വില കൊടുക്കേണ്ടി വരും.’ – ആമിർ മിർ പറഞ്ഞു.
‘‘രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യ–പാക്കിസ്ഥാൻ മത്സരങ്ങൾക്കുള്ള ഡിമാൻഡ് എല്ലാവർക്കും അറിയാം. അടുത്ത മൂന്നു വർഷത്തേക്ക് ക്രിക്കറ്റ് മത്സരങ്ങൾക്കായി ഞങ്ങൾ ഇന്ത്യയിലേക്കില്ല എന്നു തീരുമാനിച്ച വിവരം എല്ലാവർക്കും അറിയാം. അതുകൊണ്ട് പാക്കിസ്ഥാന് ഏതെങ്കിലും വിധത്തിൽ സാമ്പത്തിക നഷ്ടം നേരിട്ടാൽ, പാക്കിസ്ഥാൻ ഇന്ത്യയിലേക്ക് വരുന്നില്ലെന്ന തീരുമാനം അവർക്ക് അതിലും വലിയ നഷ്ടം വരുത്തിവയ്ക്കും’ – ആമിർ മിർ പറഞ്ഞു.