‘വ്യക്തിപരമായ അജൻഡ വച്ച് കമന്ററിയെന്ന് പരാതി, ഒരു താരം നമ്പറും ബ്ലോക്ക് ചെയ്തു’; ഐപിഎൽ പാനലിൽനിന്ന് ഇർഫാൻ പഠാൻ പുറത്ത്!

Mail This Article
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) 18–ാം സീസണിലെ കമന്റേറ്റർമാരുടെ സംഘത്തിൽനിന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ പുറത്തായതുമായി ബന്ധപ്പെട്ട് വിവാദം. സമകാലിക ക്രിക്കറ്റിൽ കമന്റേറ്ററായും അവതാരകനായും ശ്രദ്ധ നേടിയ പഠാനെ, ഇത്തവണ ഐപിഎൽ മത്സരങ്ങളുടെ കമന്റേറ്റർമാരുടെ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. പഠാന്റെ ‘വാവിട്ട’ കമന്ററിയും ഇതുമായി ബന്ധപ്പെട്ട് ചില ഇന്ത്യൻ താരങ്ങൾ തന്നെ പരാതിയുമായി രംഗത്തെത്തിയതുമാണ് പഠാനെ തഴയാൻ കാരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വ്യക്തിപരമായ വിമർശനം അതിരുകടന്നതോടെ, ഓസ്ട്രേലിയൻ പര്യടനത്തിനിടെ ഒരു ഇന്ത്യൻ താരം പഠാനെ ഫോണിൽ ‘ബ്ലോക്ക് ചെയ്ത’തായും റിപ്പോർട്ടുകളുണ്ട്. ഇർഫാൻ പഠാൻ വ്യക്തിവിരോധം തീർക്കുന്ന വിധത്തിൽ ക്രിക്കറ്റ് കമന്ററിക്കിടെ തുടർച്ചയായി അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്നതായി ഈ താരം ഉൾപ്പെടെയുള്ളവർ പരാതി ഉന്നയിച്ചെന്നാണ് സൂചന.
‘‘ഈ വിവാദം ഇല്ലായിരുന്നെങ്കിൽ തീർച്ചയായും ഇർഫാൻ പഠാന്റെ പേര് കമന്റേറ്റർമാരുടെ പട്ടികയിൽ ഉണ്ടാകുമായിരുന്നു. ചില താരങ്ങളെ ഉന്നമിട്ട് തികച്ചം അധിക്ഷേപകരമായ രീതിയിൽ പഠാൻ പരാമർശങ്ങൾ നടത്തുന്നതായി രണ്ടു വർഷമായി പരാതിയുണ്ട്. ഈ പരാതി അധികൃതർ ഗൗരവത്തിലെടുത്തു’ – വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
കളിക്കാരുടെ പരാതിയെ തുടർന്ന് കമന്റേറ്റർമാരുടെ പാനലിൽനിന്ന് പുറത്താകുന്ന ആദ്യത്തെ താരമല്ല ഇർഫാൻ പഠാൻ. പ്രശസ്ത കമന്റേറ്റർമാരായ സഞ്ജയ് മഞ്ജരേക്കർ, ഹർഷ ഭോഗ്‍ലെ തുടങ്ങിയവരെയും മുൻപ് ക്രിക്കറ്റ് താരങ്ങളുടെ പരാതികളെ തുടർന്ന് കമന്ററി ജോലിയിൽനിന്ന് മാറ്റിനിർത്തിയിട്ടുണ്ട്.
2020ൽ ഇന്ത്യ–ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്കുള്ള ബിസിസിഐയുടെ കമന്റേറ്റർമാരുടെ പാനലിൽനിന്ന് മഞ്ജരേക്കറെ ഒഴിവാക്കിയിരുന്നു. സഹ കമന്റേറ്ററായ ഹർഷ ഭോഗ്‍ലെയുമായി ലൈവിൽവച്ച് വാക്പോരിനു മുതിർന്നതും സൗരവ് ഗാംഗുലിയെ വിമർശിച്ചതും രവീന്ദ്ര ജഡേജയെ അപഹസിച്ചതുമായിരുന്നു കാരണം.
അതിനു മുൻപ് 2016ലാണ് ഐപിഎൽ സീസൺ ആരംഭിക്കുന്നതിനു തൊട്ടുമുൻപ് കാരണം പോലും വ്യക്തമാക്കാതെ ഹർഷ ഭോഗ്‍ലെയെ കമന്ററി പാനലിൽനിന്ന് ഒഴിവാക്കിയത്. എന്തുകൊണ്ടാണ് തന്നെ തഴഞ്ഞതെന്ന് അറിയില്ലെന്ന് അന്ന് ഭോഗ്‌ലെയും വ്യക്തമാക്കിയിരുന്നു.