ഡിബ്രുയ്നെയുടെ ബെൽജിയത്തെ 3–1ന് വീഴ്ത്തിയ യുക്രെയ്ൻ ടീമിന്റെ നട്ടെല്ലായി മുൻ ബ്ലാസ്റ്റേഴ്സ് താരം; കയ്യടിച്ച് ആരാധകർ– വിഡിയോ

Mail This Article
മുർസിയ (സ്പെയിൻ)∙ യുവേഫ നേഷൻസ് ലീഗ് പ്ലേഓഫിൽ കരുത്തൻമാരായ ബെൽജിയത്തെ അട്ടിമറിച്ച യുക്രെയ്ൻ ടീമിൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരവും. 2022–23 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ലോൺ അടിസ്ഥാനത്തിൽ കളിച്ച ഇവാൻ കല്യൂഷ്നിയാണ്, നേഷൻസ് ലീഗ് മത്സരത്തിൽ ബെൽജിയത്തെ വീഴ്ത്തിയ യുക്രെയ്ൻ ടീമിലെ ‘കേരള’ സാന്നിധ്യം. സ്പെയ്നിൽ വച്ചു നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് യുക്രെയ്ൻ ബെൽജിയത്തെ വീഴ്ത്തിയത്.
മത്സരത്തിൽ യുക്രെയ്ന്റെ ഡിഫൻസീവ് മിഡ്ഫീൽഡിൽ മുൻ ബ്ലാസ്റ്റേഴ്സ് താരം 88 മിനിറ്റുവരെ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. രാജ്യാന്തര ഫുട്ബോളിലെ സൂപ്പർ താരങ്ങളായ കെവിൻ ഡിബ്രൂയ്‌നെ, റൊമേലു ലുക്കാക്കു, തിബോ കുർട്ടോ തുടങ്ങിയവർ കളിച്ച ബെൽജിയത്തിന്റെ സൂപ്പർതാരനിരയെയാണ്, കല്യൂഷ്നിയും സംഘവും തകർത്തുവിട്ടത്. ആദ്യപകുതിയിൽ ഒരു ഗോളിനു മുന്നിലായിരുന്ന ബെൽജിയത്തെ, രണ്ടാം പകുതിയിൽ മൂന്നു ഗോളടിച്ചാണ് യുക്രെയ്ൻ വീഴ്ത്തിയത് എന്നതും ശ്രദ്ധേയം.
40–ാം മിനിറ്റിൽ സൂപ്പർതാരം റൊമേലു ലുക്കാക്കു നേടിയ ഗോളിലാണ് ബെൽജിയം മത്സരത്തിൽ ലീഡു നേടിയത്. 65–ാം മിനിറ്റു വരെ ലീഡിൽ തുടർന്ന ബെൽജിയത്തെ, തുടർന്ന് 12 മിനിറ്റിനിടെ മൂന്നു ഗോളുകൾ അടിച്ചുകൂട്ടിയാണ് യുക്രെയ്ൻ അട്ടിമറിച്ചത്. ഒലെക്സി ഹട്സുല്യാക് (66–ാം മിനിറ്റ്), വ്ലാഡിസ്ലാവ് വനാട്ട് (73), ഇല്യ സബർണി (78) എന്നിവരാണ് യുക്രെയ്നായി ലക്ഷ്യം കണ്ടത്. മത്സരത്തിന്റെ രണ്ടാം പാദം ബെൽജിയത്തിന്റെ തട്ടകത്തിൽ ഈ മാസം 24ന് നടക്കും.
∙ കല്യൂഷ്നി @ ബ്ലാസ്റ്റേഴ്സ്
ഒറ്റ സീസണിൽ മാത്രമേ കേരള ബ്ലാസ്റ്റേഴ്സിനായി പന്തു തട്ടിയിട്ടുള്ളൂവെങ്കിലും, ആരാധകർ മറക്കാത്ത ഒരുപിടി സുവർണ നിമിഷങ്ങൾ സമ്മാനിച്ചാണ് താരം ടീം വിട്ടത്. ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ 18 മത്സരങ്ങൾ കളിച്ച കല്യൂഷ്നി ആകെ നേടിയത് നാലു ഗോളുകൾ. 2022 ജൂലൈ 18നാണ്, യുക്രെയ്ൻ താരം ഇവാൻ കല്യൂഷ്നിയെ ലോൺ അടിസ്ഥാനത്തിൽ ടീമിലെത്തിച്ച കാര്യം ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിക്കുന്നത്. അതേ വർഷം ഒക്ടോബർ ഏഴിന് ഈസ്റ്റ് ബംഗാളിനെതിരെ പകരക്കാരനായി അരങ്ങേറിയ താരം, ഇരട്ടഗോൾ നേടിയാണ് വരവറിയിച്ചത്. 79–ാം മിനിറ്റിൽ കളത്തിലിറങ്ങി 81, 89 മിനിറ്റുകളിലാണ് കല്യൂഷ്നി ഗോളടിച്ചത്. കളിയിലെ താരമായും കല്യൂഷ്നി തിരഞ്ഞെടുക്കപ്പെട്ടു.
ഒക്ടോബർ 16ന് എടികെ മോഹൻ ബഗാനെതിരായ മത്സരത്തിൽ വീണ്ടും കല്യൂഷ്നി ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഇടംപിടിച്ചു. എട്ടാം മിനിറ്റിൽത്തന്നെ കല്യൂഷ്നി ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചെങ്കിലും, മത്സരം ടീം തോറ്റു. പിന്നാലെ നവംബർ 13ന് എഫ്‍സി ഗോവയ്‌ക്കെതിരായ മത്സരത്തിൽ 52–ാം മിനിറ്റിൽ നേടിയ ലോങ് റേഞ്ചർ താരത്തിന്റെ കരുത്തു തെളിയിക്കുന്നതായി. മത്സരം ബ്ലാസ്റ്റേഴ്സ് 3–1ന് ജയിച്ചു. അന്നും താരം കളിയിലെ കേമനായി. ഹൈദരാബാദ് എഫ്‍സിക്കെതിരായ അടുത്ത മത്സരത്തിൽ ഗോളടിച്ചില്ലെങ്കിലും, കളിയിലെ താരമായത് കല്യൂഷ്നി തന്നെ.