വെറും 6 മണിക്കൂർ! ലോകത്തിലെ ആദ്യ 3D പ്രിന്റഡ് റെയിൽവേ സ്റ്റേഷൻ നിർമിക്കാൻ ജപ്പാൻ

Mail This Article
സാധാരണഗതിയിൽ ഒരു റെയിൽവേ സ്റ്റേഷന്റെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നിർവഹിച്ച് പ്രവർത്തിച്ചു തുടങ്ങാൻ മാസങ്ങളോ വർഷങ്ങളോ കാത്തിരിക്കേണ്ടി വരും. എന്നാൽ ഒരു സ്റ്റേഷനിൽ നിന്നും യാത്ര പുറപ്പെടുന്ന ട്രെയിൻ തിരികെ അവിടെ എത്തുന്നതിനു മുൻപായി സ്റ്റേഷൻ അപ്പാടെ മാറ്റി പുതുക്കി പണിതാലോ? അങ്ങനെയൊരു അദ്‌ഭുതം കാട്ടി ലോകത്തെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ജപ്പാൻ. വെറും ആറ് മണിക്കൂർ കൊണ്ട് ഒരു റെയിൽവേ സ്റ്റേഷൻ നിർമിക്കാനാണ് പദ്ധതി.
ലോകത്തിലെ ആദ്യത്തെ 3D പ്രിന്റഡ് റെയിൽവേ സ്റ്റേഷനാണ് ജപ്പാൻ ഒരുക്കുന്നത്. ഹത്സുഷിമ സ്റ്റേഷനിൽ നിലവിലുള്ള പഴയ തടിയിൽ നിർമി ച്ച സ്റ്റേഷനാണ് 3D പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് പുതുക്കി പണിയുന്നത്. മാർച്ച് 25ന് വൈകുന്നേരം ഇതുവഴിയുള്ള അവസാന ട്രെയിനും കടന്നുപോയ ശേഷമാവും നിർമാണം ആരംഭിക്കുക.
പിറ്റേന്ന് പുലർച്ചെ ആദ്യ ട്രെയിൻ എത്തുമ്പോഴേക്കും പുതിയ സ്റ്റേഷൻ്റെ നിർമാണം പൂർത്തിയായിട്ടുണ്ടാവും. 108 ചതുരശ്ര അടി മാത്രമായിരിക്കും പുതിയ സ്റ്റേഷന്റെ വിസ്തീർണ്ണം. കെട്ടിടത്തിന് 2.6 മീറ്റർ ഉയരവും 6.3 മീറ്റർ വീതിയും 2.1 മീറ്റർ നീളവും ഉണ്ടാകും. വളഞ്ഞ ആകൃതിയിലുള്ള മേൽക്കൂരയും പ്രദേശത്തെ സിട്രസ് തോട്ടങ്ങളോടുള്ള ആദരസൂചകമായി മാൻ്ററിൻ ഓറഞ്ചുകളെ അനുസ്മരിപ്പിക്കുന്ന കൊത്തുപണികളുള്ള ചുവരുകളുമാണ് കെട്ടിടത്തിന് നൽകുന്നത്. നിർമാണത്തിൽ മിനിമലിസ്റ്റിക് രീതി അവലംബിക്കാനാണ് തീരുമാനം. ഘടനയുടെ കമ്പ്യൂട്ടർ റെൻഡറിങ്ങും പുറത്തിറക്കിയിട്ടുണ്ട്.
3D പ്രിന്റിങ്ങിൽ ഏറെ പരിചയസമ്പത്തുള്ള സെറന്റിക്സ് എന്ന കമ്പനിയുടെ പങ്കാളിത്തത്തോടെയാണ് നിർമാണം നടക്കുന്നത്. നിർമിതിക്ക് വേണ്ട വ്യത്യസ്ത ഘടകങ്ങൾ മുൻകൂട്ടി പ്രിന്റ് ചെയ്തു തയാറാക്കും. ഇവ നിർമാണ സൈറ്റിൽ എത്തിച്ച് ഒന്നാക്കി ചേർക്കുകയാണ് ചെയ്യുന്നത്. മുൻപ് മാസങ്ങളും വർഷങ്ങളും എടുത്താണ് ജപ്പാനിലും റെയിൽവേ സ്റ്റേഷനുകളുടെ നിർമാണം പൂർത്തിയായിരുന്നത്. എന്നാൽ 3D സ്റ്റേഷൻ യാഥാർഥ്യമാകുന്നതോടെ അത് ജപ്പാന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും എന്നാണ് അധികൃതരുടെ പ്രതീക്ഷ.
ചരിത്രം സൃഷ്ടിക്കുക എന്നതിലുപരി ജപ്പാൻ നേരിടുന്ന മറ്റൊരു പ്രതിസന്ധിക്കുള്ള പരിഹാരം കൂടിയായാണ് 3D പ്രിന്റിംഗ് സാങ്കേതികവിദ്യ നിർമ്മാണത്തിൽ ഉപയോഗിക്കുന്നത്. രാജ്യത്തെ ജനസംഖ്യയിൽ ഭൂരിഭാഗത്തിനും പ്രായമേറുകയാണ്. രണ്ടോ മൂന്നോ പതിറ്റാണ്ടുകൾക്കുള്ളിൽ ജനസംഖ്യയുടെ 40 ശതമാനത്തിൽ അധികവും 65 വയസ്സിനു മുകളിലുള്ളവർ ആയിരിക്കുമെന്നാണ് നിലവിലെ കണക്ക്. ഇത് തൊഴിലാളി ക്ഷാമത്തിന് കാരണമാകും. ഇത്തരം ഒരു സാഹചര്യത്തിൽ പരമ്പരാഗത നിർമാണ രീതികൾ സാധ്യമാവില്ല എന്ന് മുൻകൂട്ടി തിരിച്ചറിഞ്ഞാണ് പ്രിന്റിങ് സാങ്കേതികവിദ്യ നിർമാണത്തിൽ അവലംബിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനുപുറമേ ഏറ്റവും ചെലവ് ചുരുങ്ങിയ രീതിയിൽ നിർമിക്കാനാവും എന്നതും നേട്ടമാണ്.
ജനവാസമില്ലാത്ത ജിനോഷിമ എന്ന ദ്വീപിലേക്കുള്ള ഒരു കവാടമായാണ് ഹത്സുഷിമ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട നൂതനസാങ്കേതികവിദ്യകൾ കാര്യക്ഷമവും സുസ്ഥിരവുമാണെന്ന് തെളിയിക്കുന്ന ഈ സ്റ്റേഷൻ ലോകത്തിന് തന്നെ മാതൃകയാകും എന്ന പ്രതീക്ഷയിലാണ് ജപ്പാൻ.