പൊതുനിരത്തിൽ ബെൻസിൽ അഭ്യാസം, 54500 രൂപ പിഴ ചുമത്തി പൊലീസ്

Mail This Article
സ്വകാര്യ സ്ഥലങ്ങളിലോ റേസ് ട്രാക്കിലോ കാറുകൾ സുരക്ഷിതമായി ഡ്രിഫ്റ്റ് ചെയ്യാറുണ്ട്. എന്നാൽ പൊതു നിരത്തുകളിൽ ഇത്തരം അഭ്യാസങ്ങൾ കടുത്ത നിയമലംഘനം തന്നെയാണ്. അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്ന ഇത്തരം പ്രകടനങ്ങൾ റോഡുകളിൽ ആവർത്തിക്കപ്പെടുന്നു എന്നതിന്റെ സാക്ഷ്യമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായ ഈ വിഡിയോ. മെഴ്‌സിഡീസ് ബെൻസ് കൊണ്ട് പൊതുനിരത്തിൽ ഡ്രിഫ്റ്റിനു ഇറങ്ങിയ വ്യക്തിക്ക് പൊലീസിന്റെ കയ്യിൽ നിന്നും ലഭിച്ച പിഴയെത്രയെന്നല്ലേ 54500 രൂപ.
പഴയ തലമുറയിൽപ്പെട്ട മെഴ്‌സിഡീസ് ബെൻസിന്റെ സി ക്ലാസ്സിലായിരുന്നു യുവാവിന്റെ ഡ്രിഫ്റ്റിങ്. പൊതുനിരത്തിൽ അരങ്ങേറിയ ഈ അഭ്യാസത്തിന്റെ ദൃശ്യങ്ങളിൽ ഇടതു വശത്തായി മൂന്നു കാറുകൾ നിർത്തിയിട്ടിരിക്കുന്നതും കാണാം. മാത്രമല്ല, ഈ ഡ്രിഫ്റ്റിങ് കണ്ട് മറ്റൊരു വാഹനവും റോഡിൽ നിർത്തി ഈ രംഗങ്ങൾ വീക്ഷിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. അൽപസമയം നീണ്ടു നിന്ന പ്രകടനത്തിൽ ഭാഗ്യമെന്നു പറയട്ടെ, മറ്റു വാഹനങ്ങൾക്കോ ആളുകൾക്കോ അപകടമൊന്നും സംഭവിച്ചിട്ടില്ല. നോയിഡയിലാണ് നടുറോഡിൽ ഡ്രിഫ്റ്റിങ് നടന്നത്.
സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പൊതുനിരത്തിലെ ഈ നിയമലംഘനം കണ്ടില്ലെന്നു നടിക്കാൻ അധികാരികൾക്കു കഴിഞ്ഞില്ല. മെഴ്‌സിഡീസ് ബെൻസിന്റെ ഉടമ 54500 രൂപ പിഴയായി നൽകണമെന്ന് അധികൃതർ ഉത്തരവിടുകയും ചെയ്തു. ഡ്രിഫ്റ്റിങ് ഒരു വിനോദമാണെങ്കിലും അത്തരം പ്രകടനങ്ങൾ സ്വകാര്യ സ്ഥലങ്ങളിലോ,റേസിങ് ട്രാക്കുകളിലോ മാത്രമേ നടത്താവൂ. കാൽനടയാത്രക്കാർ, മറ്റു വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ തുടങ്ങിയവർക്ക് ഭീഷണിയാകുന്ന തരത്തിലുള്ള യാതൊരു പ്രകടനങ്ങളും പൊതുനിരത്തുകളിൽ നടത്തരുത് എന്നാണ് നിയമം അനുശാസിക്കുന്നത്.