പതിനാറുകാരൻ കാമുകൻ,കുഞ്ഞിനെ ഒളിപ്പിച്ച് 30 വർഷം; വിവാദങ്ങൾക്കിടെ രാജി, ഐസ്ലൻഡിലെ ‘വിവാദമന്ത്രി’

Mail This Article
റെയ്ക്ജാവിക്∙ ഐസ്‌ലൻഡ് വിദ്യാഭ്യാസ-ശിശുക്ഷേമ മന്ത്രി ആസ്തിൽഡൂർ ലോവ തോർസ്‌ദോട്ടിർ രാജിവെച്ചു. പതിനാറുകാരനുമായി ബന്ധമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് രാജി. 58കാരിയായ മന്ത്രി ഒരു പ്രാദേശിക വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.
36 വർഷം മുൻപ് തനിക്ക് 22 വയസ്സുള്ളപ്പോൾ 16 വയസ്സുള്ള ഒരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും ആ ബന്ധത്തിൽ ഒരു കുഞ്ഞുണ്ടായെന്നും മന്ത്രി വെളിപ്പെടുത്തി. ആൺകുട്ടിക്ക് 15 വയസ്സുള്ളപ്പോഴാണ് ബന്ധം ആരംഭിച്ചത്. ഈ വെളിപ്പെടുത്തൽ ഐസ്‌ലൻഡിൽ വലിയ വിവാദങ്ങൾക്ക് കാരണമായി. മന്ത്രിയുടെ രാജി പ്രധാനമന്ത്രി ക്രിസ്റ്റ്രുൺ ഫ്രോസ്റ്റഡോട്ടിർ അംഗീകരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ പ്രധാനമന്ത്രി വിസമ്മതിച്ചു.
കുഞ്ഞിന്റെ പിതാവ് തനിക്ക് മകനുമായി സംസാരിക്കാൻ മന്ത്രി അവസരം നൽകിയില്ലെന്ന് ആരോപിച്ചു. 18 വർഷത്തോളം മന്ത്രി തന്നിൽ നിന്ന് കുട്ടിയുടെ സംരക്ഷണത്തിനുള്ള പണം കൈപ്പറ്റിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ തോർസ്‌ദോട്ടിർ നിഷേധിച്ചു.
ഐസ്‌ലൻഡിൽ 15 വയസ്സാണ് ലൈംഗികബന്ധത്തിനുള്ള നിയമപരമായ പ്രായം. എന്നാൽ 18 വയസ്സിന് താഴെയുള്ള വിദ്യാർഥികളുമായി അധ്യാപകരും ഉപദേഷ്ടാക്കളും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് നിയമവിരുദ്ധമാണ്.