ഇത് സംഭാൽ സംഘര്ഷത്തിലെ പ്രതിയുടെ ചിത്രമോ? | Fact Check

Mail This Article
ഉത്തർപ്രദേശിലെ സംഭാലിൽ 2024 നവംബർ 24ന് നടന്ന നടന്ന അക്രമസംഭവങ്ങളിൽ നിരവധി ആളുകൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളുടെ ചിത്രങ്ങൾ പൊലീസ് പൊതുസ്ഥലങ്ങളിൽ പതിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ സംഭാലിൽ തീവയ്പ്പ് നടത്തിയ പ്രതിയുടേത് എന്ന രീതിയിൽ ഒരാളുടെ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഇയാൾക്ക് 25 ലക്ഷം രൂപ പിഴ വിധിച്ചുവെന്നും പിന്നീട് കൂടെയുണ്ടായിരുന്ന ആളുകളുടെ പേരുകൾ പറഞ്ഞതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പിഴ 500 രൂപയാക്കി കുറച്ചുവെന്നുമാണ് ഫോട്ടോയ്‌ക്കൊപ്പമുള്ള കുറിപ്പിൽ അവകാശപ്പെടുന്നത്. എന്നാൽ, പ്രചാരത്തിലുള്ള ചിത്രം സംഭാൽ സംഘര്‍ഷവുമായി ബന്ധപ്പെട്ട വ്യക്തിയുടേതല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2019ൽ സ്വയം താടി കളഞ്ഞ ശേഷം ചിലർ ബലമായി താടി ഷേവ് ചെയ്തു എന്നവകാശപ്പെട്ട മുഹമ്മദ് ഫാറൂഖിന്റെ ചിത്രമാണിത്.
∙ അന്വേഷണം
"ഇതല്ലേ മാസ്സ്..സംഭാലിൽ, സർക്കാർ, സ്വകാര്യ സ്വത്തുക്കൾക്ക് തീയിട്ടതിന് അവിടുത്തെ ജി.ഹാദി അബ്ദുളിന് 25 ലക്ഷം രൂപ പിഴ ചുമത്തി. "എന്റെ വീട് വിറ്റ് ജീവിതകാലം മുഴുവൻ ജോലി ചെയ്താലും എനിക്ക് ഈ പിഴ അടയ്ക്കാൻ കഴിയില്ല" എന്ന് പറഞ്ഞുകൊണ്ട് അയാൾ കരയാൻ തുടങ്ങി. കാര്യം യോഗി ജിയുടെ അടുത്തെത്തി. യോഗി ജി അദ്ദേഹത്തിന് ഒരു വാഗ്ദാനം നൽകി:"ഹേയ്, വിഡ്ഢി... നിങ്ങൾ മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നതെന്ന് ഞങ്ങൾക്കറിയാം, പക്ഷേ നിനക്ക് ഭാഗ്യമുണ്ടായി - നിന്റെ ഫോട്ടോ ഏറ്റവും വ്യക്തമായി പോലീസിനു മനസ്സിലായി. ഒരു കാര്യം ചെയ്യൂ, ഈ കൃത്യത്തിൽ ഉൾപ്പെട്ട മറ്റുള്ളവരുടെ പേരുകൾ ഞങ്ങൾക്ക് വെളിപ്പെടുത്തൂ, പിഴ ഞങ്ങൾ നിങ്ങൾക്കെല്ലാവർക്കും വിതരണം ചെയ്യും. നിന്റെ തുക കുറയും ..." എന്ന് തുടങ്ങുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം കാണാം.

വൈറൽ പോസ്റ്റിനൊപ്പം മുസ്‌ലിം തൊപ്പി വച്ച് ക്ലീൻഷേവ് ചെയ്ത ഒരാളുടെയും റോഡിൽ കത്തുന്ന തീയ്ക്ക് നേരെ കൈ ഉയർത്തി നിൽക്കുന്ന മറ്റൊരാളുടെയും ചിത്രങ്ങൾ കൊളാഷ് ആയിട്ടാണ് നൽകിയിട്ടുള്ളത്. ഇതിൽ ആദ്യത്തെ ചിത്രം റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാനമായ ചിത്രം ഉൾപ്പെടുത്തി 'ജനതാ കീ ആവാസ്' എന്ന ഹിന്ദി മാധ്യമം 2019 ആഗസ്റ്റ് 30ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭ്യമായി. സ്വന്തം താടി സ്വയം കളഞ്ഞതിന് ശേഷം ചിലർ ട്രെയിനിൽ വച്ച് ബലമായി തന്റെ താടി ഷേവ് ചെയ്തതാണെന്ന് അവകാശപ്പെട്ടയാളുടെ ചിത്രമാണ് ഇതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഉത്തർപ്രദേശിലെ ബാഗ്പത് സ്വദേശിയായ മുഹമ്മദ് ഫാറൂഖാണ് ചിത്രത്തിലുള്ളത്. ജോലിക്കായി ഡൽഹിയിൽ എത്തിയ ശേഷം ചൂട് കാരണം ഇയാൾ താടി ഷേവ് ചെയ്തു, പിന്നീട് നാട്ടിൽ തിരിച്ചെത്തിയപ്പോൾ കുടുംബാംഗങ്ങളെയും നാട്ടുകാരെയും ഭയന്ന് താടി സ്വയം കളഞ്ഞതല്ലെന്ന് കള്ളം പറഞ്ഞു. ട്രെയിനിൽ വച്ച് ചിലർ തന്റെ താടി ബലമായി ഷേവ് ചെയ്തതാണെന്നാണ് ഇയാൾ പറഞ്ഞത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട് കാണാം.

പിന്നീട് നടത്തിയ കീവേർഡ് സെർച്ചിലൂടെ സമാനമായ റിപ്പോർട്ട് ജാഗരൺ എന്ന ഹിന്ദി മാധ്യമവും പ്രസിദ്ധീകരിച്ചിട്ടുള്ളതായി കണ്ടെത്തി. മുഹമ്മദ് ഫാറൂഖ് പറഞ്ഞ കള്ളം വിശ്വസിച്ച് ഒരു ബന്ധു എക്സിൽ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും പൊലീസിനെയും ടാഗ് ചെയ്ത് ചിത്രമടക്കം പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പൊലീസിനോട് സത്യം തുറന്ന് പറഞ്ഞതിന് ശേഷം മുഹമ്മദ് ഫാറൂഖ് ക്ഷമാപണം നടത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2019 ആഗസ്റ്റ് 30ന് ജാഗരൺ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഇവിടെ വായിക്കാം.
വൈറൽ പോസ്റ്റുകളിൽ ഉപയോഗിച്ചിരിക്കുന്ന രണ്ടാമത്തെ ചിത്രവും ഞങ്ങൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചു. 2019 ഡിസംബർ 14ന് പൗരത്വ ഭേദഗതി ബില്ലിനെതിരായ സമരത്തെ കുറിച്ച് ബിസിനസ് സ്റ്റാൻഡേർഡ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ സമാനമായ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. പശ്ചിമബംഗാളിലെ ഹൗറ ജില്ലയിൽ പൗരത്വ ഭേദഗതി ബില്ലിനെതിരായി നടന്ന പ്രതിഷേധം എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട് കാണാം.

വൈറൽ പോസ്റ്റിൽ അവകാശപ്പെടുന്നത് പോലെ സംഭാലിൽ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ആളിന് പിഴ ശിക്ഷ വിധിച്ചിട്ടുണ്ടോ എന്ന കാര്യവും ഞങ്ങൾ പരിശോധിച്ചു. എന്നാൽ ഇത് സംബന്ധിച്ച റിപ്പോർട്ടുകളൊന്നും ലഭ്യമായില്ല.പോസ്റ്റിൽ അവകാശപ്പെടുന്ന മറ്റ് കാര്യങ്ങളെ സാധൂകരിക്കുന്ന റിപ്പോർട്ടുകളും കണ്ടെത്താനായില്ല.
ലഭ്യമായ വിവരങ്ങളിൽ നിന്നും പ്രചാരത്തിലുള്ള ചിത്രങ്ങൾ സംഭാൽ അക്രമവുമായി ബന്ധപ്പെട്ടതല്ലെന്ന് വ്യക്തമായി.
∙ വസ്തുത
ചിത്രത്തിന് സംഭാൽ അക്രമവുമായി ബന്ധമില്ല. ചിലർ ബലമായി തന്റെ താടി ഷേവ് ചെയ്തുവെന്ന് കള്ളം പറഞ്ഞതിന് മാപ്പപേക്ഷിക്കേണ്ടി വന്ന മുഹമ്മദ് ഫാറൂഖിന്റെ ചിത്രമാണിത്.
( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)