അറ്റ് ലാസ്റ്റ്, ബ്രസീൽ! ഇൻജറി ടൈമിൽ വിനീസ്യൂസിന്റെ ഗോൾ രക്ഷിച്ചു

Mail This Article
ബ്രസീലിയ ∙ ക്ലോക്കിൽ സമയം പോകുന്തോറും ബ്രസീൽ കോച്ച് ഡോറിവൽ ജൂനിയറിന്റെ ടെൻഷനും ക്രമാതീതമായി കൂടിക്കൊണ്ടിരുന്നു. ഒടുവിൽ കളി തീരാൻ നിമിഷങ്ങൾ ശേഷിക്കേ വിനീസ്യൂസ് അതു സാധാരണ നിലയിലെത്തിച്ചു! ഇൻജറി ടൈമിൽ (90+9) വിനീസ്യൂസ് നേടിയ ഗോളിൽ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ കൊളംബിയയ്ക്കെതിരെ ബ്രസീലിനു ജയം (2–1).
പെനൽറ്റി ബോക്സിനു പുറത്തുനിന്ന് ഉജ്വലമായ ലോങ് റേഞ്ചറിലൂടെയാണ് റയൽ മഡ്രിഡ് താരം ലക്ഷ്യം കണ്ടത്. 6–ാം മിനിറ്റിൽ പെനൽറ്റി കിക്കിലൂടെ റാഫിഞ്ഞ ബ്രസീലിനു ലീഡ് നൽകിയിരുന്നെങ്കിലും 41–ാം മിനിറ്റിൽ ലൂയിസ് ഡയസിന്റെ ഗോളിൽ കൊളംബിയ ഒപ്പമെത്തിയിരുന്നു. ജയത്തോടെ ബ്രസീൽ തെക്കേ അമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ താൽക്കാലികമായി 2–ാം സ്ഥാനത്തെത്തി. 13 കളികളിൽ 21 പോയിന്റ്. നാലു പോയിന്റിനുള്ള മുന്നിലുള്ള അർജന്റീനയും ഒരു പോയിന്റ് പിന്നിലുള്ള യുറഗ്വായും തമ്മിൽ ഇന്നു പുലർച്ചെ മത്സരമുണ്ട്. ഇന്നലെ മറ്റു മത്സരങ്ങളിൽ പാരഗ്വായ് 1–0ന് ചിലെയെയും പെറു 3–1ന് ബൊളീവിയയെയും നേരിടും.
സ്പാനിഷ് ലീഗിൽ മിന്നുന്ന ഫോമിലുള്ള ബാർസിലോന താരം റാഫിഞ്ഞയെയും റയൽ മഡ്രിഡ് താരം വിനീസ്യൂസിനെയും മുന്നേറ്റനിരയിൽ ഇറക്കിയപ്പോൾ ബ്രസീൽ കോച്ച് ഡോറിവൽ ജൂനിയർ സ്വപ്നം കണ്ടത് വലിയൊരു ജയം. 6–ാം മിനിറ്റിൽ കൊളംബിയൻ ബോക്സിലേക്കു കുതിച്ചു കയറിയ വിനീസ്യൂസിനെ ഡാനിയേൽ മുനോസ് വീഴ്ത്തിയതിന് ബ്രസീലിനു പെനൽറ്റി. കിക്ക് എടുത്ത റാഫിഞ്ഞയ്ക്കു പിഴച്ചില്ല. എന്നാൽ 1–0നു മുന്നിലെത്തിയതോടെ ബ്രസീലിന്റെ ആവേശവും തീർന്നു. ഹാഫ്ടൈമിനു തൊട്ടുമുൻപ് കൊളംബിയ ഒപ്പമെത്തിയതോടെയാണ് പിന്നീട് അവർ ഉണർന്നത്. ഹാമിഷ് റോഡ്രിഗസ് ഒരുക്കി നൽകിയ പന്തിൽ നിന്നാണ് ലൂയിസ് ഡയസ് ബ്രസീലിനെ ഞെട്ടിച്ച ഗോൾ നേടിയത്.
ഇടവേളയ്ക്കു ശേഷവും ഒന്നൊന്നായി അവസരങ്ങൾ തുലച്ച ബ്രസീൽ തുടരെ മൂന്നാം മത്സരത്തിലും സമനില വഴങ്ങും എന്നു കരുതിയിരിക്കവെയാണ് വിനീസ്യൂസ് രക്ഷകനായത്. റാഫിഞ്ഞ നൽകിയ പന്ത് വിനീസ്യൂസ് സമയം കളയാതെ നേരെ ഗോളിലേക്കു ലക്ഷ്യം വയ്ക്കുകയായിരുന്നു. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 5.30ന് അർജന്റീനയ്ക്കെതിരെയാണ് യോഗ്യതാ റൗണ്ടിൽ ബ്രസീലിന്റെ അടുത്ത മത്സരം.