ചെറുകിട വ്യാപാരികൾക്കും ‘ക്വിക് കൊമേഴ്സിൽ’ ഇടം; മലയാളിയുടെ ‘കിരാന പ്രോ’ കൂടുതൽ നഗരങ്ങളിലേക്ക്

Mail This Article
കൊച്ചി ∙ ചെറുകിട വ്യാപാരികൾക്കു കൂടി ‘ക്വിക് കൊമേഴ്സ്’ പ്ലാറ്റ്ഫോമിൽ ഇടം നൽകിയ മലയാളി സ്റ്റാർട്ടപ് സംരംഭം ‘കിരാന പ്രോ’ കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക്. കഴിഞ്ഞ വർഷം ബെംഗളൂരുവിൽ തുടക്കമിട്ട സേവനം ഹൈദരാബാദിലാണ് ഒടുവിൽ ‘ഡെലിവറി’ ആരംഭിച്ചത്.
കർണാടക, തെലങ്കാന, ഡൽഹി എൻസിആർ, കേരളം എന്നിവിടങ്ങളിലായി 30,000 ത്തിലേറെ ചെറുകിട സ്റ്റോറുകളാണു കിരാന പ്രോ പ്ലാറ്റ്ഫോമിലുള്ളത്. വർഷാവസാനത്തോടെ ഒരു ലക്ഷം സ്റ്റോറുകളെ ഉൾപ്പെടുത്താനാണു നീക്കം. കേരളത്തിൽ തൃശൂർ, തിരുവനന്തപുരം കോർപറേഷൻ പരിധികളിലാണു നിലവിൽ സേവനം ലഭിക്കുന്നത്. കൊച്ചിയിലും വൈകാതെ സേവനം ആരംഭിക്കും; പിന്നാലെ വയനാട്ടിലും.
രാജ്യത്തെ റീട്ടെയ്ൽ വ്യാപാര മേഖലയുടെ കരുത്തായ കിരാനകളുടെ (ചെറുകിട പലചരക്കു കടകൾ) പ്രാധാന്യം ഉറപ്പിക്കുകയും അവർക്കു കൂടി ഇ – കോമേഴ്സിന്റെ നേട്ടങ്ങൾ ലഭ്യമാക്കുകയുമാണു എഐ അധിഷ്ഠിത ആപ് കിരാന പ്രോയുടെ ദൗത്യം. ഇപ്പോൾ 0.3% മാത്രമാണു വിപണിയിൽ ക്വിക് കൊമേഴ്സിന്റെ പങ്ക്. 2028ൽ അതു 3 ശതമാനമായി ഉയരും. 60 – 80% വാർഷിക വളർച്ചയാണു ലക്ഷ്യമിടുന്നതെന്ന് കിനാര പ്രോ സിഇഒയും സഹസ്ഥാപകനുമായ തൃശൂർ സ്വദേശി ദീപക് രവീന്ദ്രൻ പറഞ്ഞു. തൃശൂരിൽ റജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പിന്റെ ബിസിനസ് ഓഫിസ് ബെംഗളൂരുവിലാണ്.
പ്രമുഖ ബാഡ്മിന്റൻ താരം പി.വി. സിന്ധു, ഷോപ്പേഴ്‌സ് സ്റ്റോപ്പ് ലിമിറ്റഡ് ചെയർമാൻ ബി.എസ്. നാഗേഷ് എന്നിവർ ഉൾപ്പെടെ കിരാന പ്രോയിൽ നിക്ഷേപം നടത്തിയിരുന്നു. സിന്ധുവിനെ കിരാന പ്രോ ബ്രാൻഡ് അംബാസഡറായും നാഗേഷിനെ അഡ്‌വൈസറായും നിയോഗിച്ചിരുന്നു. ഐപിഎൽ ക്രിക്കറ്റ് സീസണിൽ കിരാന പ്രോയ്ക്കു വേണ്ടി സിന്ധു പ്രചാരണ ക്യാംപെയ്‌നുകളിൽ പങ്കെടുക്കും.