ഇലക്ട്രിക് സ്കൂട്ടറുകളേ... ഇത്തിരി വിശ്രമിക്കൂ, ഇനി വരുന്നത് ഇ-ബൈക്കുകളുടെ സുവർണകാലം

Mail This Article
ന്യൂഡൽഹി ∙ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് അൽപം വിശ്രമിക്കാം, ഇനി വരുന്നത് ഇലക്ട്രിക് ബൈക്കുകളുടെ സുവർണകാലം. ഹീറോ, റോയൽ എൻഫീൽഡ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഉൾപ്പെടെ ഇ–ബൈക്ക് വിപണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരുങ്ങുന്നു. റോയൽ എൻഫീൽഡിന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് അടക്കം 6 ഇ–ബൈക്കുകളാണ് ഈ വർഷം വിപണിയിലെത്തുന്നത്. ഇലക്ട്രിക് സ്കൂട്ടറുകൾ അരങ്ങുവാഴുന്ന ഇരുചക്രവാഹന വിപണിയിൽ കടുത്ത മത്സരത്തിനാണ് ഇ–ബൈക്കുകൾ വഴിയൊരുക്കുന്നത്.
റോയൽ എൻഫീൽഡിന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് നവംബറിൽ വിപണിയിലെത്തുമെന്നാണ് സൂചന. സിറ്റി മോട്ടർ സൈക്കിളാണ് റോയൽ എൻഫീൽഡ് ആദ്യം പുറത്തിറക്കാനൊരുങ്ങുന്നത് എന്നാണ് വിവരം. ഒല ഇ–ബൈക്കുകൾ ഈ വർഷം പകുതിയോടെ നിരത്തിലെത്തും.
ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
ഇലക്ട്രിക് ബൈക്ക് വിപണിയിലെ ‘ടെസ്‍ല’ എന്നറിയപ്പെടുന്ന കലിഫോർണിയൻ കമ്പനി സീറോ മോട്ടോഴ്സുമായി കൈകോർത്താണ് ഹീറോ മോട്ടോകോർപ് ഇ–ബൈക്ക് വിപണിയിലെത്തുന്നത്. 80,000 രൂപയിൽ താഴെയുള്ള ഇലക്ട്രിക് ബൈക്ക് മോഡലുകളാണ് ഇരുകമ്പനികളും ചേർന്ന് ഇന്ത്യയിൽ അവതരിപ്പിക്കുക. ഇന്ത്യൻ കമ്പനികളായ റിവോൾട്ട്, റാപ്ടീ എന്നിവയും തങ്ങളുടെ പുതിയ ഇലക്ട്രിക് ബൈക്ക് മോഡലുകൾ ഈ വർഷം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ ഇരുചക്രവാഹന വിപണിയുടെ 30% ആണ് നിലവിൽ ഇലക്ട്രിക് സ്കൂട്ടറുകളുടെ വിൽപന. ഇതിൽ ഒരു ശതമാനത്തിൽ താഴെയാണ് ഇ–ബൈക്കുകൾ. 2030ഓടെ ഇരുചക്രവാഹന വിപണിയുടെ 50% ഇലക്ട്രിക് ബൈക്കുകളും സ്കൂട്ടറുകളും കയ്യടക്കുമെന്നാണ് കമ്പനികൾ നൽകുന്ന സൂചന.