ഇങ്ങനെ സംഭവിച്ചാൽ ആളുകളെ ഇടിച്ചു തെറിപ്പിക്കും; ടെസ്ല ഓട്ടോപൈലറ്റിന്റെ പ്രശ്നങ്ങൾ

Mail This Article
സ്വയം ഓടിക്കാന്‍ കഴിയുന്ന കാറുകളാണ് ടെസ്ല സിഇഒ ഇലോണ്‍ മസ്ക് കാണുന്ന സ്വപ്നം. അതുവരെയുണ്ടായിരുന്ന വഴികളിലൂടെയല്ല തനതു വഴികളിലൂടെയാണ് മസ്ക് ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചതും തുടരുന്നതും. ടെസ്ലയുടെ ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതികവിദ്യയും വ്യത്യസ്തമാണ.് റഡാറുകളോ ലിഡാറുകളോ അടക്കമുള്ള സെന്‍സറുകളൊന്നുമില്ലാതെ നിര്‍മിത ബുദ്ധിയുടേയും ക്യാമറകളുടേയും പിന്തുണയിലാണ് ടെസ്ലയുടെ ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതികവിദ്യ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ക്യാമറയേയും നിര്‍മിത ബുദ്ധിയേയും ആശ്രയിക്കുന്നതിന് നിരവധി പരിമിതികളുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് യൂട്യൂബര്‍ മാര്‍ക്ക് റോബര്.
മുന്‍ നാസ എന്‍ജിനീയര്‍ കൂടിയായ മാര്‍ക്ക് റോബര് ടെസ്ലയുടെ ഓട്ടോ പൈലറ്റിന്റെ ദൗര്‍ബല്യമാണ് പുതിയ വിഡിയോയിലൂടെ വെളിവാക്കുന്നത്. റോഡിന് നടുവില്‍ ഒരു കുട്ടി നിന്നാല്‍ ടെസ്ല എന്തു ചെയ്യും? പുകയോ വെള്ളമോ നിറഞ്ഞ അവസ്ഥയില്‍ ടെസ്ല കുട്ടിയെ ഇടിക്കും മുമ്പ് ബ്രേക്ക് പിടിക്കുമോ? ഇനി റോഡിനു നടുവില്‍ പെട്ടെന്നു തിരിച്ചറിയാനാവാത്ത ഒരു ചിത്രം സ്ഥാപിച്ചാലോ? എല്ലാം വിഡിയോയിലൂടെ വിശദമായി പറയുന്നുണ്ട് മാര്‍ക്ക് റോബര്.
താരതമ്യം ചെയ്യുന്നതിന് ടെസ്ലക്കൊപ്പം ലിഡാര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ലൂമിനാര്‍ ലെക്സസ് എസ്യുവിയേയും പരീക്ഷിക്കുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ കുട്ടിയെ ഇടിക്കാതെ ബ്രേക്ക് ചവിട്ടുന്നതില്‍ രണ്ടു കാറുകളും വിജയിക്കുന്നുണ്ട്. ഇതിനു ശേഷം രണ്ടു കാറുകളും എങ്ങനെയാണ് ചുറ്റുമുള്ള ലോകത്തെ നോക്കി കാണുന്നതെന്ന് വിശദീകരിക്കുന്നു.
പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തിന് പുറകില്‍ നിന്നും പെട്ടെന്ന് ഒരു കുട്ടി റോഡിലേക്കു വന്നാല്‍ ബ്രേക്കു ചെയ്യുന്നതില്‍ രണ്ടു വാഹനങ്ങളും വിജയിക്കുന്നുണ്ട്. അതേസമയം പുകയുള്ളപ്പോഴും വെള്ളം ചീറ്റുമ്പോഴും കുട്ടിയെ കാണുന്നതില്‍ ടെസ്ല പരാജയപ്പെടുകയും ലിഡാര്‍ സാങ്കേതികവിദ്യയുള്ള വാഹനം വിജയിക്കുകയും ചെയ്യുന്നു. എതിര് ദിശയില്‍ നിന്നും ശക്തമായ വെളിച്ചം ഉള്ളപ്പോള്‍ റോഡിലെ അപകടം മനസിലാക്കി ബ്രേക്ക് ചവിട്ടുന്നതില്‍ രണ്ടു വാഹനങ്ങളും വിജയിക്കുന്നുണ്ട്.
ശരിക്കുള്ള വെല്ലുവിളി ആരംഭിക്കുന്നത് റോഡില്‍ പെയിന്റു ചെയ്ത തെര്‍മോക്കോള്‍ മതില് സ്ഥാപിക്കുമ്പോഴാണ്. റോഡും ചുറ്റുമുള്ള പരിസ്ഥിതിയും ആകാശവുമെല്ലാം ചിത്രത്തിലാക്കി പെട്ടെന്നു മനസിലാക്കാന്‍ പറ്റാത്ത വിധമാണ് റോഡില്‍ ഇങ്ങനെയൊരു മതില് സ്ഥാപിക്കുന്നത്. അതേസമയം മനുഷ്യര്‍ക്ക് പെട്ടെന്ന് തന്നെ ഇത് തടസമാണെന്ന് തിരിച്ചറിയാനുമാവും. എന്നാല്‍ ലക്സസ് എസ് യുവിക്കും ടെസ്ലക്കും അത് സാധിക്കുമോ എന്നാണ് പരീക്ഷിച്ചത്.
ലിഡാര്‍ സാങ്കേതികവിദ്യയുള്ള ലെക്സസ് റോഡിലെ മതില് തിരിച്ചറിഞ്ഞ് ബ്രേക്ക് ചവിട്ടുന്നതില്‍ വിജയിക്കുന്നുണ്ട്. അതേസമയം ടെസ്ലക്ക് അത് സാധിക്കുന്നില്ല. ബ്രേക്കില്‍ ഒന്നു തൊട്ടു നോക്കുക പോലും ചെയ്യാതെ ടെസ്ല നേരെ ആ മതിലിലേക്ക് ഇടിച്ചു കയറുന്ന കാഴ്ച്ച വിഡിയോയില്‍ കാണാനാവും. ടെസ്ലയുടെ ഒപ്റ്റിക്കല്‍ ക്യാമറ സിസ്റ്റത്തിന്റെ പോരായ്മയിലേക്കാണ് റോബറിന്റെ വിഡിയോ വിരല്‍ ചൂണ്ടുന്നത്.