എയർ ഫ്രെഷ്നറിനുള്ളിൽ ലഹരി; ഹമദ് വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

Mail This Article
ദോഹ ∙ ഹമദ് വിമാനത്താവളം വഴി ലഹരി ഗുളികകൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം ഖത്തർ കസ്റ്റംസ് അധികൃതർ. പിടികൂടി. ഒരു യാത്രക്കാരന്റെ ബാഗിനെക്കുറിച്ച് സംശയം തോന്നിയ ഉദ്യോഗസ്ഥർ എക്‌സ്-റേ മെഷീൻ ഉപയോഗിച്ച് സ്‌കാൻ ചെയ്യുകയും തുടർന്ന്, ബാഗ് പരിശോധിച്ചപ്പോൾ എയർ ഫ്രെഷ്നർ പാത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച ലഹരി ഗുളികകൾ കണ്ടെത്തുകയുമായിരുന്നു.
ഏകദേശം 1,960 ഗുളികകളാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. പ്രതിയെ തുടർനടപടിക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. പ്രതി ഏത് രാജ്യക്കാരനാണോ, എവിടെനിന്നാണ് ഖത്തർ എയർപോർട്ടിൽ എത്തിയതെന്നോ അധികൃതർ വ്യക്തമാക്കിയിട്ടില്ല. നിരോധിത മരുന്നുകളും ലഹരി ഉൽപന്നങ്ങളും രാജ്യത്ത് എത്തുന്നത് തടയാൻ കർശനമായ നടപടികളാണ് ഖത്തർ കസ്റ്റംസ് അധികൃതർ സ്വീകരിക്കുന്നത്.
അത്യാധുനിക ക്യാമറകളും സ്കാനിങ് മെഷീനുകളും സ്ഥാപിച്ചും സംശയം തോന്നുന്ന മുഴുവൻ ബാഗുകളും പരിശോധിച്ചുമാണ് അധികൃതർ ഇടയ്ക്കിടെ ഇത്തരം ശ്രമങ്ങൾ പിടികൂടുന്നത്. നിരോധിത മരുന്നുകളും ലഹരി വസ്തുക്കളും രാജ്യത്തേക്ക് കടത്തിയതിന്റെ പേരിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകൾ ഖത്തർ ജയിലുകളിൽ ഉണ്ട്.