സിംഗിൾ മാൾട്ട് വിസ്കിയിലെ 'മലയാളിത്തം'; ലോകമെമ്പാടും 75 കുപ്പികൾ, ഒന്നിന് 11 ലക്ഷം രൂപ: രണ്ടു വർഷം കൊണ്ട് 'കൊത്തിയെടുത്ത' എക്സ്പെഡീഷൻ

Mail This Article
ദുബായ് ∙ ഇന്ത്യയിലെ മുൻനിര ഡിസ്റ്റിലറിയായ അമൃത്, അവരുടെ 75-ാം വാർഷിക ആഘോഷത്തിന് ഒരു സിംഗിൾ മാൾട്ട് വിസ്കി ഇറക്കാൻ തീരുമാനിച്ചു. എന്നെന്നും ഓർമകളിൽ സൂക്ഷിക്കാവുന്നൊരു വിസ്കി. വിസ്കിയും അതിന്റെ കുപ്പിയും കുപ്പി വയ്ക്കുന്ന പെട്ടിയുമെല്ലാം അമൂല്യവും അപൂർവവും ആകണം. അതിനായുള്ള തയാറെടുപ്പ് അവർ 2023ൽ തന്നെ തുടങ്ങി. 75-ാം വർഷത്തെ അവിസ്മരണീയമാക്കാൻ അവർ തിരഞ്ഞെടുത്തത് ദുബായിലെ മുൻ നിര ഡിസൈനറും മലയാളിയുമായി ടോണിറ്റ് തോമസിനെ. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം.
രണ്ടു വർഷത്തിലേറെ നീണ്ടു നിന്ന ഡിസൈനിങ് ജോലികൾ. ഓരോ ഡിസൈനിലും അനുകരിക്കാൻ കഴിയാത്ത രൂപഭംഗി വേണമെന്ന വാശി.
പ്ലാറ്റിനും ജൂബിലി വിസ്കിയുടെ പേരും ഡിസൈനും രൂപപ്പെടുത്താൻ തന്നെ വേണ്ടി വന്നത് 6 മാസം. കുപ്പിയുടെ ചെറു മാതൃകകൾ പല തവണയുണ്ടാക്കി നോക്കി. ക്രിസ്റ്റലും ലെതറും ബ്രഷ് അലൂമിനിയവും ഓക്ക് വുഡ്ഡും ചേർന്നുള്ളതായിരുന്നു പ്ലാറ്റിനം ജൂബിലി പായ്ക്കിങ്. വിസ്കിയുടെ പേര് കുപ്പിയിൽ കൊത്തിയെടുക്കുകയായിരുന്നു.
ലോകമെമ്പാടും 75 കുപ്പികൾ മാത്രമാണ് വിൽപ്പനയ്ക്ക് എത്തിയത്. ഒരു കുപ്പിയുടെ വില 12000 ഡോളർ. ഏകദേശം 11 ലക്ഷം രൂപ. 75 കുപ്പികളും പ്രീ ബുക്കിങ്ങിലൂടെ തന്നെ വിറ്റു പോയി. തടിയുടെ ബോക്സിൽ ക്രിസ്റ്റൽ കുപ്പിയിലാണ് വിസ്കി പായ്ക്ക് ചെയ്തത്. ബോക്സിൽ വജ്രത്തിന്റെ രൂപത്തിലുള്ള പ്രതലത്തിൽ കുപ്പി വയ്ക്കാൻ പ്രത്യേക സ്ഥലം.
ഒപ്പം രണ്ട് ക്ലാസും മദ്യം അളക്കാനുള്ള മെഷറും. ഇത്രയും ചേരുന്നു ബോക്സിന്റെ ഡിസൈനിങ്ങിനു മാത്രം 1 ലക്ഷം ദിർഹമാണ് (ഏകദേശം 23.5 ലക്ഷം രൂപ) കമ്പനി ചെലവഴിച്ചത്.
ഡിസൈൻ അനുസരിച്ചുള്ള കുപ്പി നിർമിക്കലായിരുന്നു അടുത്ത വെല്ലുവിളി. സ്വീഡനിലും യുകെയിലുമുള്ള മികച്ച ക്രിസ്റ്റൽ നിർമാണ കമ്പനികളെ സമീപിച്ചു. ഒടുവിൽ സ്കോട്‌ലൻഡിലെ ഗ്ലെൻ കാരിൻ ഫാക്ടറിയാണ് ആ ദൗത്യം ഏറ്റെടുത്തത്. അമൃത് ഡിസ്റ്റിലറിയുടെ സ്ഥാപകരിൽ ഒരാളായ ജെ.എൻ. രാധാകൃഷ്ണയ്ക്കാണ് ‘എക്സ്പെഡീഷൻ’ എന്നു പേരിട്ടിരിക്കുന്ന സിംഗിൾ മാൾട്ട് വിസ്കി സമർപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ 26 വർഷമായി ഡിസൈനിങ് രംഗത്തുള്ള ടോണിറ്റ്, മാക്കൻതോഷ്, ഷിവാസ് റീഗൽ തുടങ്ങിയ മദ്യ ബ്രാൻഡുകളുടെ ബോട്ടിലും കവറും ഡിസൈൻ ചെയ്തിട്ടുണ്ട്. ടോണിറ്റ് ആൻഡ് കമ്പനി എന്ന പേരിൽ 16 വർഷമായി സ്വന്തം സ്ഥാപനമാണ് ടോണിറ്റ് നടത്തുന്നത്. 6 മാസം മുൻപ് ജിപി ഇൻക് എന്ന സ്ഥാപനം ടോണിറ്റ് ആൻഡ് കമ്പനി ഏറ്റെടുത്തു. യുഎഇയിലെ ഏറ്റവും മികച്ച 100 ചെറുകിട വ്യവസായ സ്ഥാപനങ്ങളിൽ ഒന്നാണ് ടോണിറ്റ് ആൻഡ് കമ്പനി. ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ, സമ്മർ സർപ്രൈസ്, ഇനോക് പെട്രോളിയം കമ്പനി, എപ്കോ പെട്രോളിയം കമ്പനി തുടങ്ങിയവയുടെ ലോഗോ ഡിസൈനിൽ അടക്കം ടോണിറ്റ് ആൻഡ് കമ്പനിയുടെ പങ്കാളിത്തം ഉണ്ട്. റാന്നി കണ്ണംകുഴേത്ത് കുടുംബാംഗമാണ് ടോണിറ്റ്.