"ഇത് എന്റെ സമ്മാനം"; പാവപ്പെട്ടവന് കോടീശ്വരനാകാൻ ഗെയിമിങ് ആപ്പുമായി അനന്ത് അംബാനി'! | Fact Check

Mail This Article
'ഇന്ത്യയിലെ സാധാരണക്കാരുടെ വരുമാനം വർധിപ്പിക്കാൻ സാധ്യതയുള്ള ഒരു ഗെയിമിങ് ആപ് പുറത്തിറക്കിയിട്ടുണ്ടെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി പറയുന്നതായുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം.
∙ അന്വേഷണം
വൈറൽ വിഡിയോയിൽ അനന്ത് അംബാനി 'അവി ബൈ അംബാനി' എന്ന ഗെയിമിങ് ആപ് പ്രമോട്ട് ചെയ്യുന്നതായാണ് കാണിക്കുന്നത്. വിഡിയോ കാണാം
വിഡിയോയിൽ, അദ്ദേഹം ഇങ്ങനെ പറയുന്നത് കേൾക്കാം: “സൂപ്പർമാർക്കറ്റിലെ കാഷ്യർമാർക്ക് ഒരു മാസം ഏഴായിരം രൂപയോളം ശമ്പളം ലഭിക്കുന്നു, ഡ്രൈവർമാർക്ക് പന്ത്രണ്ടായിരം രൂപയും, അധ്യാപകർക്ക് പതിനെട്ടായിരം രൂപയുമെന്ന് എനിക്കറിയാം. ഇത് എങ്ങനെ പരിഹരിക്കാമെന്ന് എനിക്കറിയാം! ഒരു പുതിയ ആപ്പ് ഉണ്ട് - അംബാനിയുടെ അവി. ഈ ആപ്പിലൂടെ, ഒരു കളിക്കാരന്റെ ശരാശരി വരുമാനം ആഴ്ചയിൽ നാൽപ്പത്തിയൊന്നായിരം രൂപയിൽ എത്താം. കളി വളരെ ലളിതമായതിനാൽ ഒരു കുട്ടിക്കുപോലും കളിക്കാം. നിങ്ങൾ വിമാനം വിക്ഷേപിക്കുക മാത്രം ചെയ്യുക, നിങ്ങൾ നിർത്താൻ തീരുമാനിക്കുന്നതുവരെ നിങ്ങളുടെ പണം വർദ്ധിച്ചുകൊണ്ടിരിക്കും. നിങ്ങൾക്ക് 300-400 രൂപയുണ്ടെങ്കിൽ, നിങ്ങളുടെ വിരൽ കൊണ്ട് സ്ക്രീനിൽ ടാപ്പ് ചെയ്യാൻ കഴിയുമെങ്കിൽ, താഴെയുള്ള ലിങ്കിൽ നിന്ന് അംബാനിയുടെ അവി ഡൗൺലോഡ് ചെയ്ത് എനിക്ക് നിന്ന് ഒരു പ്രത്യേക ബോണസ് സ്വീകരിക്കുക. ഇത് ഇന്ത്യയിലെ എല്ലാ നിവാസികൾക്കുമുള്ള എന്റെ സമ്മാനമാണ്!”
വൈറൽ വിഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ അനന്തിന്റെ ചുണ്ടിന്റെ ചലനങ്ങള്‍ ശബ്ദവുമായി ഒത്തുപോകാത്തതായി ഞങ്ങള്‍ ശ്രദ്ധിച്ചു, കൂടാതെ നിരവധി വാക്കുകള്‍ വ്യക്തമല്ലെന്നും കണ്ടെത്തി, ഇത് വിഡിയോ എഡിറ്റ് ചെയ്തതാണെന്ന സൂചനകൾ നൽകി. കൂടാതെ, അംബാനിയുടെ ഗെയിമിങ് ആപ് 'അവി'യെക്കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചെങ്കിലും അതിനെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ഒന്നും കണ്ടെത്താനായില്ല. വിഡിയോയുടെ പ്രധാന ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് സെര്‍ച്ചിലൂടെ 2024 ഫെബ്രുവരി 26 ന് ANI,The Print തുടങ്ങിയ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ഒരു വിഡിയോ ഞങ്ങൾക്ക് ലഭിച്ചു.
ഈ വിഡിയോയില്‍ അനന്ത് അംബാനി വന്താര - ഇന്ത്യയിലെ ആദ്യത്തെ സമഗ്രമായ മൃഗ സംരക്ഷണം, പരിചരണം, പുനരധിവാസ പരിപാടി എന്നിവ പ്രഖ്യാപിക്കുന്നതായാണ് കാണിക്കുന്നത്. ANI വിഡിയോയിലെ പശ്ചാത്തലത്തിന് വൈറല്‍ വിഡിയോയിലെ ദൃശ്യങ്ങളുമായി സാമ്യമുള്ളതായി വ്യക്തമായി.
കോവിഡിന്റെ ഉച്ചകാലത്ത് ഞങ്ങള്‍ വന്യജീവി രക്ഷാകേന്ദ്ര നിർമാണം ആരംഭിച്ചു...600 ഏക്കര്‍ വനം ഞങ്ങള്‍ സൃഷ്ടിച്ചു. ആനകള്‍ക്കായി ഒരു പൂർണ ആവാസവ്യവസ്ഥ ഞങ്ങള്‍ സൃഷ്ടിച്ചു, 2008 ല്‍ ഞങ്ങള്‍ ആദ്യത്തെ ആനയെ രക്ഷിച്ചു. ഗ്രീന്‍സ് സുവോളജിക്കല്‍ രക്ഷാകേന്ദ്രം 2020 ല്‍ ആരംഭിച്ചു...ഗ്രീന്‍സ് സുവോളജിക്കല്‍ റിസര്‍ച്ച് ആന്‍ഡ് രക്ഷാകേന്ദ്രത്തിന് ഏകദേശം 3000 പേര്‍ ജോലി ചെയ്യുന്നു. അതില്‍ 20-30 പേര്‍ വിദേശികളാണ്. എല്ലാ വിദേശികളും അധ്യാപകരോ പ്രൊഫസര്‍മാരോ ആയ പദവികളിലാണ്. വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള പോഷകാഹാര വിദഗ്ധര്‍ പോലുള്ള പുതുതായി മൃഗപാലന ബിരുദം നേടിയ യുവ ബിരുദധാരികളെയാണ് ഞങ്ങള്‍ ഏറ്റെടുക്കുന്നത്. മൃഗങ്ങളോട് വളരെ അഭിനിവേശമുള്ള ചില മനുഷ്യ ഡോക്ടര്‍മാരും ഞങ്ങളുടെ കൂടെയുണ്ടെന്നാണ് ഈ വിഡിയോയിൽ അംബാനി വ്യക്തമാക്കുന്നത്.
ഈ വിഡിയോ പൂർണമായി പരിശോധിച്ചെങ്കിലും ആപ് പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ടതൊന്നും ഞങ്ങൾ കണ്ടെത്തിയില്ല. കൂടാതെ, വന്താരയുമായി ബന്ധപ്പെട്ട ഒരു പത്രസമ്മേളനത്തിൽ അദ്ദേഹം ഒരു ഗെയിമിങ് ആപ് അവതരിപ്പിക്കാനുള്ള സാധ്യതയും കുറവാണ്. ഇത്, വിഡിയോ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നു.
കൂടാതെ, ഹൈവ് മോഡറേഷൻ എന്ന എഐ ഡിറ്റക്ഷൻ ടൂളുപയോഗിച്ച് ഞങ്ങൾ വൈറൽ വിഡിയോ വിശകലനം ചെയ്‌തപ്പോൾ 99 ശതമാനവും വൈറൽ വിഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന ഓഡിയോ എഐ നിർമിതമാണെന്ന് വ്യക്തമായി .ഡീപ്ഫേക്ക്-ഒ-മീറ്റർ ടൂൾ ഉപയോഗിച്ചും ഞങ്ങൾ ഓഡിയോ വിശകലനം ചെയ്തു, വൈറൽ ഓഡിയോ എഐ സൃഷ്ടിയാണെന്ന ഫലമാണ് ഞങ്ങൾക്ക് ലഭിച്ചത്.
∙ വസ്തുത
ഇന്ത്യയിലെ സാധാരണക്കാരുടെ വരുമാനം വർധിപ്പിക്കാൻ അനന്ത് അംബാനി ഒരു ഗെയിമിങ് ആപ് പ്രഖ്യാപിച്ചു എന്ന അവകാശവാദം തെറ്റാണ്.