നിങ്ങൾ മസാല ചൂടാക്കിയിട്ടാണോ പൊടിക്കുന്നത്? എങ്കിലിത് അറിയണം

Mail This Article
പാചകം ചെയ്യുമ്പോൾ സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ പറ്റില്ല. സുഗന്ധവ്യഞ്ജനങ്ങൾ വറുത്ത് ഉപയോഗിക്കുന്നത് പാചകത്തിൽ അത്യാവശ്യമാണ് താനും. എന്നാൽ, വറുക്കുമ്പോൾ ശരിയായില്ലെങ്കിൽ പ്രതീക്ഷിക്കുന്ന രുചിയും മണവുമൊന്നും നമുക്ക് ലഭിക്കില്ല. സുഗന്ധവ്യഞ്ജനങ്ങൾ ശരിയായ പാകത്തിൽ വറുത്തെടുക്കുമ്പോൾ അവിടെ നിറയെ സുഗന്ധം പരക്കും. എന്നാൽ, ഒന്ന് കരിഞ്ഞു പോയാലോ വറുക്കുന്നതിന്റെ പാകം കുറഞ്ഞു പോയാലോ രുചി തന്നെ മാറിപ്പോകും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുഗന്ധവ്യഞ്ജനങ്ങൾ കരിഞ്ഞു പോകാതെ പാകത്തിന് വറുത്തെടുക്കാം.

പ്രധാനമായും സുഗന്ധവ്യഞ്ജനങ്ങൾ വറുക്കുന്നതിന് രണ്ട് രീതികളാണ് ഉള്ളത്. ഒന്നാമത്തേത് ഡ്രൈ റോസ്റ്റ് ആണ്. രണ്ടാമത്തേത് ഓയിൽ റോസ്റ്റും. എണ്ണയില്ലാതെ ഉണങ്ങിയ പാനിൽ സുഗന്ധവ്യഞ്ജനങ്ങൾ ചൂടാക്കുന്നത് ആണ് ഡ്രൈ റോസ്റ്റിങ്. ജീരകം, മല്ലിയില, കറുവപ്പട്ട തുടങ്ങി ഒട്ടുമിക്ക സുഗന്ധവ്യഞ്ജനങ്ങളും എണ്ണയില്ലാതെ തന്നെ വറുക്കുന്നതാണ്. എണ്ണയിലും സുഗന്ധവ്യഞ്ജനങ്ങൾ വറുക്കാറുണ്ട്. മഞ്ഞൾ, ഗരം മസാല എന്നിവയെല്ലാം പാചകത്തിന് ഉപയോഗിക്കാനായി പലപ്പോഴും എണ്ണയിൽ വറുക്കാറുണ്ട്. സുഗന്ധവ്യഞ്ജനങ്ങൾ റോസ്റ്റ് ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
ശരിയായ പാൻ തിരഞ്ഞെടുക്കുക
ചുവട് കട്ടിയുള്ള പാൻ അല്ലെങ്കിൽ കാസ്റ്റ് അയൺ പാൻ ആണ് സുഗന്ധവ്യഞ്ജനങ്ങൾ വറുക്കാൻ നല്ലത്. കാരണം, അത്തരത്തിലുള്ള പാനുകൾ ചൂട് തുല്യമായാണ് വിതരണം ചെയ്യുക. ചില ഭാഗങ്ങളിൽ കൂടുതൽ ചൂട് തട്ടി ആ ഭാഗത്തുള്ള വസ്തുക്കൾ കരിഞ്ഞുപോകുന്നത് ഒഴിവാക്കുന്നു. നോൺ സ്റ്റിക്ക് പാനും ഉപയോഗിക്കാമെങ്കിലും അല്ലാത്ത പാൻ ഉപയോഗിക്കുന്നതാണ് നല്ലത്.
ശരിയായ താപനില ഉപയോഗിക്കുക
സുഗന്ധവ്യഞ്ജനങ്ങൾ അതിലോലമായതിനാൽ തന്നെ വേഗത്തിൽ കരിയാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് കുറഞ്ഞതും അല്ലെങ്കിൽ ഇടത്തരം തീയാണ് വറുക്കാൻ ഏറ്റവും നല്ലത്. ഉയർന്ന ചൂടിൽ സുഗന്ധവ്യഞ്ജനങ്ങൾ വറുത്താൽ അത് കരിഞ്ഞുപോകാനുള്ള സാധ്യതയുണ്ട്. പൊടിച്ച സുഗന്ധവ്യഞ്ജനങ്ങൾ വറുക്കുമ്പോൾ അതിൽ പുക കയറുന്നത് ശ്രദ്ധയിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് തീ ഓഫ് ചെയ്യുക.
ഇളക്കിക്കൊണ്ടേയിരിക്കുക
സുഗന്ധവ്യഞ്ജനങ്ങൾ പാനിൽ ഇട്ട് വറുക്കുമ്പോൾ ഒരുപോലെ വറുത്ത് കിട്ടുന്നതിന് ഇളക്കി കൊണ്ടേയിരിക്കേണ്ടത് അത്യാവശ്യമാണ്. പൊടിച്ചു സുഗന്ധവ്യഞ്ജനങ്ങൾ വറുക്കുമ്പോൾ ഒരു മരസ്പൂൺ അല്ലെങ്കിൽ സ്പാറ്റുല ഉപയോഗിച്ച് അവ ചലിപ്പിക്കുക. സുഗന്ധവ്യഞ്ജനം മുഴുവനും ഒരു പോലെ വറുത്തു കിട്ടാൻ ഇതാണ് നല്ലത്.
അൽപാൽപമായി വറുക്കുക
പാനിലേക്ക് തിങ്ങിനിറച്ച് വറുക്കുന്നതിനു പകരം ഉള്ള സുഗന്ധവ്യഞ്ജനങ്ങൾ അൽപാൽപമായി വറുക്കുക. പാനിലേക്ക് ഒരുപാട് സുഗന്ധവ്യഞ്ജനങ്ങൾ ഇട്ട് ഒരേ സമയം വറുക്കാൻ ശ്രമിച്ചാൽ എല്ലാം ഒരുപോലെ വറുത്ത് കിട്ടിയെന്ന് വരില്ല. ചൂട് തുല്യമായി എത്താത്തതിനാൽ ചില ഭാഗങ്ങൾ കരിഞ്ഞുപോകാനും സാധ്യതയുണ്ട്. ഓരോ സുഗന്ധവ്യഞ്ജനവും വേറെ വേറെ വറുക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്.
നിറവും സുഗന്ധവും ശ്രദ്ധിക്കുക
സുഗന്ധവ്യഞ്ജനങ്ങൾ വറുക്കുമ്പോൾ അത് നന്നായാണ് വറുക്കുന്നത് എന്നതിൻ്റെ ഏറ്റവും നല്ല അടയാളം അതിൻ്റെ നിറവും സുഗന്ധവുമാണ്. വറുക്കുന്ന സമയത്ത് സുഗന്ധവ്യഞ്ജനങ്ങളുടെ നിറം ചെറുതായി വർദ്ധിക്കുകയും മനോഹരമായ ഒരു സുഗന്ധം പുറപ്പെടുവിക്കുകയും ചെയ്യുന്നു. പൊടിച്ച സുഗന്ധവ്യഞ്ജനങ്ങൾ ആണെങ്കിൽ അത് കൂടുതൽ സുഗന്ധമുള്ളതും അൽപം ഇരുണ്ടതുമായി മാറും. എന്നാൽ, വല്ലാതെ ഇരുണ്ടതായി പോയാൽ കരിഞ്ഞുപോകാൻ സാധ്യതയുണ്ട്. കൂടാതെ വറുക്കുന്ന സമയത്ത് പുകയാതെ നോക്കുകയും വേണം.
ഉടനെ തണുപ്പിക്കുക
വറുത്തു കഴിഞ്ഞാൽ എത്രയും പെട്ടെന്ന് തന്നെ സുഗന്ധവ്യഞ്ജനങ്ങൾ ഒരു തണുത്ത പ്ലേറ്റിലേക്കോ പാത്രത്തിലേക്കോ മാറ്റുക. ചൂടാക്കിയ പാനിൽ തന്നെ വെക്കുകയാണെങ്കിൽ അത് വീണ്ടും ചൂടാകാനും കരിഞ്ഞു പോകാനും സാധ്യതയുണ്ട്. സുഗന്ധവ്യഞ്ജനങ്ങൾ വറുത്തതിനു ശേഷം പൊടിക്കാൻ ആണെങ്കിലും സൂക്ഷിക്കാൻ ആണെങ്കിലും അവ പൂർണമായും തണുക്കാൻ അനുവദിക്കുക.
ശരിയായി സൂക്ഷിക്കുക
സുഗന്ധവ്യഞ്ജനങ്ങൾ വറുത്തതിനു ശേഷം ആദ്യം ചൂട് പോയി തണുക്കാൻ അനുവദിക്കുക. അതിനു ശേഷം ചൂടിൽ നിന്നും വെളിച്ചത്തിൽ നിന്നും മാറ്റി വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിക്കണം. വറുത്തു വെച്ചാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ അത് ഉപയോഗിക്കുന്നതാണ് നല്ലത്.
പാചകത്തിൽ സുഗന്ധം പരത്തുക മാത്രമല്ല രുചിയുടെ വിസ്മയലോകം തുറന്നു തരികയും ചെയ്യുന്നതാണ് സുഗന്ധ വ്യഞ്ജനങ്ങൾ. അതുകൊണ്ടു തന്നെ അത് ശരിയായ വിധത്തിൽ ഉപയോഗിക്കുക എന്നത് പ്രധാനമാണ്.