ആരുമറിയാത്ത കൊലപാതകം; തുമ്പായത് ഒന്നര വർഷത്തിലേറെ കാറിൽ മറഞ്ഞുകിടന്നൊരു മുടിക്കഷ്ണം

Mail This Article
മലപ്പുറം ∙ അതിവിദഗ്ധമായി തെളിവു നശിപ്പിച്ചിട്ടും ഷാബാ ഷരീഫ് വധക്കേസിൽ തുമ്പായത് ഒന്നര വർഷത്തിലേറെ കാറിൽ മറഞ്ഞുകിടന്നൊരു മുടിക്കഷ്ണം. കൊത്തിനുറുക്കി ആറ്റിലൊഴുക്കിയ മൃതദേഹത്തിന്റെ ഭാഗങ്ങൾക്കായി നാവികസേനാംഗങ്ങളടക്കം തിരച്ചിൽ നടത്തിയിട്ടും ഒന്നും ലഭിച്ചിരുന്നില്ല. അപ്പോഴാണ് ഒരു മുടിക്കഷ്ണത്തിൽനിന്ന് ശാസ്ത്രീയമായി മൈറ്റോകോൺഡ്രിയ ഡിഎൻഎ വേർതിരിച്ചെടുക്കാനായതും അവ ബന്ധുക്കളുടേതുമായി ഒത്തുനോക്കി മരിച്ചത് ഷാബാ ശരീഫ് തന്നെയെന്ന് ഉറപ്പിച്ചതും. ഇതാണ് മൃതദേഹമോ ഭാഗങ്ങളോ കിട്ടാതിരുന്നിട്ടും പ്രതികൾ കുറ്റക്കാരെന്നു തെളിയിക്കുന്നതിലേക്കു നയിച്ചത്.
ശൂന്യതയിൽ നിന്നായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്. തൃശൂർ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലെ സയന്റിഫിക് ഓഫിസർ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ 2 ദിവസമാണ് ഒന്നാം പ്രതി ഷൈബിന്റെ ആഡംബര വീട്ടിലും വാഹനങ്ങളിലുമായി പരിശോധന നടത്തിയത്. ഷൈബിന്റെ കാറിൽനിന്ന് 30 മുടിക്കഷ്ണങ്ങളും ഷാബാ ഷരീഫിനെ തടവിലിട്ടിരുന്ന കുളിമുറിയിൽനിന്ന് വെള്ളം പുറത്തേക്കൊഴുകുന്ന പൈപ്പിൽനിന്നും മറ്റുമായി 12 മുടിക്കഷ്ണങ്ങളും ലഭിച്ചിരുന്നു. എന്നാൽ മുടിയുടെ റൂട്ട് ഇല്ലാതിരുന്നതിനാൽ ഡിഎൻഎ പരിശോധന സാധ്യമല്ലായിരുന്നു. പിന്നീട് എന്തു ചെയ്യുമെന്നായി ആലോചന.

കോശങ്ങൾക്ക് ആവശ്യമായ ഊർജം നൽകുന്ന ഭാഗമായ മൈറ്റോകോൺഡ്രിയയിലുള്ള ഡിഎൻഎ പരിശോധന എന്ന അപൂർവ സാധ്യത നിർദേശിച്ചതും ഫൊറൻസിക് വിദഗ്ധൻ തന്നെ. മുടിക്കഷ്ണങ്ങളിൽനിന്ന് ഇതു കണ്ടെത്താമെന്നായതോടെ പൊലീസിന് ഊർജമായി. എന്നാൽ ഇതിനായി ലക്ഷങ്ങൾ ചെലവുവരുമെന്നത് പൊലീസിന് അടുത്ത പ്രതിസന്ധിയായി. ഇക്കാര്യം സൂചിപ്പിച്ച് അന്നത്തെ ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് സർക്കാരിനു കത്തയച്ചു. അടിയന്തര പ്രാധാന്യം മനസ്സിലാക്കി സർക്കാർ അതിനുള്ള തുക അനുവദിച്ചു. അങ്ങനെ മുടിക്കഷ്ണങ്ങൾ കേന്ദ്ര സർക്കാരിനു കീഴിലുള്ള തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു.

സാധാരണ ഡിഎൻഎയിൽനിന്ന് മാതാവിന്റെയും പിതാവിന്റെയും ജനിതക ബന്ധം കിട്ടുമെന്നതിനാൽ പരിശോധന കുറച്ചുകൂടി എളുപ്പമാണ്. എന്നാൽ മൈറ്റോകോൺഡ്രിയൽ ഡിഎൻഎയിൽനിന്ന് മാതാവിന്റെ ജനിതകബന്ധം മാത്രമേ ലഭിക്കൂ. അതിനാൽ മൈറ്റോകോൺഡ്രിയയിൽനിന്നു വേർതിരിച്ച ഡിഎൻഎ ഷാബാ ഷരീഫിന്റെ സഹോദരൻ അല്ലാ ബക്കാഷ്, സഹോദരിയുടെ മകൻ ഇസ്മായിൽ എന്നിവരുടേതുമായാണ് ഒത്തുനോക്കിയത്. ഫലം പോസിറ്റീവ്. ഇതോടെ മരിച്ചത് ഷാബാ ഷരീഫ് തന്നെയെന്ന് ഉറപ്പിക്കാനുള്ള തെളിവായി. 5.25 ലക്ഷം രൂപയാണ് ഈ പരിശോധനയ്ക്ക് ചെലവുവന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പി.വിഷ്ണു മനോരമയോടു പറഞ്ഞു.
മുറിവുണക്കുന്ന കോടതിവിധി: ഓർമകളിൽ ഷാബാ ഷെരീഫ്
മഞ്ചേരി ∙ മൈസൂരു രാജീവ് നഗറിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന്റെ മുറിവുണക്കുന്ന വിധിയാണ് ഇന്നലെ കോടതിയിൽ നിന്നുണ്ടായത്. പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് കൊല്ലപ്പെട്ടതാണെന്നും അതിനുത്തരവാദികളാരെന്നും കൃത്യമായി തെളിയിക്കപ്പെട്ട വിധി. കുറ്റക്കാരെന്ന് കോടതി പറഞ്ഞ വിധി കേൾക്കാൻ അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നാരും കോടതിയിലെത്തിയിരുന്നില്ല. 9 മക്കളടങ്ങുന്ന കുടുംബത്തിന്റെ നാഥനെ കൂടിയാണ് ഷാബാ ഷെരീഫിന്റെ കൊലപാതകത്തിലൂടെ നഷ്ടപ്പെട്ടത്. രാജീവ് നഗറിൽ തന്നെയായിരുന്നു ഷാബാ ഷെരീഫിന്റെ ചികിത്സാ കേന്ദ്രം.
മൈസൂരുവിലെ ലോഡ്ജിൽ താമസിക്കുന്ന വയോധികനായ രോഗിയെ ചികിത്സിക്കാനെന്ന വ്യാജേനയാണ് ഷാബാ ഷെരീഫിനെ പ്രതികൾ സമീപിച്ചത്. വീട്ടിൽനിന്ന് കൊണ്ടുപോകുമ്പോൾ ചികിത്സയ്ക്ക് ആകാമെന്ന് ബന്ധുക്കളും കരുതി. അത് അവസാന യാത്രയാകുമെന്ന് കരുതിയിരുന്നില്ല. ബന്ധുക്കൾ സരസ്വതിപുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. 3 വർഷത്തിനു ശേഷം നിലമ്പൂർ പൊലീസ് അന്വേഷിച്ച് എത്തിയപ്പോഴാണ് തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിതാണെന്നും മരണം സംബന്ധിച്ച മറ്റു വിവരങ്ങളും കുടുംബം അറിയുന്നത്.
ഷാബയെ ചങ്ങലയിൽ ബന്ധിച്ച് പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പ്രതികൾ പെൻഡ്രൈവിലാക്കി സൂക്ഷിച്ചിരുന്നു. അവ പൊലീസിനു കൈമാറിയിരുന്നു. പൊലീസ് ബന്ധുക്കളെ കാണിച്ചാണ് ഷാബാ തന്നെയാണെന്ന് സ്ഥിരീകരിച്ചത്. കോടതിയിൽ വലിയ സ്ക്രീനിൽ ഈ ദൃശ്യങ്ങൾ കാണിച്ചപ്പോൾ അവിടെയുണ്ടായിരുന്ന ഷാബാ ഷെരീഫിന്റെ ഭാര്യ കുഴഞ്ഞുവീണത് നൊമ്പരക്കാഴ്ചയായിരുന്നു.